Breaking news

കെ.സി.വൈ.എൽ കൈപ്പുഴ ഫൊറോനതല 56-ാ മത് ജന്മദിനാഘോഷം പാലത്തുരുത്ത് യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു.

ക്നാനായ കത്തോലിക്ക യുവജനങ്ങൾക്കായി ലക്ഷ്യബോധമുള്ള ഒരു യുവജന സംഘടനയുടെ ആവശ്യകത തിരിച്ചറിഞ്ഞ അഭിവന്ദ്യ മാർ തോമസ് തറയിൽ മെത്രാന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായി CAUS (കാത്തലിക് അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി സ്റ്റുഡൻസ്) എന്നപേരിൽ രൂപീകൃതമായ സംഘടനയുടെ ആദ്യ യോഗം 1969 ജൂൺ 1 ന് 25 ആൺകുട്ടികളും 13 പെൺകുട്ടികളും കൂടി കൈപ്പുഴ പാലത്തുരുത്ത് പള്ളിയിൽ വച്ച് യോഗം സംഘടിപ്പിച്ചു. CAUS നെ ഒരു രൂപതാതല സംഘടനയാക്കി അംഗീകരിക്കണം എന്നുള്ള നേതാക്കന്മാരുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച് 1969 നവംബർ 16 ന് ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് വിവിധ യൂണിറ്റ് പ്രതിനിധികളും, ചാപ്ലൈൻമാരും പങ്കെടുത്ത യോഗത്തിൽ മാർ തോമസ് തറയിൽ മെത്രാൻ രൂപത സംഘടനയാക്കി CAUS നെ ഉയർത്തി. അങ്ങനെ ക്നാനായ കാത്തലിക് യൂത്ത് ലീഗ് (KCYL) എന്ന് പിൽക്കാലത്ത് അറിയപ്പെട്ട CAUS ന്റെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. സംഘടന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത് അന്നാണ്. 1970 ഓഗസ്റ്റ് 23ന് ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം ഭൂരിപക്ഷ തീരുമാനപ്രകാരം വിദ്യാർത്ഥികളും അല്ലാത്തവരുമായ ക്നാനായ യുവജനങ്ങളുടെ സംഘടനയാക്കി ക്നാനായ കാത്തലിക് യൂത്ത് ലീഗ് (KCYL) എന്ന പേരിൽ സംഘടനയെ പുനർനാമകരണം ചെയ്തു.

ചരിത്രപരമായി കെ.സി.വൈ.എൽ സംഘടന രൂപീകരിക്കപ്പെട്ട പാലത്തുരുത്ത് യൂണിറ്റിൽ വെച്ച് ഇന്ന് 2024 നവംബർ 16 ശനിയാഴ്ച കെ.സി.വൈ.എൽ കൈപ്പുഴ ഫൊറോന തല 56-ാ മത് കെ.സി.വൈ.എൽ ജന്മദിനാഘോഷം നടത്തപ്പെട്ടു. രാവിലെ 6.30ന് കൈപ്പുഴ ഫൊറോന സമിതി അംഗങ്ങളുടെയും, പാലത്തുരുത്ത് യൂണിറ്റ് ഭാരവാഹികളുടെയും, വിവിധ യൂണിറ്റ് പ്രസിഡന്റുമാരുടെയും കാഴ്ച സമർപ്പണത്തോട് കൂടി ആരംഭിച്ച വിശുദ്ധ കുർബാനയ്ക്ക് ഫൊറോന ചാപ്ലൈൻ ഫാ. ഫിൽമോൻ കളത്ര കാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് കെ.സി.വൈ.എൽ അംഗങ്ങൾ നേതൃത്വം നൽകി. വിശുദ്ധ കുർബാനയെ തുടർന്ന് ഫൊറോന ഡയറക്ടർ ജെസ്റ്റിൻ മൈക്കിൾ വെള്ളാപ്പള്ളിക്കുഴിയിൽ, പാലത്തുരുത്ത് യൂണിറ്റ് ഡയറക്ടർ ഷൈജി ഓട്ടപ്പള്ളി എന്നിവർ സംയുക്തമായി കെ.സി.വൈ.എൽ പതാക ഉയർത്തുകയും ഫൊറോനാ സെക്രട്ടറി മെൽവിൻ എബ്രഹാം പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പാലത്തുരുത്ത് ഇടവകാംഗമായ ഫാ. ജോസ് തറയിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. തുടർന്ന് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കൈപ്പുഴ ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള യുവജനങ്ങളും പാലത്തുരുത്ത് ഇടവക അംഗങ്ങളും ജന്മദിനാഘോഷത്തിന്റെ ഭാഗമായി.

തുടർന്ന് കെ.സി.വൈ.എൽ കൈപ്പുഴ ഫൊറോനാ കൗൺസിൽ നടത്തപ്പെട്ടു. ഫൊറോന പ്രസിഡന്റ് ആൽബർട്ട് റ്റോമി അധ്യക്ഷൻ ആയിരുന്ന യോഗത്തിന് സെക്രട്ടറി മെൽവിൻ എബ്രഹാം സ്വാഗതം ആശംസിക്കുകയും ചാപ്ലൈൻ ഫാ. ഫിൽമോൻ കളത്ര ആമുഖ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് റിപ്പോർട്ടും കണക്കും അവതരിപ്പിക്കുകയും വിവിധ ചർച്ചകൾക്കും ആലോചനകൾക്കും ശേഷം യൂണിറ്റ് പ്രസിഡന്റ് കിഷോർ ഷൈജിയുടെ കൃതജ്ഞതയോടുകൂടി യോഗം അവസാനിച്ചു. ഫൊറോന ഭാരവാഹികളായ ടിനോ ചാക്കോ, ക്രിസ്റ്റി മനോ, സിബിൻ തോമസ്, സിസ്റ്റർ ഷെറിൻ SJC, പാലത്തുരുത്ത് യൂണിറ്റ് ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജന്മദിനാഘോഷം ഏറ്റെടുത്ത് നടത്തിയ പാലത്തുരുത്ത് യൂണിറ്റിനും എത്തിച്ചേർന്ന എല്ലാ യുവജന സുഹൃത്തുക്കൾക്കും കെ.സി.വൈ.എൽ കൈപ്പുഴ ഫൊറോന സമിതിയുടെ നന്ദി അറിയിക്കുന്നു.

Facebook Comments

Read Previous

ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ അതിരൂപതാതല കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു

Read Next

കീഴൂർ (അറുന്നൂറ്റിമംഗലം) കാഞ്ഞിരത്തിങ്കൽ തോമസ് (കുട്ടപ്പൻ – 98) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE