കടുത്തുരുത്തി: സെൻ്റ്. മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന [വലിയ പള്ളി ] പള്ളിയിൽ അപൂർവ്വമായ ഐക്കൺ ചിത്രം പൂർത്തിയായി. പുരാതനമായ കടുത്തുരുത്തി വലിയ പളളിയിൽ പരിശുദ്ധ കന്യകാമറിയം സ്വർഗ്ഗത്തിലേക്ക് കരേറ്റപ്പെടുന്നതിന്റെ ഐക്കൺ ആണ് ഇത്. തൻറെ ഇഹലോകവാസം പൂർത്തിയാക്കിയ ശേഷം ആത്മാവും ശരീരത്തോടും കൂടി സ്വർഗ്ഗീയ മഹത്വത്തിലേക്ക് ഏറ്റെടുക്കപ്പെടുന്നതിൻ്റെ ചിത്രകരണം, 11 അടി ഉയരവും 12 അടി വീതിയുമാണ് ഉള്ളത്. അൾത്താരയുടെ വലതു വശത്തെ ഭിത്തിയിലാണ് ഈ ചുവർ ചിത്രം. മാതാവും മരണക്കിടക്കയിൽ നിദ്രയിൽ ആയിരിക്കുന്നതും തോമാശ്ലീഹാ ഒഴികെയുള്ള ശ്ലീഹന്മാർ വേർപാടിൻ്റെ ദുഃഖഭാരത്താൽ വിലപിക്കുന്നതും കാണാം. സ്വർഗത്തിലേക്ക് തൻറെ മാതാവിനെ കരേറ്റുവാനായി ഇറങ്ങിവന്ന ക്രിസ്തു മറിയത്തിന്റെ ആത്മവിനെ കൊണ്ടുപോകുവാൻ തൻറെ തൃക്കൈകളിൽ ഏന്തി നിൽക്കുന്നതും മദ്ധ്യാകാശത്തിൽ വച്ച് പരിശുദ്ധ മറിയം തോമാശ്ലീഹായ്‌ക്ക് തൻറെ ഇടക്കെട്ട് (സൂനാറാ) കൈമാറുന്നതും മാതാവിൻറെ കിടക്കരികിലേക്ക് വാനമേഘങ്ങളിൽ സഞ്ചരിച്ചിച്ചെത്തുന്ന ശ്ലീഹന്മാരെയും ചിത്രത്തിൽ കാണാം. ഏറ്റവും മുകളിലായി മറിയത്തിനായി സ്വർഗ്ഗം തുറക്കപ്പെടുന്നതായും ചിത്രീകരിച്ചിരിക്കുന്നു . ഈ ചിത്രം ഇന്ത്യയിൽ അപൂർവ്വമാണ്. ഇതിനോട് ചേർന്ന് മംഗളവാർത്തയുടെ ചുവർചിത്രവും ചിത്രീകരിച്ചിട്ടുണ്ട്.കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗ്ഗീസ് മാർ അപ്രേം പിതാവിൻറെ നിർദ്ദേശങ്ങൾ സ്വീകരിച്ചും പള്ളിയുടെ മുൻ വികാരി ബഹുമാനപ്പെട്ട ഫാ. അബ്രഹാം പറമ്പേട്ട് ഇപ്പോഴത്തെ വികാരി ഫാ. തോമസ് അനിമൂട്ടിൽ, ഫാ. സന്തോഷ് മുല്ലമംഗലത്ത്, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലുമാണ് ഈ ചുവർ ചിത്രം പൂർത്തികരിച്ചത്. അഞ്ച് മാസത്തോളമായി നടക്കുന്ന ദൈവാലയനവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ച്ച [28 / 07 / 2024] കോട്ടയം അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത വെഞ്ചരിച്ച് സമർപ്പിച്ചു.
15 ദിവസത്തോളം രാവും പകലുമായി ആർടിസ്സ്റ്റ് ജിജുലാൽ ബോധി കോഴിക്കോടും സംഘവുമാണ് ചിത്രം പൂർത്തിയാക്കിയത് ഷൈജു നരിക്കുനി, സജി നെയ്യാറ്റിൻകര, അനന്തു ഇരിങ്ങാലക്കുട എന്നിവരാണ് അംഗങ്ങൾ.2019 ൽ ജിജുലാൻ്റെ നേതൃത്വത്തിൽ പള്ളിയിലെ പുരാതനമായ എറത്താഴ് ചിത്രങ്ങൾ പുനരുജ്ജീവന പ്രവർത്തികൾ നടത്തിയിരുന്നു.