
ദൈവദാസരായ ബിഷപ് മാത്യു മാക്കീല്‍, ബിഷപ് അലെസ്സാന്‍ഡ്രോ ലബാക്ക ഉഗാര്‍ത്തെ, ദൈവദാസി സി. അഞ്ഞേസെ അറാങ്കോ വെലാസ്‌കസ് എന്നീ പുണ്യാത്മാക്കളുടെ നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട പ്രഖ്യാപനവുമായി വിശുദ്ധരുടെ നാമകരണച്ചടങ്ങുകള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി. ലിയോ പതിനാലാമന്‍ പാപ്പായുടെ അനുവാദം ലഭിച്ചതിനെത്തുടര്‍ന്ന്, മെയ് 22 വ്യാഴാഴ്ച ഡികാസ്റ്ററി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ച്ചെല്ലോ സെമെറാറോയാണ് ഇതുസംബന്ധിച്ച ഡിക്രി പ്രസിദ്ധീകരിച്ചത്. ദൈവദാസനും, 1889 മുതല്‍ കോട്ടയം വികാരിയാത്തില്‍ തെക്കുംഭാഗക്കാര്‍ക്കായുള്ള വികാരി ജനറലും, തുടര്‍ന്ന് 1896 മുതല്‍ ചങ്ങനാശേരിയുടെയും, 1911-ല്‍ ക്‌നാനായ കത്തോലിക്കാര്‍ക്കായി സ്ഥാപിക്കപ്പെട്ട കോട്ടയത്തിന്റെയും പ്രഥമ തദ്ദേശീയ അപ്പസ്‌തോലിക വികാരിയും ആയിരുന്ന ബിഷപ് മാത്യു മാക്കീലിന്റെ വീരോചിതപുണ്യങ്ങള്‍ പരിശുദ്ധ സിംഹാസനം അംഗീകരിച്ചു. കോട്ടയം അതിരൂപതയിലെ വിസിറ്റേഷന്‍ സന്ന്യാസിനീസമൂഹത്തിന്റെ സ്ഥാപകന്‍ കൂടിയാണ് ദൈവദാസന്‍ ബിഷപ് മാത്യു മാക്കീല്‍. 1851 മാര്‍ച്ച് 27-ന് കോട്ടയത്തിനടുത്തുള്ള മാഞ്ഞൂരില്‍ ജനിച്ച അദ്ദേഹം 1914 ജനുവരി 26-ന് കോട്ടയത്തുവച്ചാണ് മരണമടഞ്ഞത്. സ്‌പെയിനിലെ ബെയ്‌സാമയില്‍ 1920 ഏപ്രില്‍ 19-ന് ജനിച്ച മാനുവല്‍ എന്ന ദൈവദാസന്‍ ബിഷപ് അലെസ്സാന്‍ഡ്രോ ലബാക്ക ഉഗാര്‍ത്തെയുടെ ജീവിതസമര്‍പ്പണം പരിശുദ്ധസിംഹാസനം അംഗീകരിച്ചു. 1987 ജൂലൈ 21-ന് എക്വഡോറിലെ തിഗ്വിനോ പ്രദേശത്താണ് അദ്ദേഹം മരണമടഞ്ഞത്. കപ്പൂച്ചിന്‍ സഭംഗമായിരുന്ന അദ്ദേഹം, പൊമാറിയയുടെ സ്ഥാനിക മെത്രാനും, അഗ്വാറികോയുടെ അപ്പസ്‌തോലിക വികാരിയുമായിരുന്നു. കൊളംബിയയിലെ മെദലീനില്‍ 1937 ഏപ്രില്‍ 6-ന് ജനിച്ച മരിയ ന്യേവസ് ദേ മെദലീന്‍ എന്ന ദൈവദാസി സി. അഞ്ഞേസെ അറാങ്കോ വെലാസ്‌കസിന്റെ ജീവിതസമര്‍പ്പണവും വത്തിക്കാന്‍ അംഗീകരിച്ചു. തിരുക്കുടുംബത്തിന്റെ കപ്പൂച്ചിന്‍ മൂന്നാം സഭയെന്ന കോണ്‍ഗ്രിഗേഷനിലെ അംഗമായിരുന്ന സി. മരിയ 1987 ജൂലൈ 21-ന് എക്വഡോറിലെ തിഗ്വിനോ പ്രദേശത്താണ് മരണമടഞ്ഞത്. ദൈവദാസരെ വിശുദ്ധരായി നാമകരണം ചെയ്യുന്നതിലേക്ക് നയിക്കുന്ന പടികളില്‍ ഒന്നാണ് ഈ പ്രഖ്യാപനം. സാധാരണയായി ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടയാളെ പിന്നീട് ധന്യപദവിയിലേക്കും, തുടര്‍ന്ന് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കും ഉയര്‍ത്തിയശേഷമാണ് വിശുദ്ധനായി പ്രഖ്യാപിക്കുക