Breaking news

ടെൽഫോർഡ് ക്നാനായകടലാക്കി ഇരുപത്തിയൊന്നാമത് യുകെ കെ സി എ കൺവെൻഷന് പരിസമാപ്തി.

ഇരുപത്തിയൊന്നാമത് യുകെ കെസിഎ വാർഷിക കൺവെൻഷൻ ക്നാനായ ജനതയ്ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ നൽകി ശനിയാഴ്ച (06/7/24) ടെഫോർഡ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ നടന്നു . 7000 കാണികളെ ഉൾക്കൊള്ളാവുന്ന കൺവെൻഷൻ സെൻറർ 12 മണിയോടുകൂടി നിറഞ്ഞു . യുകെ കെസിയെയുടെ നിലപാടുകൾക്ക് ഒപ്പം നിന്ന് ക്നാനായ ജനത അവരുടെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വാർഷിക കൂട്ടായ്മയായ കൺവെൻഷന് ഒഴുകി എത്തിയപ്പോൾ യുകെയിലെ ഏറ്റവും വലിയ സെൻററുകളിൽ ഒന്നായ ടെൽഫോർഡ് ഇൻറർനാഷണൽ സെൻററിനു പോലും ഉൾക്കൊള്ളാൻ ആവാത്ത വിധം വളർന്നു പന്തലിച്ച സമുദായ വികാരമാണ് കാണുവാൻ സാധിച്ചത് .
യുകെകെസിഎ പ്രസിഡൻറ് സിബി കണ്ടത്തിൽ പതാക ഉയർത്തിയ കൺവെൻഷൻ ഭക്തിസാന്ദ്രമായ വിശുദ്ധ കുർബാനയോട് കൂടിയാണ് എല്ലാ വർഷത്തെയും പോലെ ആരംഭിച്ചത്. ഫാദർ സുനി പടിഞ്ഞാറേക്കരയും ഫാദർ ഷഞ്ചു കൊച്ചുപറമ്പിലുമായിരുന്നു മുഖ്യകാർമ്മികർ.
കുർബാന മധ്യേനടത്തിയ തിരുവചന പ്രസംഗത്തിൽ പ്രഭാഷകന്റെ പുസ്തകത്തെ ഉദ്ധരിച്ച് രക്തം രക്തത്തെ തിരിച്ചറിയുകയും സഹോദരർ യോജിക്കുകയും ചെയ്യുമ്പോൾ ദൈവം സന്തോഷിക്കുന്നു എന്നും ഒന്നായാൽ നന്നായി നന്നായാൽ ഒന്നായി എന്നും കുഞ്ഞുണ്ണി മാഷിൻറെ കവിതാശകലം ഉദ്ധരിച്ച് ഇന്നത്തെ യുകെയിലെ ക്നാനായ സമുദായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മാറുന്നതിനായി എല്ലാവരും മുൻകൈ എടുക്കണമെന്നും പറഞ്ഞു
. തുടർന്നുള്ള രണ്ടു മണിക്കൂറുകൾ ക്നാനായ ജനത തങ്ങളുടെ ബന്ധുക്കളെയും ചാർച്ചക്കാരെയും ഇടവകക്കാരെയും ഓടിനടന്ന് പരിചയ പുതുക്കുന്ന സമയമായിരുന്നു. എല്ലാവരും ഭക്ഷണപാനീയങ്ങൾ പങ്കുവെച്ച് നിൽക്കുന്ന സുന്ദര മുഹൂർത്തങ്ങൾ ക്നാനായ ജനതയുടെ ഒരുമയുടെ പ്രതിഫലമായിരുന്നു.
യുകെസിഎ ജനറൽ സെക്രട്ടറി സിറിൽ പനങ്കാല വിശിഷ്ട അതിഥികൾക്ക് സ്വാഗതം ആശംസിച്ചു. തന്റെ പ്രസംഗത്തിൽ ക്നാനായ സമുദായവികാരം ഒരു ചരടിൽ കോർത്ത മുത്തുമണികൾ പോലെയുള്ള UKKCA എന്ന പ്രസ്ഥാനത്തെ തകർക്കുവാൻ ഒരുശക്തിക്കും സാധിക്കില്ല എന്നതിൻറെ തെളിവാണ് ഇത്രയും വലിയ കൺവെൻഷൻ സെന്ററിന് പോലും ഉൾക്കൊള്ളാൻ ആവാത്ത ഈ ജനസാഗരം എന്നുപറഞ്ഞപ്പോൾ ഹർഷാരവത്തോടെയാണ് സദസ്സ് അത് ഏറ്റെടുത്തത്.
യുകെയിലെ ക്നാനായ ജനതയുടെ സാമുദായിക താൽപര്യങ്ങൾ സംരക്ഷിച്ചു നിലകൊണ്ടതിന് യുകെ കെസിഎയ്ക്ക് യുകെയിലെ ക്നാനായ ജനത നൽകിയ പ്രതിസമ്മാനമാണ് നിറഞ്ഞു കവിയുന്ന ഈ ജനസഞ്ചയം എന്ന് സിറിൽ പനങ്കാല ചൂണ്ടിക്കാട്ടി. കോട്ടയംരൂപത മെത്രാനാണ് തങ്ങളുടെ ഗോത്ര പിതാവ് എന്നും കോട്ടയം രൂപതക്കാരൻ അല്ലാത്ത ആരെയും തങ്ങളുടെ മെത്രാനായി യുകകെസിഎ അംഗീകരിക്കില്ല എന്നും ഭരണഘടന ചൂണ്ടിക്കാട്ടി അസന്നിഗ്ധമായി പ്രഖ്യാപിച്ചപ്പോൾ ജനം കയ്യടിയോടെ യുകെ കെസിയെയുടെ നിലപാടിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്.
സമുദായ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ സഭാ സംവിധാനങ്ങളോട് ചേരുവാൻ സാധിക്കൂ എന്നതാണ് യുകെസിയുടെ നിലപാട് എന്നും ഒന്നായാൽ നന്നായി നന്നായാൽ ഒന്നായി എന്നും ഓർമ്മിപ്പിച്ചുകൊണ്ട് സിറിൽ പ്രസംഗം പൂർത്തിയാക്കി.
തുടർന്ന് അധ്യക്ഷ പ്രസംഗത്തിൽ യുകെ കെസിഎ പ്രസിഡണ്ട് സിബി കണ്ടത്തിൽ സ്വവംശവിവാഹ നിഷ്ടയിലൂന്നിയ ക്രിസ്തീയ വിശ്വാസമാണ് സമുദായത്തിന്റെ ആണിക്കല്ല് എന്നും റീത്തുകൾക്കും സഭകൾക്കും ഉപരിയായി ക്രിസ്തീയ വിശ്വാസത്തിൽഅടിയുറച്ച് മുന്നോട്ട് കൊണ്ടുപോകുന്ന സ്വവംശ വിവാഹനിഷ്ഠ തുടരുവാൻ സാധിക്കുന്നത് UKKCA ഉള്ളതുകൊണ്ട് മാത്രമാണ് എന്നും ചൂണ്ടിക്കാട്ടി. UK യിലെ ക്നാനായക്കാരുടെ വികാരമാണ് UKKCA എന്നും തെക്കുംഭാഗരെയും വടക്കുംഭാഗരെയും ഒരേ രൂപതയിൽ ഒന്നിച്ചു കൊണ്ടുപോകാൻ സാധിക്കില്ലഎന്ന തിരിച്ചറിവിൽ നിന്നും വി. പത്താം പീയൂസ് മാർപ്പാപ്പ 1911 ൽ തെക്കുംഭാഗർക്കായി സ്ഥാപിച്ചു നൽകിയ കോട്ടയം രൂപത അതിൻ്റേതായ തനിമയിൽ ലോകമെമ്പാടുമുള്ള ക്നാനായക്കാർക്കായി ഒരു സഭാ സംവിധാനമുണ്ടാക്കണമെന്നാണ് UKKCA ആഗ്രഹിക്കുന്നത് എന്നും ചൂണ്ടിക്കാട്ടി.

 

തുടർന്ന് മുഖ്യ അതിഥി ആർച്ച്ബിഷപ് കുരിയാക്കോസ് മാർ സേവേറിയോസ് തിരുമേനിയും മെർലിൻ അവാർഡ് വിന്നറായ മജിഷ്യൻ ഗോപിനാഥ് മുതുകാടും UKKCA ഭാരവാഹികളും ചേർന്ന് മെനോറ വിളക്ക് കൊളുത്തി പൊതുസമ്മേളനം ഉദ്ഘാടനം നടത്തി.
അന്ധകാരത്തിലും തിളങ്ങുന്ന മുഖങ്ങളോട് കൂടിയ ജനമാണ് ക്നാനായക്കാർ എന്നും ക്നാനായത്വം എന്നത് ഒരു ഭാരമല്ല മറിച്ച് ഒരു ഭാഗ്യമാണ് എന്ന തിരിച്ചറിവ് അടുത്ത തലമുറക്ക് പകർന്നുകൊടുക്കുന്നതിൽ സാമുദായിക സംഘടനകൾക്ക് വലിയ പങ്ക് ഉണ്ട് എന്നും ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി. ബോധപൂർവ്വം തെരഞ്ഞെടുക്കുന്ന പങ്കാളി എന്നതാണ് എൻഡോഗമി എന്നതിൻ്റെ സത്യം എന്നും ഒരാൾ ക്നാനായക്കാരനായി ജനിക്കുന്നത് അവൻ്റെ ആഗ്രഹപ്രകാരമല്ലെന്നും മറിച്ച് ദൈവീകമായ ഒരു ഇടപെടൽ ഉള്ളതു കൊണ്ട് മാത്രമാണെന്നും പിതാവ് ചൂണ്ടിക്കാട്ടി. സമുദായതാത്പര്യങ്ങൾ സംരക്ഷിച്ച് തലമുറകൾ കൈമാറി മുന്നോട്ട് പോകുവാനുള്ള പരിശ്രമത്തിൽ മെത്രാനും പുരോഹിതരും അത്മായരും ഒന്നിച്ചു പോകണമെന്നും എൻഡോഗമി ഇല്ല എങ്കിൽ സമുദായത്തിന് നിലനിൽപില്ല എന്ന സത്യം തിരിച്ചറിയണമെന്നും ഉദ്ബോധിപ്പിച്ചു .

പ്രശസ്ത മജിഷ്യൻ ഗോപിനാഥ് മുതുകാട് ഒരു കൺവെൻഷൻസെൻ്ററിൽ ഇത്രയും അധികം ആളുകളെ ഒന്നിച്ച് കാണുന്നത് ആദ്യമായിട്ടാണ് എന്ന് പറഞ്ഞപ്പോൾ സദസ് കൈയ്യടികളോടെയാണ്അദ്ദേഹത്തിൻ്റെ വാക്കുകളെ സ്വീകരിച്ചത്. സത്യത്തിന് മുന്നിൽ സൗന്ദര്യത്തിന് സ്ഥാനമില്ല എന്നും സത്യമാണ് യഥാർത്ഥ സൗന്ദര്യമെന്നും വാക്ക് ,പ്രവൃത്തി,ചിന്ത ആത്മവിശ്വാസം മാനവീകത എന്നിവയാണ് ഒരാളെ മനുഷ്യനാക്കുന്നത് എന്നും ചൂണ്ടിക്കാട്ടി മഹാകവികുമാരനാശാൻ്റെ ചണ്ഡാലഭിക്ഷുകിയിലെ ശകലങ്ങൾ ഉൾപ്പെടുത്തി മാനവികതയുടെ മൂല്യങ്ങൾ ആവശ്യം സദസിനെ മനസിലാക്കി കൊടുത്തു .

തുടർന്ന് UKKCA ഭാരവാഹികൾ, വിമൻസ് ഫോറം പ്രസിഡൻ്റ് UKKCYL പ്രസിഡൻ്റ്, DKCC ചെയർമാൻ മുതലായവർ ആശംസകൾ നേർന്നു.
ലോകമെമ്പാടുമുള്ള ക്നാനായ ജനത കാത്തിരുന്ന സ്വാഗത നൃത്തം പ്രശസ്ത നൃത്തസംവിധായൻ കലാഭവൻ നൈസിൻ്റെ ശിക്ഷണത്തിൻ UKKCYL കുട്ടികൾ നിറഞ്ഞാടി.

തുടർന്ന് നടന്ന സാംസ്കാരിക റാലി കേരളത്തിന്റെയും ഭാരതത്തിന്റെയും കനാനായക്കാരുടെയും വിവിധ സംസ്കാരങ്ങളുടെ ആവിഷ്കാരങ്ങളുമായി കാണികളുടെ മനം കവർന്നു. റാലി കടന്നുപോകുന്ന ഇരുവശങ്ങളിലുമായി തിങ്ങി നിറഞ്ഞകാണികളുടെ കണ്ണിനും കാതിനും വിരുന്നേകി യുകെകെസിയെലെ എല്ലാ യൂണിറ്റുകളും അണിനിരന്നപ്പോൾ തൃശ്ശൂർ പൂരം യുകെയിലേക്ക് പെയ്തിറങ്ങിയ അവസ്ഥയിലായി. ക്നാനായ കുടിയേറ്റം മുതൽ യേശുനാഥന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ, മലബാർ കുടിയേറ്റം തുടങ്ങി നിരവധി ദൃശ്യങ്ങളാണ് ടെൽഫോടിന്റെകൺവെൻഷൻ സെൻറർനെ പുളകിതമാക്കി കടന്നു പോയത്.

തുടർന്ന് വിവിധ യൂണിറ്റുകൾ അവതരിപ്പിച്ച നിരവധികലാരൂപങ്ങൾകാണികളുടെ കണ്ണിനുംകാതിനും വിരുന്നേകി . രാത്രി വളരെ വൈകി കൺവെൻഷൻ സെന്ററിനോട് വിട പറയുമ്പോൾ ഇത്രയും മനോഹരമായ ഒരു കൺവെൻഷൻ ഒരുക്കിയതിന് സെൻട്രൽ കമ്മിറ്റിയെ ആശംസകൾ കൊണ്ട് മൂടിയാണ് എല്ലാവരും മടങ്ങിയത്.

Best Unit Award- ഒന്നാം സ്ഥാനം – Coventry & Warwickshire unit
രണ്ടാം സ്ഥാനം – Stock – on- Trent
മൂന്നാം സ്ഥാനം – Birmingham
നാലാം സ്ഥാനം – Medway .

റാലി സമ്മാനങ്ങൾ :
Category A: ഒന്നാം സ്ഥാനം – East Sussex
രണ്ടാം സ്ഥാനം – Chichester & Littlehampton
മൂന്നാം സ്ഥാനം – East London
നാലാം സ്ഥാനം – Medway .

Category B :
ഒന്നാം സ്ഥാനം – North West London
രണ്ടാം സ്ഥാനം – Worcester
മൂന്നാം സ്ഥാനം – Oxford
നാലാം സ്ഥാനം – Kettering .

Category C :
ഒന്നാം സ്ഥാനം – Stock- on-Trent
രണ്ടാം സ്ഥാനം – Bristol
മൂന്നാം സ്ഥാനം – Newcastle
നാലാം സ്ഥാനം – Basildon & Southend .

Category D :
ഒന്നാം സ്ഥാനം – Birmingham
രണ്ടാം സ്ഥാനം – Coventry & Warwickshire
മൂന്നാം സ്ഥാനം – Manchester
നാലാം സ്ഥാനം – Liverpool .

റിപ്പോർട്ട്: ജോഷി പുലിക്കൂട്ടിൽ. 

Facebook Comments

knanayapathram

Read Previous

കീഴൂർ മണിതൊട്ടിയിൽ സണ്ണി ലൂക്കോസ് (59) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

യു കെ യിലെ ഏറ്റവും വലിയ കൺവൻഷൻ വേദിയായ Telford International Centre ൽ സൂചികുത്താൻ ഇടമില്ലാതെ തിങ്ങിനിറഞ്ഞ് ക്നാനായക്കാർ:ഒരുമയുടെ മക്കളെ ഒരുമിച്ച്നിർത്തുന്ന മഹാപ്രസ്ഥാനത്തിന് അഭിമാനത്തിൻറെ സുവർണ്ണ നിമിഷങ്ങളേകി 21 മത് കൺവൻഷൻ