

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
പ്രവാസലോകത്തെ വിസ്മയക്കാഴ്ച്ചയാണ് UKKCA കൺവൻഷനിലെ സമുദായ റാലി. ഒരേ വേഷമണിഞ്ഞ് മുഴുവൻ യൂണിറ്റുകളും വലുപ്പച്ചെറുപ്പങ്ങളില്ലാതെ അണിനിരക്കുന്ന സമുദായ റാലി UKKCA കൺവൻഷൻറെ മാത്രം പ്രത്യേകതയാണ്. തനിമ പുലർത്തുന്ന മക്കൾ ഒത്തുചേരുന്ന, ഒരു പോയിൻറ് കടക്കാൻ മണിക്കൂറുകളെടുക്കുന്ന സമുദായ റാലിയുടെ കാഴ്ച്ചയ്ക്കായി കാത്തുനിൽക്കാതെ സ്വന്തം യൂണിറ്റിൻറെ ബാനറിനുപിന്നിൽ ക്നാനായക്കാർ കാത്തുനിൽക്കുന്ന കാഴ്ച്ച മറ്റെവിടെയും കാണാനാവില്ല എന്നത് സത്യമാണ്.
ഏറ്റവും വലിയ കൺവൻഷൻ വേദിയും പരിസരവും നിറഞ്ഞ് കവിഞ്ഞ് കൺവൻഷൻ നഗറിലേയ്ക്ക് കടക്കാനാവാതെ കാറുകൾ കാത്തുകിടന്ന് മോട്ടോർവേയിൽ പോലും തടസ്സമുണ്ടാവുന്ന അവസ്ഥയെക്കുറിച്ച് കൺവൻഷൻ പൊതുയോഗത്തിൽ പങ്കെടുക്കാൻ വൈകിയെത്തിയ മജീഷ്യൻ മുതുകാട് തന്നെയാണ് കഴിഞ്ഞ തവണ വിവരിച്ചത്.കഴിഞ്ഞവർഷത്തെ തിരക്ക് നേരിൽ കണ്ട ടെൽഫോർഡ് ഇൻറർനാഷണൽ സെൻ്റർ അധികൃതർ ഇത്തവണ റാലി ഒഴിവാക്കണമെന്നും റാലിയ്ക്കുള്ള സ്ഥലം കൂടി കാർ പാർക്കിംഗിന് നൽകി മോട്ടോർവേ സ്തംഭിയ്ക്കുന്ന അവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സമുദായ റാലിയ്ക്കായി മാസങ്ങൾക്കുമുമ്പേ ഒരുക്കങ്ങൾ തുടങ്ങിയ ഭൂരിപക്ഷം യൂണിറ്റുകളും റാലി ഒഴിവാക്കരുതെന്ന് അഭ്യർത്ഥിച്ചതുകൊണ്ട് സെൻട്രൽ കമ്മറ്റിയംഗങ്ങൾ വീണ്ടും ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻ്റർ അധികൃതരുമായി ചർച്ച നടത്തി സമുദായറാലി നടത്തുന്നതിന് അനുവാദം വാങ്ങിയിരിയ്ക്കുകയാണ്.
ക്നാനായ കുടിയേറ്റ ചരിത്രവും, കേരളീയ കലാ രൂപങ്ങളും നിശ്ഛല ദൃശ്യങ്ങളായി ഒഴുകിവരുന്ന, ടെൽഫോർഡ് ഇൻറർനാഷണൽ സെൻറർ UKയിലെ പൂരപ്പറമ്പാകുന്ന, UK യിലെ ക്നാനായ മക്കൾ ഒരുമിച്ചെത്തി അണമുറിയാതൊഴുകുന്ന സമുദായ റാലി ഈ വർഷവും ഉണ്ടാകുമെന്ന് ഉറപ്പായവിവരം കൺവൻഷൻ ടിക്കറ്റ് വിൽപ്പന ആവേശപൂർവ്വം ഏറ്റെടുത്ത യൂണിറ്റുകൾക്ക് കൂടുതൽ സന്തോഷമേകും.