തെക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള വാണിജ്യവിഭവങ്ങൾ എത്തിച്ചേരുന്ന പന്നഗംതോടും കുറവിലങ്ങാടു നിന്നുള്ള കട്ടച്ചിറത്തോടും മീനച്ചിലാറ്റിൽ സംഗമിക്കുന്ന പുന്നത്തുറയ്ക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് വലിയ വ്യാപാര പ്രാധാന്യമുണ്ടായിരുന്നു.
വ്യാപാരരംഗത്ത് പ്രമുഘൻമാരായിരുന്ന തെക്കുംഭാഗർ പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മലഞ്ചരക്ക് വ്യാപാരത്തിനായി പുന്നത്തുറയങ്ങാടിയിൽ വന്നുതുടങ്ങി. ക്രമേണ
കടുത്തുരുത്തിയിൽനിന്നും എത്തിയ തെക്കുംഭാഗക്കാരും, കുറവിലങ്ങാട്ടു നിന്ന് എത്തിയ വടക്കുംഭാഗക്കാരും പുന്നത്തുറ, കിടങ്ങൂർ പ്രദേശങ്ങളിൽ കുടിയേറിപ്പാർത്തു.
ഇരു വിഭാഗം ക്രിസ്ത്യാനികളുടെയും വരവോടെ പുന്നത്തുറയങ്ങാടി സജീവമായി.
നിരവധി തെക്കുംഭാഗർക്ക് കൃഷിഭൂമി പാട്ടത്തിനായും, ദാനമായും ഈ പ്രാദേശത്തെ ബ്രമ്ഹണരും, നമ്പൂതിരിമാരും നൽകി . വ്യതിരകത്തത നിലനിർത്തുന്ന സമുദായമായതുകൊണ്ടാണ് തെക്കുംഭാഗർക്ക് ഇങ്ങനെയൊരു മുൻഗണന ലഭിച്ചത്.
കരിമ്പ്, നെല്ല്, തെങ്ങ്, വാഴ തുടങ്ങിയവയായിരുന്നു പ്രധാന കൃഷി.
പുന്നത്തുറ, അയർക്കുന്നം എന്നീ പ്രാദേശങ്ങളിൽ ഉണ്ടായിരുന്നവർ അന്ന് മണർകാട് മാർത്താമറിയം പള്ളി ഇടവകാംഗങ്ങളായിരുന്നു. തെക്കുംഭാഗരും , വടക്കുംഭാഗരും ചേർന്ന് പുന്നത്തുറയിൽ ഒരു പള്ളി പണിയുന്നതിന് നാട്ടുരാജാവിന് അപേക്ഷ സമർപ്പിച്ചെങ്കിലും ചില നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അപേക്ഷ നിക്ഷേധിക്കപ്പെട്ടു. 1610 മുതൽ വിശേക്ഷ ദിവസങ്ങളിൽ പുന്നത്തുറയിലെ മീനച്ചിലാറിനോട് ചേർന്നുള്ള കുന്നിൻ ചെരുവിൽ രഹസ്യമായി കുർബാന അർപ്പിച്ചുതുടങ്ങി. ക്രമേണ ക്രിസ്ത്യാനികളുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച ഉണ്ടാവുകയും, പള്ളി പണിയുന്നതിന് വേണ്ടിയുള്ള നിരന്തരമായ അഭ്യർഥനയും മാനിച്ച് AD 1625 ൽ മീനച്ചിൽ ആറിന്റെ തീരത്തുള്ള അരീപ്പറമ്പു വകയായുളള സ്ഥലത്ത് പള്ളി വെയ്ക്കാൻ തെക്കുംകൂർ രാജാവ് അനുമതി നൽകി. കിഴക്കൻ സുറിയാനിസഭയുടെ ആസ്ഥാനമായ ഡമാസ്ക്കസിന്റെ കീഴിലുള്ള കൊടുങ്ങല്ലൂർ രൂപതയിൽപ്പെട്ടതായിരുന്നു അന്ന് പുന്നത്തുറ പള്ളി.
മർത്താമറിയത്തിന്റെ നാമധേയത്തിലുള്ള പുന്നത്തുറയിലെ പള്ളി ഇരുവിഭാഗത്തിനും വേണ്ടിയായിരുന്നു. കടുത്തുരുത്തി, ഉദയംപേരൂർ,തിരുവല്ലാ എനീ പ്രാദേശങ്ങളിൽ നിന്നും പല കാലഘട്ടങ്ങളിലായി എത്തിയ ക്നാനായക്കാർ പുന്നത്തുറ,കിടങ്ങൂർ, ഉഴവൂർ പ്രദേശങ്ങളിലേയ്ക്കാണ് കൂടുതലായും കുടിയേറിയത്. കുമ്മണ്ണൂർ, പാദുവ, അയർക്കുന്നം,ചേർപ്പുങ്കൽ എന്നിവിടങ്ങളിൽ ക്രമേണ നസ്രാണികുടിയേറ്റം ശക്തമാവുകയും തുടർന്ന് കിടങ്ങൂരിന് ചുറ്റും വ്യാപകമാവുകയും പ്രബല ജനവിഭാഗമായി മാറുകയും ചെയ്തു.
AD 345ൽ ദക്ഷിണ
മെസപ്പൊട്ടോമിയയിൽ നിന്നും കേരളത്തിൽ പ്രേക്ഷിതപ്രവർത്തനത്തിനും വ്യാപാരത്തിനുമായി എത്തിയ ക്നാനായി തോമയും കൂട്ടരും കേരളത്തിന് പരിചയപ്പെടുത്തിയ
കിഴക്കൻ സുറിയാനി ആരാധന ക്രമത്തിലായിരുന്നു (Eastern Church)
1600 കളുടെ പകുതിവരെ കേരളത്തിലെ എല്ലാ ക്രൈസ്തവരും ആരാധന നടത്തിയിരുന്നത്. AD 1505 ലെത്തിയ പോർച്ചുഗീസുകാരുടെ വരവും നിർബന്ധിത ഇടപെടലുകളും കേരളത്തിലെ ക്രിസ്ത്യാനികളെ ഭിന്നിപ്പിച്ചു. പോർച്ചുഗീസുകാരോടൊപ്പം, അഗസ്റ്റിനിയൻ, ഫ്രാൻസിസ്കൻ, ജെസ്യൂട്ട്, കർമ്മലീത്താ എന്നീ സഭകളിലെ വൈദീകർ മിഷനറി പ്രവർത്തനങ്ങൾക്കായി കേരളത്തിലെത്തുകയും അനേകരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു. തെക്കുംഭാഗർ പകർന്നുനൽകിയ സുറിയാനി ആരാധന ക്രമം പിന്തുടർന്നു വന്നിരുന്ന കേരളത്തിലെ ക്രിസ്ത്യാനികളെയും, തെക്കുംഭാഗരേയും അംഗീകരിക്കാൻ ലത്തീൻ വൈദികർ തയ്യാറായില്ല. അവരെ മാർപാപ്പയുടെ കീഴിൽ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു 1599 ൽ ഗോവയിൽ വെച്ചു നടത്തിയ ഡയമ്പർ സിനഡും, ഉദയംപേരൂർ സൂനഹദോസും. അതിനുശേഷം പള്ളികൾ ലത്തീൻ ശൈലിയിൽ പുനഃസംഘടിപ്പിക്കുകയും , പള്ളികളിലെ സേവനവും, ആരാധന ക്രമവും , കുർബാന കുപ്പായവും ലത്തീൻ സമ്പ്രദായത്തിലേക്ക് മാറ്റുകയും ചെയ്തു. മൽപ്പാനേറ്റുകളുടെ പരമ്പരാഗത ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം മാറ്റി പകരം സെമിനാരികൾ സ്ഥാപിക്കപ്പെട്ടു. ( സെമിനാരികൾ ഇല്ലാതിരുന്ന അക്കാലത്ത് മുതിർന്ന വൈദീകന്റെ( മല്പാൻ) കൂടെ പള്ളിയോടു ചേർന്നുള്ള വീട്ടിൽ താമസിച്ചായിരുന്നു അന്ന് വൈദീക പഠനം നടത്തിയിരുന്നത്). പാഠ്യപദ്ധതിയിൽ സുറിയാനിക്കു പകരം ലാറ്റിൻ ഉൾപ്പെടുത്തി.. വിവാഹിതരായി കുടുംബസമേതം ജീവിച്ചുപോന്നിരുന്ന വൈദീകരോട് ഭാര്യയെ ഉപേഷിക്കാൻ നിർബന്ധിക്കുകയും അതിന് സമ്മതിക്കാത്തവരെ നാട്ടുരാജാവിന്റെ സൈന്യത്തിന്റെ സഹായത്തോടെ ജയിലിൽ അടക്കുകയും കഠിന പീഡനത്തിന് ഇരയാക്കുകയും ചെയ്തു . അങ്ങനെ സുറിയാനി സഭയിലെ വിവാഹിതരായിരുന്ന നിരവധി നാട്ടുവൈദീകരെയും അൽമായരേയും കഠിനമായ പീഡനത്തിനിരയാക്കി കത്തോലിക്കാ വിശ്വാസികളാക്കി പരിവർത്തനം ചെയ്യിച്ചു. ആഗോള കിഴക്കൻ സുറിയാനിസഭ വിശുദ്ധനായി വണങ്ങിയിരുന്ന ക്നായി തോമ്മന്റെ വിശുദ്ധ പദവി പോർച്ചുഗീസുകാർ അംഗീകരിച്ചില്ല , എന്നാൽ ഇന്നും സുറിയാനി സഭ ക്നായി തോമ്മനെ വിശുദ്ധനായി വണങ്ങുകയും, വിശുദ്ധന്റെനാമത്തിൽ പള്ളി സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്.
പോർച്ചുഗീസുകാരുടെ പല വിധത്തിലുള്ള പീഠനങ്ങൾ സഹിക്കവയ്യാതെ
1653 ജനുവരി 3-ന് മട്ടാഞ്ചേരിയിൽ വെച്ച് നടത്തിയ കൂനൻ കുരിശ് ശപഥത്തിൽ ജെസ്യൂട്ടുകളുടേയും , ലാറ്റിൻ കത്തോലിക്കരുടേയും അധികാരശ്രേണിക്ക് കീഴടങ്ങില്ലെന്നും,
സഭാ-മതേതരജീവിതത്തിൽ പോർച്ചുഗീസ് ആധിപത്യം അംഗീകരിക്കില്ലെന്നും പ്രതിഞ്ജയെടുത്തു. കേരളത്തിലെ സുറിയാനി പാരമ്പര്യം തുടർന്നു പോകണമെന്നാഗ്രഹിച്ച എല്ലാ ക്രിസ്ത്യാനികളും തന്നെ കൂനൻ കുരിശ് സത്യത്തിൽ പങ്കെടുത്തു .
കൂനൻ കുരിശ് സത്യത്തിന് ശേക്ഷം ഭൂരിഭാഗം തെക്കുംഭാഗരും മറ്റ് ക്രിസ്ത്യാനികളോടൊപ്പം കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് പുനരൈക്കൃപ്പെട്ടു. ബാക്കിയുള്ള തെക്കുംഭാഗർ കിഴക്കൻ സുറിയാനി സഭയുടെ ഭാഗമായിത്തന്നെ തുടർന്നു, ഇവർ ചിങ്ങവനം, റാന്നി എന്നീ പ്രദേശങ്ങൾ കേദ്രീകരിച്ച് ജീവിച്ചുപോന്നു. ക്നാനായ യാക്കോബക്കാർ എന്നാണ് ഇന്നവർ അറിയപ്പെടുന്നത്. അന്ന് കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് പുനരൈക്കൃപ്പെട്ട തോമാശ്ലീഹായിൽ നിന്നും വിശ്വാസം സ്വീകരിച്ചു എന്നു പറയപ്പെടുന്ന സെയിന്റ് തോമസ് ക്രിസ്ത്യാനികളാണ് ഇന്നത്തെ സിറോ മലബാർ സഭാഅംഗങ്ങൾ.
മർത്താമാറിയത്തിന്റെ നാമത്തിൽ സ്ഥാപിതമായ പുന്നത്തുറപ്പള്ളി 1653 ലെ കൂനൻ കുരിശ് സത്യത്തിനു ശേഷം സെയിന്റ് തോമസ് പള്ളി എന്ന് പുനർനാമകരണം ചെയ്ത് ഇടവകക്കാർ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. പോർച്ചുഗീസുകാരുടെ വരവിനു മുൻപുവരെ നമ്മുടെ നാട്ടിൽ സ്ഥാപിക്കപ്പെട്ട ഒട്ടുമിക്ക പള്ളികളും മാതാവിന്റെ നാമത്തിലുള്ളവയായിരുന്നു .
1800 കളുടെ അവസാനത്തോടെ പുന്നത്തുറയിലുള്ള തെക്കുംഭാഗരുടെയും, വടക്കുംഭാഗരുടെയും ഇടയിൽ വിഭാഗീയത ശക്‌തമായി. തങ്ങളുടെ അസ്തിത്വത്തെ മറന്നുകൊണ്ടോ മാറിനിന്നുകൊണ്ടോ ഉളള ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായിനിലകൊള്ളാന്‍ തെക്കുംഭാഗക്കാര്‍ തയ്യാറായിരുന്നില്ല. വിഭാഗീയതയെ തുടർന്ന് ഇരു കൂട്ടർക്കും കുർബാനയും, പൊതുയോഗവും വെവേറെയായിരുന്നു ക്രമീകരിച്ചിരുന്നത്. ഇരുകൂട്ടരും തമ്മിലുള്ള ആശയവൈരുദ്ധ്യങ്ങള്‍ ഒരു സംഘര്‍ഷത്തിന്റെ വക്കിലെത്തിയപ്പോള്‍ ഇരുവിഭാഗക്കാരുടെയും അഭിപ്രായപ്രകാരം ചാള്‍സ് ലവീഞ്ഞ് മെത്രാന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്ക് തുടക്കമായി. പുന്നത്തുറ പള്ളിയിൽ വിഭാഗീയത ഉണ്ടാകുവാൻ കാരണം ന്യൂനപക്ഷമായ തെക്കുംഭാഗർ തനിമ നിലനിർത്തികൊണ്ട് ഇടകലരാതെ ജീവിച്ചതുകൊണ്ടാണ്. ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്കായി തെക്കുംഭാഗക്കാര്‍ തങ്ങളുടെ വക്താവായി തിരഞ്ഞെടുത്തത് അന്ന് നാട്ടിലെ പ്രമാണിയായിരുന്ന കടുതോടിൽ പാച്ചിമാപ്പിളയെയായിരുന്നു. കോട്ടയം CMS ഇംഗ്ലീഷ് സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയിരുന്ന പാച്ചിമാപ്പിളയുടെ നയതന്ത്രജ്ഞതയിലും കര്‍മ്മശേഷിയിലും സമുദായസ്‌നേഹത്തിലും തെക്കുംഭാഗക്കാര്‍ക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ചങ്ങനാശ്ശേരി അരമനയില്‍ നടന്ന അനുരഞ്ജനസംഭാഷണത്തില്‍ പാച്ചി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ഐകകണ്‌ഠ്യേന സ്വീകരിക്കപ്പെട്ടു.
പുന്നത്തുറ വലിയപളളി തെക്കുംഭാഗക്കാര്‍ക്കും ചെറിയ പള്ളി വടക്കുംഭാഗക്കാര്‍ക്കും സ്വത്തു പപ്പാതിയും വീതിച്ചെടുക്കാം എന്നതായിരുന്നു പാച്ചിയുടെനിര്‍ദ്ദേശം. ഭാവിയില്‍ സാഹോദര്യത്തോടെ ജീവിക്കാന്‍ ഈ വിഭജനം അത്യാവശ്യമാണെന്ന് ഇരുകൂട്ടര്‍ക്കും ബോധ്യമായിരുന്നു. അങ്ങനെ പാച്ചിയുടെ നയതന്ത്രപരമായ ഇടപെടലുകളാൽ പുന്നത്തുറ പള്ളി ന്യൂനപക്ഷമായ തെക്കുംഭാഗക്കാര്‍ക്ക് മാത്രമായി ലഭിച്ചു.
1894 ൽ ആയിരുന്നു ഈ തീരുമാനം, പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന ഈ സംഭവം ക്‌നാനായ സമുദായചരിത്രത്തിലെ സുവര്‍ണ്ണനിമിഷങ്ങളായിരുന്നു. ആര്‍ക്കും ആക്ഷേപത്തിന് ഇടവരുത്താത്ത നയപരമായ ഈ തീരുമാനം ചാള്‍സ് ലവീഞ്ഞ് മെത്രാന്റെ പോലും പ്രശംസയ്ക്ക് പാച്ചിയെ പാത്രമാക്കി. മാത്രവുമല്ല സമുദായചരിത്രത്തില്‍ ഈ പ്രത്യേകകാര്യം രേഖപ്പെടുത്തപ്പെട്ടപ്പോള്‍ പാച്ചിയുടെ പേരും അതില്‍ നിറഞ്ഞുനിന്നു. 1896 ൽ വടക്കുംഭാഗർ അല്പം മാറി പുതിയ പള്ളി പണിതു, വെള്ളാപ്പള്ളി പള്ളി എന്നാണ് ആ പള്ളി അറിയപ്പെടുന്നത്. എന്നാൽ ഔദ്യോഗികമായി രണ്ടായി വേർപിരിഞ്ഞുകൊണ്ടുള്ള രേഘകൾ ഒപ്പിട്ട് കൈമാറിയത് 1898 ലാണ്. ഭാവിയിൽ പ്രശനങ്ങൾ ഉണ്ടാവാതിരിക്കാൻ തെക്കുംഭാഗർ പണിയുവാൻ പോകുന്ന പള്ളികൾ തെക്കുംഭാഗർക്ക് മാത്രമായിരിക്കണമെന്നും, തെക്കുംഭാഗർക്ക് മാത്രമായി ഒരു വികാരിയത്ത്
(രൂപത ) വേണമെന്നുമുള്ള കടുതോടിൽ പാച്ചി മാപ്പിളയുടെ ആവശ്യം മാക്കീൽ പിതാവും, തെക്കുംഭാഗരും ഏറ്റെടുത്തു.
ക്‌നാനായ സമുദായത്തിന്റെ നവോത്ഥാന നായകനും, പ്രതിസന്ധി ഘട്ടത്തിൽ മാക്കീല്‍പിതാവിന്റെ വലംകൈയായും പ്രവർത്തിച്ച പാച്ചി 1904 -ൽ മരണമടഞ്ഞു. മാക്കീല്‍പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം പൊതുജനങ്ങളുടെ കൂടി ആഗ്രഹം കണക്കിലെടുത്ത് പുന്നത്തുറ ദേവാലയത്തിന്റെ ഉള്ളിലാണ് പാച്ചിയെ സംസ്‌കരിച്ചത്. ഒരു അൽമായന് അപൂര്‍വ്വമായി കിട്ടുന്ന ഭാഗ്യമായിരുന്നു അത്. സമുദായത്തിനും നാടിനും സഭയ്ക്കും വേണ്ടി പാച്ചിമാപ്പിള ചെയ്ത സേവനങ്ങള്‍ക്കുള്ള ഏറ്റവും ഉചിതമായ അംഗീകാരം.
കല്ലറയുടെ ഫലകത്തിന് മീതെ പാച്ചിയുടെ ജീവിതസംഗ്രഹവും സമുദായത്തിന് വേണ്ടി ചെയ്ത സേവനങ്ങളും രേഖപ്പെടുത്തിവയ്ക്കാനും അന്നത്തെ തലമുറ മറന്നില്ല. ചിതറിപ്പോകുമായിരുന്ന തങ്ങളെ ചേര്‍ത്തുപിടിച്ച് ഒരു മഹാലക്ഷ്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ പാച്ചിമാപ്പിളയെ എന്നും സ്മരിക്കുവാനും, ക്‌നാനായ സമുദായത്തിന്റ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രയത്‌നിച്ച പാച്ചിമാപ്പിളയോടുളള തങ്ങളുടെ നന്ദിയും സ്‌നേഹവും അറിയിക്കുവാനും അതേറ്റവും ഉചിതമാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു.അങ്ങനെ ചരിത്രത്തിന് മറക്കാനാവാത്ത സാക്ഷ്യമായി ആ ശിലാഫലകം ഇന്നും പുന്നത്തുറപള്ളിയില്‍ സ്ഥിതി ചെയ്യുന്നു.
ഒരു അല്മായന്റെ വരവുനോക്കി ദേവാലയത്തില്‍ വിശുദ്ധകുര്‍ബാനയ്ക്കുള്ള മൂന്നാം മണിയടിക്കാന്‍ ദേവാലയശുശ്രൂഷി നോക്കിനിന്നിരുന്ന ഒരു കാലത്തെക്കുറിച്ച് ഇന്ന് ആര്‍ക്കെങ്കിലും ചിന്തിക്കാനാവുമോ? ഇല്ലെങ്കില്‍ അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ട്. കിടങ്ങൂരിലെ മീനച്ചിലാറിന്റെ സമീപത്തെ കടുതോടിൽ തറവാട്ടില്‍ നിന്ന് വളളത്തില്‍ ദേവാലയത്തിലേക്ക് പുറപ്പെടുന്ന പാച്ചി എത്തിച്ചേരുന്നതും നോക്കി പുന്നത്തുറ പള്ളികടവില്‍ കപ്യാര്‍ നോക്കിനിന്നിരുന്ന കാലമുണ്ടായിരുന്നു. പാച്ചി വള്ളത്തില്‍ നിന്നിറങ്ങിക്കഴിഞ്ഞേ മൂന്നാം മണിയടിച്ച് അള്‍ത്താരയില്‍ മെഴുകുതിരികള്‍ കൊളുത്തിയിരുന്നുള്ളൂ. അത്രയ്ക്കും ഒരുകാലത്ത് ആദരിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്തിരുന്ന സമുദായനേതാവായിരുന്നു കടുതോടില്‍ പാച്ചിമാപ്പിള.
ക്‌നാനായ സമുദായാംഗമായിരിക്കുന്നതിന്റെ അഭിമാനം നെഞ്ചിലേറ്റാന്‍ ആഹ്വാനം ചെയ്ത കടുതോടില്‍ പാച്ചിമാപ്പിളയുടെ സേവനങ്ങളെയും സംഭാവനകളെയും വരും തലമുറ തീര്‍ച്ചയായും പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതാണ്. തെക്കുംഭാഗക്കാര്‍ക്ക് മാത്രമായി ഒരു വികാരിയാത്ത് സ്ഥാപിച്ചെടുക്കുന്നതില്‍ ഇദ്ദേഹം യത്‌നിച്ച ശ്രമങ്ങളെ ആര്‍ക്കു കണ്ടില്ലെന്ന് നടിക്കാനാവും ?
2024 എന്ന വർഷം പുന്നത്തുറ ഇടവകക്കാർക്കെന്നപോലെതന്നെ തെക്കുംഭാഗരെ സംബന്ധിച്ചിടത്തോളം ഏറെ ചരിത്ര പ്രാധാന്യമുള്ള വർഷമാണ്. പള്ളി സ്ഥാപിതമായിട്ട് 400 വർഷവും, ഈ പള്ളി തെക്കുംഭാഗക്കാര്‍ക്ക്‌മാത്രമായി ലഭിക്കുന്നതിന് കാരണക്കാരനായ പാച്ചി മാപ്പിളയുടെ 175-ാം ജന്മവാർഷികവുമാണ്. ക്നാനായ സമുദായത്തിന്റെ ചരിത്രത്തിൽ പ്രമുഘസ്ഥാനം നൽകേണ്ടിയിരുന്ന ഒരു ദൈവാലയമാണ് അനേക ചരിത്ര സത്യങ്ങൾക്ക് സാക്ഷ്യം വഹിച്ച പുന്നത്തുറ പഴയ പള്ളി .
✍🏿 Cyriac Thomas Kaduthodil.
📞 9591070550