
മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
കുടിയേറ്റ കുലപതി ക്നായിത്തോമായുടെ മക്കൾ ആവേശപൂർവ്വം പങ്കെടുക്കുന്ന, കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലേറ്റുന്ന വടം വലി മത്സരങ്ങൾ ശനിയാഴ്ച്ച ലെസ്റ്ററിലെ ജഡ്ജ്മെഡോ കമ്മ്യൂണിറ്റി സെൻ്ററിൻ വച്ച് നടക്കുകയാണ്.വിജയ കിരീടത്തിൽ മുത്തമിടാനുറച്ച് പരിശീലനങ്ങൾ പൂർത്തിയാക്കി എതിരാളികളെ തറപറ്റിയ്ക്കാൻ പുരുഷടീമുകളും വനിതാ ടീമുകളും തയ്യാറായികഴിഞ്ഞു.
പുരുഷൻമാരുടെ മത്സരത്തിൽ പത്ത് ടീമുകളും വനിതാവിഭാഗത്തിൽ ആറ് ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടണമെന്ന മോഹവുമായി ലിവർപുളിൽ നിന്ന് പുരുഷ വിഭാഗത്തിൽ രണ്ടു ടീമുകൾ പങ്കെടുക്കുമ്പോൾ ആതിഥേയ യൂണിറ്റായ ലെസ്റ്ററിൽ നിന്ന് വനിതാ വിഭാഗത്തിൽ രണ്ടു ടീമുകളാണ് എത്തുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്നവരെ പ്രോൽസാഹിപ്പിയ്ക്കാനും, കായിക വിസ്മയത്തിൻറെ അപൂർവ്വ കാഴ്ച്ച നേരിൽ കാണാനുമായി നൂറുകണക്കിന് ആളുകൾ എത്തുമെന്ന് ഉറപ്പായിരിയ്ക്കുകയാണ്. നാടൻ വിഭവങ്ങളുടെ കലവറയുമായി സതേൺ സ്പൈസസ് മത്സരങ്ങളുടെ തുടക്കം മുതൽ അവസാനം വരെ മത്സരവേദിയുടെ സമീപമുണ്ടാവും.