ഫ്ളോറിഡ (താമ്പാ): ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്ളോറിഡായുടെ (കെസിസിസിഎഫ്) നേതൃത്വത്തിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ജയമോൾ മൂശാരിപറമ്പിലിന്റെ പാനൽ ഉജ്വല വിജയം നേടി .17 വർഷങ്ങൾക്ക് ശേഷമാണ് സംഘടനയിൽ ഇലക്ഷൻ ഉണ്ടായത്.കെ.സി.സി.എൻ.എ നാഷണൽ പ്രസിഡണ്ട് സ്ഥാനാർത്ഥിയായ ജെയിംസ് ഇല്ലിക്കൽ ജയമോളുടെ പാനലിൽ നിന്നും കൗൺസിലിലേക്ക് വൻവിജയം നേടി .
ജോബി കൊച്ചുപറമ്പിൽ (ചെയർമാൻ), രഞ്ജൻ വട്ടാടികുന്നേൽ, അരുൺ കൂവപ്ലാക്കിൽ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഇലക്ഷന് നേതൃത്വം നൽകിയത് . 1194 വോട്ടർമാരാണ് ഈ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായായത് .നിയുക്ത പ്രസിഡണ്ട് ജയമോൾ മൂശാരിപറമ്പിൽ നോർത്തമേരിക്കൻ ക്നാനായ കാത്തലിക് വിമൻസ് ഫോറത്തിൻറെ താമ്പാ റീജിയൻ വൈസ് പ്രസിഡണ്ട് കൂടിയാണ്. കിഡ്സ് ക്ലബ് കോ-ഓർഡിനേറ്റർ, കെസിജെഎൽ കോ-ഓർഡിനേറ്റർ തുടങ്ങിയ വിവിധ നിലകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ജയമോൾ കെസിസിസിഎഫ് വിമൻസ് ഫോറം പ്രസിഡണ്ട് എന്ന നിലയിലും പ്രവർത്തിച്ചുവരുന്നു.
റ്റോജിമോൻ പായിത്തുരുത്തേൽ (വൈസ് പ്രസിഡണ്ട്), ഷോബിൻ പുതുശ്ശേരിൽ (സെക്രട്ടറി), അനിത ചെമ്മരപ്പള്ളി (ജോയിൻറ് സെക്രട്ടറി), ജേക്കബ് വഞ്ചിപ്പുരയ്ക്കൽ (ട്രഷറർ) എന്നിവരാണ് ജയമോളുടെ കൂടെയുള്ള വിജയിച്ച എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾ .
കെസിസിഎൻഎ നാഷണൽ കൗൺസിലിലേക്ക് ജെയ്മോൻ വെട്ടുകല്ലേൽ, ജെയിംസ് ഇല്ലിക്കൽ, ജോബി ഊരാളിൽ, പാപ്പച്ചൻ പട്ടത്തുവെളിയിൽ, വിനോദ് മൂലവള്ളിയിൽ, സവിത പുളിക്കൽ, റ്റിനോ മ്യാൽക്കരപ്പുറത്ത് എന്നിവർ ഉജ്വല വിജയം നേടി .
ഒക്ടോബർ 26-ാം തീയതി ശനിയാഴ്ച രാവിലെ 7 മണി മുതൽ 9.30 വരെ ഏർലി വോട്ടിംഗ് നടന്നു . 10 മണി മുതൽ 12 മണി വരെ പൊതുയോഗം. തുടർന്ന് 1 മണി മുതൽ 9.30 വരെ വോട്ടിംഗ് നടത്തപ്പെട്ടു .
17 വർഷങ്ങൾക്കു ശേഷം ഒരു ഇലക്ഷനിലൂടെ നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചതിൽ താമ്പാ ക്നാനായ സമൂഹം ആവേശത്തിലായിരുന്നു .താമ്പാ ക്നാനായ സംഘടനയുടെ നേതൃത്വത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടുവാൻ സഹായിച്ച എല്ലാ സമുദായ സ്നേഹികൾക്കും ജയമോൾ മൂശാരിപറമ്പിൽ നന്ദി രേഖപ്പെടുത്തി . താമ്പായിലെ ക്നാനായ സമൂഹം നൽകിയ ഉജ്വലമായ ജനവിധിയെ അഭിമാനപൂർവം സ്വീകരിക്കുന്നതായി കെ സി സി എൻ എ പ്രസിഡന്റ് സ്ഥാനാർത്ഥി ജെയിംസ് ഇല്ലിക്കലും പറഞ്ഞു .
ജയമോൾ മൂശാരിപറമ്പിലിന് 779 വോട്ടും എതിർ സ്ഥാനാർത്ഥി സജി മഠത്തിലേട്ടിന് 415 വോട്ടുമാണ് ലഭിച്ചത്.1194 പേർ വോട്ടുചെയ്ത വാശിയേറിയ ഈ തെരഞ്ഞെടുപ്പിൽ 364 വോട്ടിന്റെ ഭൂരിപക്ഷം ശ്രദ്ധേയമാണ് .സെൻട്രൽ ഫ്ലോറിഡാ ക്നാനായ സംഘടനയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് ജയമോൾ മൂശാരിപറമ്പിൽ.