

ബാംഗ്ലൂർ : ബംഗളൂർ ക്നാനായ കാത്തലിക്ക് അസ്സോസിയേഷനും (BKCA), ടി.സി പാളയ ഡോൺബോസ്‌കോ കോളേജും സംയുക്‌തമായി സഹകരിച്ച് “നിർധനരായ കുട്ടികളെ പുഞ്ചിരിക്കുന്ന മുഖത്തോടെ സ്‌കൂളിലേക്ക് അയക്കുക” എന്ന പദ്ധതിയിലൂടെ 1300 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു . സ്കൂൾ ബാഗ് ,നോട്ട് ബുക്ക്സ്, വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്സ് , ഒരു പാക്കറ്റ് പേന, ഒരു പാക്കറ്റ് പെൻസിൽ, ഇറേസർ , പെൻസിൽ വെട്ടി തുടങ്ങിയവ ഉൾപ്പെട്ട കിറ്റാണ് ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളിലുള്ള അർഹതപ്പെട്ട കുട്ടികൾക്ക് വിതരണം ചെയ്തത് . ബാംഗ്ലൂരിന് പുറമേ കോളാർ, റാഞ്ചി, ഒഡീഷാ തുടങ്ങിയ സ്ഥലങ്ങളിലും സ്കൂൾ കിറ്റ് വിതരണം ചെയ്യ്തു . BKCA പ്രസിഡന്റ് കേണൽ ബേബി ചൂരവേലികുടിലിലിന്റെ നേതൃത്വത്തിലുള്ള ബാംഗ്ലൂരിലെ ക്നാനായ കാത്തോലിക്കാ സമുദായ അംഗങ്ങൾ ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സ്കൂൾകിറ്റ് വിതരണത്തിന് നേതൃത്വം നൽകി. കഴിഞ്ഞ ഡിസംബർ മാസത്തിൽ ബാംഗ്ലൂരിലെ ചേരികളിലും, തെരുവോരത്തും ജീവിക്കുന്ന അഞ്ഞൂറു കുടുംബങ്ങൾക്ക് തണുപ്പിനെ പ്രതിരോധിക്കുവാനുള്ള കമ്പിളി വസ്ത്രങ്ങൾ BKCA വിതരണം ചെയ്‌തിരുന്നു. 1986-ൽ ബാംഗളൂരിൽ രൂപംകൊണ്ട BKCA , കർണാടക സൊസൈറ്റീസ് ആക്ട്1961 പ്രകാരം രജിസ്റ്റർ ചെയ്‌ത അസോസിയേഷനാണ് , മുന്നൂറോളം കുടുംബങ്ങൾ ഈ അസോസിയേഷനിലെ അംഗങ്ങളാണ്.