ഫാ. ജോസ് കടവില്‍ച്ചിറയില്‍
ലോകത്തിലേക്ക് കടന്നു വരുന്ന മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും സസ്യലതാദികള്‍ക്കുമെല്ലാം രൂപാന്തരീകരണം സംഭവിക്കുന്നു ഈ രൂപാന്തരീകരണാവസ്ഥയ്ക്ക് നാം പറയുന്നത് വളര്‍ച്ചയെന്നാണ്. മനുഷ്യന്റെ വളര്‍ച്ചയ്ക്ക് നാം പ്രത്യേക പ്രാധാന്യം കൊടുക്കുന്നു. കാരണം അവന്‍ ദൈവത്തിന്റെ പ്രിയപ്പെട്ട സൃഷ്ടിയാണ്. അവന്റെ വളര്‍ച്ചയെ നാലു ഘടകങ്ങളായിട്ടാണ് കാണുന്നതും.
1. ശാരീരിക വളര്‍ച്ച: മറ്റു ജീവജാലങ്ങള്‍ക്കുള്ളതുപോലെ പ്രകൃതിയാലുള്ള അവന്റെ വളര്‍ച്ചയാണിത്.
2. ബുദ്ധിപരമായ വളര്‍ച്ച: ഇതുംഅവനില്‍ സൃഷ്ടി കര്‍ത്താവിനാല്‍ത്തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന വളര്‍ച്ചയാണ്.
ഉദാ: തന്റെ സൃഷ്ടികള്‍ക്കെല്ലാം മനുഷ്യനെക്കൊണ്ടാണ് ദൈവം പേരുകള്‍ നിശ്ചയിച്ചത്. (ഉല്പ. 1:26-27. ഉല്‍പ. 2:19)
3. മാനസീക വളര്‍ച്ച: കാര്യങ്ങള്‍ വിവേചിച്ചറിയുന്നതിനും നല്ലതും ചീത്തയും മനസ്സിലാക്കുന്നതിനുമുള്ള വളര്‍ച്ചയാണ്. വിശ്വസ്തതാപൂര്‍വ്വം ജീവിക്കണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടതും നീയാണ്. ജീവനും മരണവും നിന്റെ മുന്നിലുണ്ട്. ഇഷ്ടമുള്ളത് നിനക്ക് സ്വീകരിക്കാം. പ്രഭാഷ. 15:14-20).
4. ആത്മീയ വളര്‍ച്ച: നശ്വരതയും അനശ്വരതയും തിരിച്ചറിയുക എന്നതാണ് ഈ വളര്‍ച്ച. ഈ ലോക ജീവിതം ക്ഷണികമാണെന്നും ദൈവം തനിക്കനുവദിച്ച ലോകജീവിതക്രമങ്ങളിലൂടെ ദൈവത്തോടുള്ള നിത്യ ജീവിതത്തിലേക്ക് പ്രവേശിക്കേണ്ടവനാണ് താനെന്നുമുള്ള ബോധ്യം ആര്‍ജ്ജിക്കുക ഈ വളര്‍ച്ചയിലൂടെയാണ്. നശ്വരതയില്‍ വിതയ്ക്കപ്പെടുന്നു. അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു 1 കൊരി. 15:42-43) ദൃശ്യമായവയല്ല അദൃശ്യമായവയാണ് ഞങ്ങളുടെ ലക്ഷ്യം (2കൊരി. 4:18).
ഈ നാലു വളര്‍ച്ചാ ഘടകങ്ങളും സമന്വയിക്കുമ്പോഴാണ് മനുഷ്യന്‍ പക്വതയാര്‍ന്ന വ്യക്തിത്വത്തിന് ഉടമയായിത്തീരുന്നതും. ഈ വ്യക്തി പ്രഭാവം അവന്റെ കുടുംബത്തിലും സമുദായത്തിലും സമൂഹത്തിലുമെല്ലാം പ്രകടമാകുകയും അവയൊക്കെ വളര്‍ച്ചയുടെ പാതയിലൂടെ ദൈവപ്രീതിക്കും മനുഷ്യപ്രീതിക്കും കാരണമാകുകയും ചെയ്യും. അതുകൊണ്ടാണ് പാപകരമായ അവസ്ഥയില്‍ ജീവിച്ച മനുഷ്യവര്‍ഗ്ഗത്തെ രക്ഷയിലേക്ക് കൊണ്ടുവരാന്‍ അബ്രഹത്തിലൂടെ ഇസ്രയേല്‍ ജനത്തെയും യേശുവിലൂടെ ക്രിസ്ത്യാനികളെയും ദൈവം തിരഞ്ഞെടുത്തത്. ദൈവാനുഗ്രഹമുള്ള മനുഷ്യന്‍ തന്നെയും തന്റെ കുടുംബത്തെയും താനുള്‍പ്പെടുന്ന സമുദായത്തെയും വളര്‍ത്തി ലോകത്തിനും സ്വര്‍ഗ്ഗരാജ്യത്തിനും വേണ്ടപ്പെട്ടതാക്കി മാറ്റുന്നു.
കേരളത്തിലും, പുറത്തും, ചില പ്രത്യേകതകളാല്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു ക്രിസ്തീയ സമുദായമാണ് ക്‌നാനായക്കാര്‍. ഇവര്‍ ക്‌നാനായ കത്തോലിക്കരും ക്‌നാനായ യാക്കോബായ സമുദായവും ഉണ്ട്. പാരമ്പര്യങ്ങളുടെയും വംശശുദ്ധിയുടെയും ആചാരാനുഷ്ടാനങ്ങളുടെയും പ്രത്യേകതകള്‍ക്കൊണ്ടും സ്‌നേഹബന്ധങ്ങളുടെ തനിമയുള്ള കെട്ടുറപ്പുകൊണ്ടും ആഗോള ജനജീവിതത്തില്‍ സവിശേഷ സ്ഥാനം നേടിയെടുത്തവരാണ് ക്‌നാനായക്കാര്‍. കുടിയേറ്റജനതയായ ഇവര്‍ പേര്‍ഷ്യന്‍ സഭാധിപനായ കിഴക്കിന്റെ കത്തോലിക്കാ ബാവയുടെ അനുഗ്രഹാശ്ശിസുകളോടെ ദക്ഷിണ മെസ്സപ്പൊട്ടോമയിയില്‍ നിന്നും എ.ഡി. 345 ല്‍ അന്തര്‍ദ്ദേശീയ വ്യാപാപിയും കറയറ്റ ക്രിസ്തു വിശ്വാസിയും സമുദായ സ്‌നേഹിയുമായിരുന്ന ക്‌നായിതോമ്മായുടെ നേതൃത്വത്തില്‍ ഏഴു ഇല്ലം 72 കുടുംബങ്ങളിലായി 400 ഓളം സ്ത്രീപുരുഷന്മാര്‍ അന്നത്തെ വ്യാപാരകേന്ദ്രമായ കൊടുങ്ങല്ലൂരില്‍ കപ്പല്‍ മാര്‍ഗ്ഗം കുടിയേറ്റം നടത്തിയവരുടെ പിന്‍തലമുറക്കാരാണ് ക്‌നാനായക്കാര്‍. മാര്‍ യൗസേഫ് മെത്രാനെയും നാലു വൈദികരെയും കുറെ ശെമ്മാശന്‍മാരെയും കൂട്ടി ബാവ ഈ സംഘത്തെ അയച്ചപ്പോള്‍ ക്ഷയിച്ചു കൊണ്ടിരുന്ന കേരള സഭയ്ക്ക് ശക്തി പകരുന്ന ഒരു പ്രേഷിത സംരരക്ഷമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. അന്നത്തെ നാടുവാഴിായിരുന്ന ചേരമാന്‍പെരുമാളും നാട്ടുകാരായ മാര്‍ത്തോമാ ക്രിസ്ത്യാനികളും ഈ നവാഗതരെ സ്വീകരിക്കുകയും അവര്‍ക്ക് താമസത്തിനും ആരാധനാലയങ്ങള്‍ പണിയുന്നതിനും ആവശ്യമായ സ്ഥലസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തു. തങ്ങളുടെ കുടിയേറ്റത്തിലൂടെ കത്തോലിക്കാ ബാവയുടെ അനുഗ്രഹപ്രകാരം പൗരസ്ത്യ സുറിയാനി ആരാധനാക്രമത്തിലൂടെ കേരളത്തില്‍ ക്രിസ്ത്യീയ വിശ്വാസം വര്‍ദ്ധിപ്പിക്കുകയും ‘നിങ്ങളുടെ പിതാവ് നിങ്ങളോട് കരുണ കാണിച്ചതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ എന്ന ക്രിസ്തീയ ചൈതന്യം ജാതിമത ഭേദമെന്യേ പകര്‍ന്നു കൊടുക്കുവാന്‍ ഈ സമുദായത്തിനു സാധിച്ചതും നല്ലൊരു ആത്മീയ നേതൃത്വത്തിന്റെ കീഴില്‍ ഈ സമുദായം ജീവിതം ക്രമപ്പെടുത്തിയതുകൊണ്ടു മാത്രമാണ്. സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവരെയും വളര്‍ത്താന്‍ സമുദായത്തിനു സാധിച്ചതും ഈ നേതൃത്വഗുണപാടവം ഒന്നുകൊണ്ടു മാത്രമാണ്. ചേരമാന്‍ പെരുമാള്‍ രാജാവുമായി കാനായി തോമ്മയ്ക്കുണ്ടായിരുന്ന സ്‌നേഹബന്ധത്തിന്റെ ഫലമായി ബഹുമാന്യ വ്യക്തികള്‍ക്ക് നല്‍കിയിരുന്ന 72 പദവികള്‍ ഈ സമുദായത്തിന് ലഭിച്ചത് സഹോദര സമുദായങ്ങള്‍ക്കും നല്‍കാന്‍ ഇവര്‍ തയ്യാറായി എന്നതും കൊണ്ട് അക്കാലഘട്ടത്തില്‍ ക്രിസ്ത്യീയ സഭയുടെ വളര്‍ച്ചയില്‍ അതൊരു പൊന്‍തൂവലാക്കാന്‍ സാധിച്ചു. ഹിന്ദുവില്‍പോയാലും ബന്ധങ്ങള്‍ വേര്‍പെടാതോര്‍ക്കണം മക്കളേ എന്ന കാരണവന്മാരുടെ ഉപദേശം ശിരസ്സാവഹിച്ചുകൊണ്ട് നിന്റെ പൂര്‍വ്വികരുടെ ഗോത്രത്തില്‍ നിന്നു മാത്രം ഭാര്യയെ സ്വീകരിക്കണം. അന്യജാതികളില്‍ നിന്നും വിവാഹം ചെയ്യരുത് (തോബി 4:12-13) എന്ന ദൈവികകല്‍പ്പനയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് അന്ന് കുടിയേറിയവരും പിന്‍തലമുറക്കാരും സ്വവംശവിവാഹനിഷ്ഠ പാലിച്ചുകൊണ്ടു മാര്‍ത്തോമാ നസ്രാണി സമൂഹത്തില്‍ ഒരു വ്യതിരിക്ത സമുദായമായി നിലനില്‍ക്കുന്നതിനാലാണ് ക്‌നാനായ സമുദായം ഈ നൂറ്റാണ്ടിലും ശ്രദ്ധേയമാകുന്നത്.
പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും സ്‌നേഹബന്ധങ്ങളുടെ കെട്ടുറപ്പും സ്വവംശ വിവാഹ നിഷ്ഠയും അത്മീയ നേതൃത്വത്തോടുള്ള വിധേയത്വവും പാലിച്ചുള്ള സമുദായാംഗങ്ങളുടെ ജീവിതം സമുദായത്തിനകത്തും പുറത്തും ഒത്തിരിയേറെ വളര്‍ച്ചക്കു കാരണമായിട്ടുണ്ട്. ബഹുമാനപ്പെട്ട വൈദികരോടും സന്യസ്തരോടും നല്ല സ്നേഹാദരവുകള്പ്രകടിപ്പിക്കുന്
ഏതൊരു മനുഷ്യന്റെയും വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്നത് അവനിലുള്ള അഹങ്കാരവും അസൂയയും സ്വാര്‍ത്ഥതയും ദ്രവ്യാഗ്രഹവും ഒക്കെയാണ്. ഇത്തരം പൈശാചിക ബന്ധങ്ങള്‍ക്ക് സമുദായാംഗങ്ങള്‍ ചിലപ്പോഴെല്ലാം അടിമപ്പെട്ടുപോകുന്നുണ്ടോ എന്നൊരു തോന്നല്‍കാരണം സമ്പത്തായാല്‍ ആരോടും എവിടെയും എന്തും പറയാം പ്രവര്‍ത്തിക്കാം എന്ന അഹങ്കാരം ഈ സമുദായത്തില്‍ കൂടിവരുന്നു (ഉദാ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്‌നാനായ സമുദായാദ്ധ്യക്ഷന്‍ മെത്രാപ്പോലീത്തയെ എന്‍ഡോഗമി സംബന്ധിച്ച് അസഭ്യം പറഞ്ഞത് അഹങ്കാരാത്താലാണ്. ഇതും സമുദായത്തിന്റെ തളര്‍ച്ചയാണ് കാണിക്കുന്നത്.
ക്‌നാനായക്കാര്‍ അതിഥി സല്‍ക്കാരപ്രിയരാണ് എന്ന ഒരു ചൊല്ല് സമുദായത്തിലുണ്ട്. ്ത് നമ്മുടെ കൂദാശ സ്വീകരണങ്ങള്‍ ആഘോഷമായി നടക്കുമ്പോള്‍ കാണാം. പ്രത്യേകിച്ച് വിവാഹ അവസരങ്ങളില്‍ അതിഥി സല്‍ക്കാരം ദൈവ കല്പനയാണ് ‘അബ്രഹാം ദൈവനിശ്ചയപ്രകാരം മൂന്ന് ദൂതന്മാര്‍ക്ക് വിരുന്ന് നല്‍കുന്നു (ഉല്പത്തി 18:6-8). (നിയമ. 26:12-13, റോമ. 12:13, രാജ 17:8-24, 2സാമു. 9:5-8)
യേശുവും ധാരാളം വിരുന്നുകളില്‍ പങ്കെടുത്തതായി കാണുന്നു. സ്‌നേഹബന്ധങ്ങളുടെ കെട്ടുറപ്പിനും സാഹോദര്യ കൂട്ടായ്മയ്ക്കും അതിലൂടെ ഒത്തിരി കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനുമാണ് വിരുന്ന്. എന്നാല്‍ ചിലപ്പോഴെല്ലാം ഈ വിരുന്ന് പൊങ്ങച്ചത്തിനും ധൂര്‍ത്തിനും മാത്രമായി അധപതിക്കുകയും സാഹോദര്യവും സ്‌നേഹവും നഷ്ടമാകുകയും ചെയ്യുന്നില്ലേ? ആതിഥേയന്‍ നല്‍കുന്ന വിരുന്ന് ആവോളം ആസ്വദിച്ചതിനുശേഷം ചെറിയ വീഴ്ച കണ്ടാല്‍ അവനെ അപമാനിക്കുന്നത് സമുദായത്തിന്റെ വളര്‍ച്ചയല്ല, തളര്‍ച്ചയാണ് കാണിക്കുന്നത്.
സമുദായത്തിലെ സഹോദരസ്‌നേഹം ശ്ലാഘനീയമായിരുന്നു. അബ്രഹാം തന്നോട് മത്സരിച്ച സഹോദരന്‍ ലോത്തിന് എല്ലാം വിട്ടുകൊടുത്തുവെങ്കിലും പിന്നീട് അവനൊരാപത്തുണ്ടായപ്പോള്‍ അവനെ സഹായിച്ച (ഉല്‍പത്തി 14:1-16) പാരമ്പര്യമാണ് ക്‌നാനായക്കാരുടേത്. എന്നാല്‍ ഇന്ന് സമ്പത്തിന്റെ കൊഴുപ്പില്‍ അതിന് മാറ്റം വന്നോ എന്നൊരു ചിന്ത. ഉദാ. സ്വന്തം സഹോദരന്റെ മക്കളെപ്പറ്റി ദൂഷ്യം പറഞ്ഞ് കല്യാണം മുടക്കിയതിന്റെ പേരില്‍പ്രശ്‌നങ്ങളുണ്ടായതായി അറിയാം.
പൂത്തുലഞ്ഞു നിന്ന അത്തിമരത്തില്‍ നിന്നും ഫലംകിട്ടാതെ വന്നപ്പോള്‍യേശു ആ മരത്തെ ശപിച്ചുണക്കിക്കളഞ്ഞു (മര്‍ക്കോസ് 11:12-14). നമ്മുടെ ക്‌നാനായ സുദന്ദരന്മാരും സുന്ദരികളും ചിലപ്പോഴൊക്കെ ഈ അത്തിമരത്തിന് സദൃശ്യമായി ഭവിക്കുന്നു. പരസ്പരം മോഹന വാഗ്ദാനങ്ങള്‍ നല്‍കി കാര്യസാധ്യത്തിനു ശേഷം തള്ളിക്കളഞ്ഞ് അവസാനം ഒന്നിനും കൊള്ളാത്തവരായി കരിഞ്ഞുണങ്ങിപ്പോകുന്ന യുവജനങ്ങളുടെ എണ്ണം കൂടിവരുന്നത് സമുദായത്തിന്റെ തളര്‍ച്ചയെ സൂചിപ്പിക്കുന്നു ‘നിന്റെ പൂര്‍വ്വികരുടെ ഗോത്രത്തില്‍ നിന്നുമാത്രം ഭാര്യയെ സ്വീകരിക്കുക. അന്യജാതികളില്‍ നിന്നുംവിവാഹം ചെയ്യരുത് (തോബി 4:12-13) എന്ന് ചെറുപ്പം മുതല്‍ പഠിക്കുന്ന മക്കള്‍ വിവാഹപ്രായം എത്തുമ്പോള്‍ സ്വന്തം സുഖേച്ഛയ്ക്ക് വേണ്ടി കാരണവന്മാരെയും സമുദായത്തെയും തള്ളിപ്പറഞ്ഞ് ഇതര ജാതി സമുദായത്തില്‍ ചേക്കേറുന്ന, ഈ ശപിക്കപ്പെട്ട സന്തതികള്‍ സമുദായത്തെ വളര്‍ത്തുന്നില്ല, തളര്‍ത്തുകയാണ് ചെയ്യുന്നത്. ‘കാരണമായവരെല്ലാവരും കൂടിയിട്ട് നന്‍മ വരുത്തിത്തരേണം’ എന്ന അനുഗ്രഹ കീര്‍ത്തനം ആലപിച്ച് കയറി വരുന്ന മക്കളും മരുമക്കളും വാര്‍ദ്ധക്യത്തിന്റെ ശാരീരിക ക്ലേശങ്ങളാല്‍ വലയുന്ന കാരണവന്മാരോട് പ്രവര്‍ത്തിക്കുന്നത് മോശമായിട്ടാണ് എന്നത് വര്‍ദ്ധിച്ചുവരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി അവരെ നാട്ടില്‍ ഉപേക്ഷിച്ച് വിദേശത്ത് ജോലിക്കുപോകുന്നവര്‍. ഭാര്യയുണ്ടായിട്ടും ഇല്ലാതെ ജീവിക്കുന്ന ഭര്‍ത്താക്കന്മാര്, അമ്മയുണ്ടായിട്ടും ഇല്ലാത്തവരായി ജീവിക്കുന്ന മക്കള്‍, ഇവിടെ കുടുംബബന്ധങ്ങള്‍ തകരുന്നു മരണ സമയത്ത് ആശീര്‍വാദം കൊടുക്കുവാന്‍ മക്കളോ കൊച്ചുമക്കളോ ഇല്ലാതെ മരിക്കുന്ന കാരണവന്മാര്‍. ഇതൊക്കെ ഈ സമുദായത്തിന്റെ തളര്‍ച്ചയാണ് കാണിക്കുന്നത് (ജീവിത സന്ധാരണത്തിനായി വിദേശത്ത് ജോലിചെയ്യുന്നവരെപ്പറ്റിയല്ലപ പറയുന്നത്. മറിച്ച് സമ്പത്തിനായി നാടും വീടും വിട്ട് ഉപേക്ഷിക്കുന്നവര്‍).
സമുദായത്തിന്റെ പാരമ്പര്യങ്ങളും സംവവംശ നിഷ്ടയും കാത്ത് സൂക്ഷിക്കുന്നതിന് ആത്മീയ നേതൃത്വത്തോടൊപ്പം അല്‍മായ നേതൃത്വവും ആവശ്യമാണ് എന്ന സഭാ പിതാക്കന്മാരുടെ കാഴ്ചപ്പാടില്‍ രൂപം കൊണ്ടതാണ്. കെ.സി.സി., കെ.സി.ഡബ്ല്യു.എ. കെ.സി.വൈ.എല്‍. എന്നീ സമുദായ സംഘടനകള്‍ സമുദായ അംഗങ്ങളില്‍ അതിന്റെ പാരമ്പര്യത്തനിമയെക്കുറിച്ചും സ്വവംശ ശുദ്ധിയെക്കുറിച്ചും സമുദായത്തെക്കുറിച്ചുമൊക്കെ ബോധ്യംകൊടുക്കയെന്നതാണ് ഈ സംഘടനകളുടെ മുഖ്യ ഉത്തരവാദിത്വം. ഇതിന് ആത്മീയ നേതൃത്വത്തോട് ചേര്‍ന്ന പ്രവര്‍ത്തിക്കേണ്ടതിനു പകരം ചിലപ്പോഴെല്ലാം ഈ നേതൃത്വത്തെ മറികടക്കുമ്പോള്‍ അത് സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായിതീരുന്നു. ഇടവകയുടെ ആത്മീയവും ഭൗതികവുമായ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുകയും വളര്‍ന്നു വരുന്ന തലമുറയെ ക്‌നാനായ സമുദായത്തിന്റെ മഹനീയതയിലേക്ക് ആനയിക്കുവാന്‍ ഈ സംഘടനകള്‍ക്ക് സാധിക്കണം. അതുപോലെ ജന്മം കൊണ്ടും ജന്മം കൊടുത്തും സമുദായത്തെ വളര്‍ത്താന്‍ വിവാഹമെന്ന കൂദാശ സ്വീകരണത്തിനും അതിന്റെ ആചാരങ്ങളിലും പാലിക്കേണ്ട സമുദായ നിഷ്ഠകള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ ഈ സംഘടനകള്‍ക്ക് സാധിക്കണം. ഭൗതിക സുഖഭോഗങ്ങളോടുള്ള ആസക്തിയില്‍ അനുകരണ പ്രിയം കൂടി മക്കളെ സാമ്പത്തിക വര്‍ദ്ധനവിനായി പ്രേരിപ്പിക്കുന്ന മാതാപിതാക്കളെ ബോധവല്‍ക്കരണത്തിലൂടെ നന്മയിലേക്ക് നയിക്കുവാന്‍ ഈ സംഘടനകള്‍ക്കാവണം ഇല്ലെങ്കില്‍ അത് സമുദായത്തെ തളര്‍ച്ചയിലേക്ക് നയിക്കും.
വളര്‍ച്ചയുടെ ഒരു പ്രധാന ഘടകമാണ് ആശയവിനിമയം ഇതിലൂടെ പരസ്പരം മനസ്സിലാക്കാനും തള്ളേണ്ടത് തള്ളാനും സ്വീകരിക്കേണ്ടത് സ്വീകരിക്കാനും സാധിക്കും. സമുദായ അംഗങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വാര്‍ത്താ മാധ്യമങ്ങള്‍ നമുക്ക് ആവശ്യമാണ്. നമ്മുടെ മുഖപത്രമായ ്പ്‌നാദേശ്, തിരുഹൃദയമാസിക, ക്‌നാനായ മാട്രിമോണിയല്‍ ഓണ്‍ലൈന്‍, അപ്‌നാദേശ് ഓണ്‍ലൈന്‍, ക്‌നാനായ പത്രം ഓണ്‍ലൈന്‍, ക്നാനായ വോയിസ് ഓണ്‍ലൈന്‍ മുതലായവ. ഇതൊക്കെ സമുദായ അംഗങ്ങളെതമ്മില്‍ ബന്ധിപ്പിക്കുന്നതിനും രൂപതാ വാര്‍ത്തകള്‍ അറിയിക്കുന്നതിനും സഹായിക്കുന്ന മാധ്യമങ്ങളാണ്. എന്നാല്‍ എത്രപേര്‍ ഇത് ഫലപ്രദമായി ഉപയോഗിക്കുന്നൂ എന്നത് ചിന്തനീയമാണ്. ഈ മാധ്യമങ്ങളുടെ പ്രചാരണത്തിന് ഈ സംഘടനകള്‍ താല്‍പര്യം കാണിക്കണം. എല്ലാ കുടുംബങ്ങളിലും ചുരുങ്ങിയത് ‘അപ്‌നാദേശ്’ എങ്കിലും എത്തിക്കണം. അത് വരുത്താന്‍ നിവൃത്തിയില്ലാത്ത കുടുംബങ്ങളില്‍ കെ.സി.സി. യുടെ ഉത്തരവാദിത്വത്തിലെങ്കിലും ഇത് എത്തിക്കാത്ത അവസ്ഥ ഉണ്ടായില്ലെങ്കില്‍ അത് സമുദായ തളര്‍ച്ചയ്ക്ക് കാരണമായിത്തീരും. ഇവിടെ ഈ സംഘടനകള്‍ ചെയ്യുന്ന ഒത്തിരി ഒത്തിരി മഹത്തായ കാര്യങ്ങള്‍ വിസ്മരിക്കുന്നില്ല. മറിച്ച് ‘ചുട്ടയിലെ ശീലം ചുടലവരെ’ എന്ന ചൊല്ല് പോലെ കുട്ടികളിലെ മതബോധനം ഭക്തസംഘടനാ പ്രവര്‍ത്തനങ്ങള്‍, സമുദായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍, സെമിനാറുകള്‍, ക്യാമ്പുകള്‍, വി. കുര്‍ബാനയില്‍ ഉള്ള ഇവരുടെ പങ്കാളിത്തം, ഇടവകയുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം ഈ സംഘടനകളുടെ കാര്യമായ പങ്കാളിത്തം ഉണ്ടാകുന്നത് സമുദായ വളര്‍ച്ചയ്ക്ക് സഹായകമായിത്തീരും.
ബുദ്ധിജീവിയും സഖാക്കളുടെ സഖാവുമായ വി. കൃഷ്ണപിള്ള തന്റെ ഒരു കൃതിയില്‍ പറയുന്നത് ‘ഒരു മനുഷ്യന്‍ വളര്‍ച്ച പ്രാപിച്ചു എന്ന് പറയണമെങ്കില്‍ അവന്‍ തന്റെ സഹജീവിയുടെ ആവശ്യം അറിയുകയും സഹായിക്കുകയും ചെയ്യുന്നതിലാണ്’ യേശുവിന്റെ വാക്കുകളില്‍ നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക’ കാരുണ്യവര്‍ഷ സമാപനത്തില്‍ അഭിവന്ദ്യ മൂലക്കാട്ട് പിതാവ് പറഞ്ഞത് ‘കാരുണ്യ പ്രവര്‍ത്തികള്‍ ഇവിടെ അവസാനിക്കുന്നില്ല. അത് ഇനിയും തുടരണം. ഈ വര്‍ഷം 19 കോടിയോളം രൂപയുടെ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ സാധിച്ചത് നമ്മുടെ സമുദായ അംഗങ്ങളുടെ നല്ല മനസ്സും സന്‍മനോഭാവവുംകൊണ്ടാണ്’ പിതാവിന്റെ ഈ വാക്കുകള്‍ അന്വര്‍ത്ഥമാക്കുവാന്‍ നമുക്ക് സാധിക്കണം.
ദൈവം സ്‌നേഹിക്കുന്ന ദൈവത്തെ സ്‌നേഹിക്കുന്ന ഈ സമുദായത്തിലെ അംഗങ്ങളാകുവാന്‍ സാധിച്ചതില്‍ നമുക്ക് അഭിമാനിക്കാം. ഒപ്പം അവിടുത്തെ പുത്രനായ യേശുവിന്റെ ചൈതന്യം ജീവിത വ്രതമാക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുമ്പോള്‍ നാം വളരുന്നതോടൊപ്പം നമ്മുടെ സമുദായവും വളരും. അപ്പോള്‍ അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ വാക്കുകളില്‍ ‘സൂര്യചന്ദ്രന്മാര്‍ ഉള്ളിടത്തോളം കാലം ഈ സമുദായം നശിക്കുകയില്ല.’ കാരണം ‘നാം ജഡത്തിന്റെ വ്യാപാരങ്ങളിലല്ല ജീവിക്കേണ്ടത്. മറിച്ച് നമ്മുടെ പൂര്‍വ്വികരും ആത്മീയ ഗുരുക്കന്മാരും കാണിച്ചുതന്ന ആത്മാവിന്റെ ഫലങ്ങളില്‍ ജീവിക്കുക’ (ഗലത്തി 5:16-25). പരസ്പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും ജഡികാസക്തരും ആഡംബര പ്രിയരും വ്യര്‍ത്ഥാഭിമാനികളും ആകാതെ ജീവിച്ച് സ്വയം വളരുകയും മറ്റുള്ളവരെ വളര്‍ത്തുകയും ചെയ്യാം. സമുദായ സ്‌നേഹിയായ ഓരോ ക്‌നാനായക്കാരനും ചിന്തിക്കണം ഞാന്‍ സമുദായത്തെ വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ ചെയ്യുന്നതെന്ന്. ഒത്തൊരുമിച്ച് കപ്പല്‍കയറിയതുപോലെ ഒത്തൊരുമിച്ച് ഒരുമയോടെ ജീവിക്കുന്നവനാണ് യഥാര്‍ത്ഥ ക്‌നാനായക്കാരന്‍.