Breaking news

വെയിൽസിലെ സെയിന്റ് അന്തോണീസ് ക്നാനായ കാത്തലിക്‌ പ്രൊപ്പോസ്ഡ് മിഷനില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി

വെയിൽസിലെ സെയിന്റ് അന്തോണീസ് ക്നാനായ കാത്തലിക്‌ പ്രൊപ്പോസ്ഡ് മിഷനില്‍ അത്ഭുത പ്രവർത്തകനും, മിഷൻ മധ്യസ്ഥനുമായ  വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി. കാർഡിഫ്  St Illtyd’s സ്കൂൾ ചാപ്പലിൽ നടന്ന ഭക്തിസാന്ദ്രമായ തിരുനാള്‍ കുര്‍ബാനയും,   പ്രദക്ഷിണവും മറ്റു തിരുക്കർമ്മങ്ങളും നാട്ടിലെ തിരുനാള്‍ ആഘോഷങ്ങളെ അനുസ്മരിക്കും വിധമായിരുന്നു.
തിരുനാള്‍ ദിവസം ഉച്ചകഴിഞ്ഞ് 2.30 ന് മിഷൻ  കോഓര്‍ഡിനേറ്റര്‍ ഫാദര്‍ അജൂബ് തോട്ടനാനിയിൽ  തിരുനാള്‍ കൊടിയേറ്റിയതോടുകൂടി തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന്, പ്രെസുദേന്തി വാഴ്ച, ലദീഞ്ഞ്  എന്നിവയും നടത്തി.  ഫാദർ ജോബി വെള്ളപ്ലാക്കേൽ CST യുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു. ഫാദർ അജൂബ് തോട്ടനാനിയിൽ സഹകാര്‍മ്മികനായി. ദൈവ കേന്ദ്രീകൃത സമൂഹമായ ക്നാനായ സമൂഹത്തിന്റെ ക്രൈസ്തവ വിശ്വാസവും പാരമ്പര്യവും വരുംതലമുറയിലേക്ക് ഒരുപോലെ പകർന്ന് നൽകണമെന്ന്  ഫാദർ ജോബി തിരുനാൾ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തിരുനാള്‍ കൊടികളുമേന്തി വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും   തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികള്‍ അണിനിരന്നു ഭക്ത്യാദരപൂര്‍വ്വം നടത്തിയ പ്രദക്ഷിണം എല്ലാവര്‍ക്കും ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. ഫാദർ മാത്യു പാലറകരോട്ട് CRM പ്രദക്ഷിണത്തിന് കാർമ്മികത്വം വഹിച്ചു.
പ്രദക്ഷിണം തിരികെ ദൈവാലയത്തില്‍ പ്രവേശിച്ചതിനുശേഷം സമാപന ആശീര്‍വ്വാദം നല്‍കി.
തുടർന്ന് വിശ്വാസികൾക്കായി കഴുന്നെടുക്കുന്നതിനും തിരുസ്വരൂപങ്ങൾ വണങ്ങി മധ്യസ്ഥ പ്രാർത്ഥനയ്ക്കുള്ള അവസരവും ഒരുക്കിയിരുന്നു.
തിരുന്നാളിനോട് അനുബന്ധിച്ച് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കളറിംഗ്
മത്സരത്തിൽ വിജയികളായവരായ സാറാ കുര്യാക്കോസ്, ജോഷ് ഷിബു, നതാലിയ റ്റിജോ എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു. വളരെ നാളത്തെ പരിശീലനത്തിന് ശേഷം തിരുനാള്‍ ദിവസം അരങ്ങേറ്റം കുറിച്ച് ആസ്വാദ്യകരമായി മേളപ്പെരുമയൊരുക്കിയ UKKCA BCN  യൂണിറ്റിന്റെ ചെണ്ടമേളം ട്രൂപ്പിനെ മിഷൻ പ്രത്യേകം അനുമോദിക്കുകയുണ്ടായി.
തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ക്ക് സ്‌നേഹവിരുന്നും തിരുനാൾ കമ്മറ്റി ക്രമീകരിച്ചിരുന്നു.
വൈകുന്നേരം 7 മണിയോടെ മിഷൻ കോർഡിനേറ്റർ  കൊടിയിറക്കിയതോടുകൂടി ഈ വർഷത്തെ ഇടവക തിരുനാളിന്  പരിസമാപ്തിയായി.
തിരുനാളിന്  മുന്നോടിയായി 30 അംഗ പ്രസുദേന്തിമാരെയും മിഷൻകമ്മിറ്റി അംഗങ്ങളെയും ഇടവക ജനങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച വിവിധ കമ്മറ്റികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് തിരുനാള്‍ ആഘോഷങ്ങളുടെ വലിയവിജയത്തിന് സഹായകരമായത്.
അനുഗ്രഹദായകവും വിശ്വാസ ദീപ്തവും ഒപ്പം സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും സുദിനമായി മാറിയ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയ എല്ലാവര്‍ക്കും തിരുനാള്‍ കമ്മറ്റി കണ്‍വീനർ തോമസ്കുട്ടി കുഴിമറ്റത്തിൽ  നന്ദി പ്രകാശിപ്പിച്ചു. തിരുനാള്‍ ക്രമീകരണങ്ങളുടെ വിവിധ കമ്മറ്റികളുടെ നേതൃനിരയിലുണ്ടായിരുന്നവരെ കൈക്കാരന്മാരായ ബെന്നി ഫിലിപ്പ്, തങ്കച്ചൻ കനകാലയം, ജെയിംസ് ജോസഫ് എന്നിവര്‍ അഭിനന്ദിച്ചു. കേരളത്തില്‍നിന്നും വെയിൽസിലെ വിവിധ പ്രദേശങ്ങളിൽ  താമസിക്കുന്ന വിശ്വാസി സമൂഹത്തിന്റെ  സാന്നിധ്യവും പ്രാര്‍ത്ഥനകളും ഈ തിരുനാളിലുണ്ടായത് മിഷൻ അംഗങ്ങളുടെ കൂട്ടായ്മയും സ്‌നേഹവും വിളിച്ചോതുന്നതും അത്  പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണെന്നും തിരുനാള്‍ കമ്മറ്റി വിലയിരുത്തി.
കൂടുതൽ ചിത്രങ്ങൾക്കായി ഫേസ്ബുക് പേജ് ലിങ്ക് ക്ലിക്ക് ചെയ്യുക.
https://www.facebook.com/St.AnthonysKnanayaMissionWales/                                                                                                                                           
Facebook Comments

knanayapathram

Read Previous

July6 ലെ UKKCA കൺവൻഷൻ ക്നാനായ സാഗരമാകുമെന്ന് ഉറപ്പാവുമ്പോൾ ഒരുക്കങ്ങൾ പുനപരിശോധിച്ച് വിവിധകമ്മറ്റികൾ

Read Next

കേരള സർക്കാൻ്റെ ലോക കേരളസഭയിലേയ്ക്ക് യു. കെ യിലെ വെയിൽസ് ൻ്റെ പ്രതിനിധി ആയി ശ്രീ: സുനിൽ മലയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു