Breaking news

യു കെ ക്നാനായ സമുദായത്തിന് ആവേശമായി ആസ്ഥാന മന്ദിരം

ജോഷി പുലിക്കുട്ടിൽ

യുകെയിലെ ക്നാനായ മക്കളുടെ തറവാട് എന്ന സ്വപ്നത്തിൽ ഉടലെടുത്ത ആസ്ഥാനമന്ദിരം സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലവും തുടർച്ചയായ അഗ്നി ബാധയായാലും നാമാവശേഷമായ അവസ്ഥയിൽ നിന്ന് പുനർ നിർമ്മിച് അതിമനോഹരമായ നിർമ്മിതിയായി ഇന്ന് ജനങ്ങൾക്ക് സമർപ്പിച്ചു.

ക്നാനായ സമുദായത്തിന്റെ തിലകക്കുറിയായ വുൾവേർഹംപ്റ്റനിലെ ആസ്ഥാന മന്ദിരത്തിലേക്ക് യുകെ കെസിഎയുടെ പ്രസിഡന്റ് സിബി കണ്ടത്തിൽ നാട മുറിച്ച് നടന്നുകയറിയപ്പോൾ നട വിളികളുടെയും മർത്തോമൻ ഈരടികളാലും മുഖരിതമായ അന്തരീക്ഷത്തിൽ ഫാദർ സുനി പടിഞ്ഞാറേക്കര പുതിയ മന്ദിരത്തിന്റെ വെഞ്ചരിപ്പു കർമ്മം നിർവഹിച്ചു.

600 പേർക്ക് ഇരിക്കാവുന്ന മെയിൻ ഹാളും സ്റ്റേജ് ഉൾപ്പെടുന്ന വലിയ ഓഡിറ്റോറിയവും 100 പേരെ ഉൾക്കൊള്ളാവുന്ന ചെറിയ ഹാളും നൂറിൽപരം കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന സൗകര്യവും ഉൾപ്പെടുന്ന ഒന്നേകാൽ ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഈ ആസ്ഥാന മന്ദിരം ഓരോ ക്നാനായ കാരന്റെയും സമുദായ വികാരത്തിന്റെ പ്രതിഫലനമാണ്.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് രാവിലെ തന്നെ തങ്ങളുടെ വിയർപ്പിന്റെ വില കൊണ്ട് നിർമ്മിച്ച ഈ മന്ദിരത്തിന്റെ ഉദ്ഘാടനവും വെഞ്ചരിപ്പും കാണുവാൻ നിരവധി ആളുകളാണ് എത്തിച്ചേർന്നത്.

യുകെ കെസിഐയുടെ സെൻട്രൽ കമ്മിറ്റിയും നാഷണൽ കൗൺസിലും ഒരു വർഷം അധികമായി ചുമതല തുടർന്നതിന്റെ ഫലമാണ് ഈ മനോഹര മന്ദിര പണി ഇത്രവേഗം പൂർത്തിയാക്കുവാൻ സാധിച്ചത്.

മണ്ണിനോടും മാമലയോടും മലമ്പാമ്പിനോടും പടപൊരുതിയ പൂർവികരുടെ രക്തം സിരകളിലോടുന്ന ക്നാനായക്കാരുടെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ സകല പ്രതിബന്ധങ്ങളും തകർന്നു വീഴുന്ന കാഴ്ചയായത് ഒരു വർഷം നീണ്ട കെട്ടിട നിർമിതി വീഡിയോ സാക്ഷ്യപ്പെടുത്തുന്നു.

ചാരത്തിൽ നിന്ന് ഉയർന്ന ഫിനിക്സ് പക്ഷിയെ പോലെ ക്നാനായക്കാരുടെ സമുദായ താൽപര്യത്തിന്റെ തിലകക്കുറിയായി ആസ്ഥാന മന്ദിരം പുനരാവിഷ്കരിച്ചപ്പോൾ ഓരോ ക്നാനായക്കാരനും അഭിമാനത്തിന്റെ നിമിഷമാണ് അനുഭവിച്ചത്.

ശ്രീ സിബി കണ്ടെത്തലിന്റെയും സിറിൽ പനങ്കാല യുടെയും നേതൃത്വത്തിലുള്ള സെൻട്രൽ കമ്മിറ്റിയുടെ നിശ്ചയദാർഢ്യവും അവരോടൊപ്പം നിസ്വാർത്ഥ സഹകരണത്തോടെ ചേർന്നുനിന്ന ബിൽഡിംഗ് കമ്മിറ്റിയും ആണ് ഇത്ര വേഗത്തിൽ ഈ പണി പൂർത്തിയാക്കുവാൻ സാധിച്ചതിന്റെ പിന്നിൽ.
ജൂലൈ 12ന് 10000രത്തിൽപരം ക്നാനായക്കാരുടെ മഹാസംഗമമായ യുകെ കെ സി എ കൺവെൻഷന് മുന്നോടിയായി ആസ്ഥാനം മന്ദിരം സമുദായത്തിന് സമർപ്പിക്കാൻ സാധിച്ചത് സെൻട്രൽ കമ്മിറ്റിയുടെ വാഗ്ദാന പൂർത്തീകരണത്തിന്റെ മാകുടോദാഹരണമാണ്. ആട്ടവും പാട്ടുമായി ആഘോഷത്തിന്റെ ഒടുവിൽ വിഭവ സമൃദ്ധമായ ഭക്ഷണത്തിനുശേഷം ഇനി ജൂലൈ 12ന് കൺവെൻഷൻ കാണാം എന്ന് പറഞ്ഞ് തങ്ങളിൽ കെട്ടിപ്പിടിച്ച് യാത്ര പറയുമ്പോൾ രക്തം രക്തത്തെ തിരിച്ചറിയുന്ന ഒരു സമുദായത്തിന്റെ ഒത്തൊരുമയുടെ മറ്റൊരു അധ്യായമാണ് ഈ ദിവസം ചരിത്രത്തിൽ എഴുതിയത്

 

Facebook Comments

Read Previous

നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു

Read Next

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പെന്തക്കുസ്താ തിരുനാളിനും എഴുത്തിനിരുത്തലിനും മാർ. ജോർജ്ജ് പള്ളിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു.