Breaking news

വയനാട്‌ പ്രളയ ദുരിതാശ്വാസത്തിനായി സമാഹരിച്ച 72 ലക്ഷം രൂപ കോട്ടയം അതിരൂപത കൈമാറി .

വയനാടിന്റെ വിവിധ ഭാഗങ്ങളിലും വിലങ്ങാടുമുണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്കു സുസ്ഥിരപുനരധിവാസം സാധ്യമാക്കുവാനായി കേരള കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സമഗ്രപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കോട്ടയം അതിരൂപത നാളിതുവരെ സമാഹരിച്ച 72 ലക്ഷം രൂപ കേരള കത്തോലിക്കാ സഭയുടെ സാമൂഹിക ശുശ്രൂഷാ വിഭാഗമായ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിനു കൈമാറി. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ സര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്തതനുസരിച്ച് അതിരൂപതയിലെ ഇടവകകള്‍, സന്ന്യാസ-സമര്‍പ്പിത സമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങി എല്ലാ പ്രസ്ഥാനങ്ങളിലൂടെയും ധനസമാഹരണം നടത്തിയാണു തുക സമാഹരിച്ചത്. അതിരൂപതയുടെ യുവജനസംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഒന്‍പതുലക്ഷത്തി എണ്‍പത്തി എണ്ണായിരം രൂപ സമാഹരിക്കുകയുണ്ടായി. സമാഹരിച്ച തുകകള്‍ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ പേരില്‍ ചെക്കുകളായി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ദുരിത ബാധിത മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചുമതലപ്പെടുത്തിയിട്ടുള്ള കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കലിന് കൈമാറി. അതിരൂപതാ സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവരോടൊപ്പം അതിരൂപതയിലെ വൈദിക-സമര്‍പ്പിത-സമുദായസംഘടനാ പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും വിവിധ ഇടവകകളിലെ പാരിഷ് കൗണ്‍സില്‍ അംഗങ്ങളും സന്നിഹിതരായിരുന്നു.
Facebook Comments

knanayapathram

Read Previous

ലോക ഹൃദയ ദിന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കാരിത്താസ് ഹോസ്പിറ്റലും ഡെക്കാത്തലോണും സംയുക്തമായി കാരിത്തോണ്‍ എന്ന പേരില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു.

Read Next

ചിക്കാഗോ ക്‌നാനായ റീജിയണിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ 6ന്