Breaking news

അർപ്പണബോധമുള്ള അധ്യാപകർ കൊളുത്തി നൽകിയ അറിവിൻ്റെ തിരികൾ ഏറ്റുവാങ്ങാൻ അനേകം പേർ: UKKCA യുടെ സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ അനുസ്യൂതം തുടരുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PR0 UKKCA

സെലുഷ്യാ സ്റ്റെസിഫോണിലെ കാസോലിക്കോസിൻറെ നിർദ്ദേശാനുസരണം മാല്യംകരയിലേയ്ക്ക് ക്നായിത്തൊമ്മൻറെ നേതൃത്വത്തിൽ ഉറഹാമാർ യൗസേപ്പ് മെത്രാനും വൈദികരും ഡീക്കൻമാരും ഉൾപ്പെടെ ഏഴില്ലത്തിൽപെട്ട എഴുപത്തിരണ്ട് കുടുംബക്കാരുടെ പിൻഗാമികൾ ഓരോരുത്തരും ഹൃദയഭിത്തികളിൽ കുടിയേറ്റ ചരിതം കോറിയിട്ടവരാണ്. യഹൂദ പാരമ്പര്യവും, ഭാരത സംസ്കാരവും, ക്രൈസ്തവവിശ്വാസവും ഇടകലർന്ന ത്രിവേണി സംഗമമാണ് ഇന്ന് ക്നാനായ ജനം. ഭാരത സഭയ്ക്ക് ശക്തി പകരുകയും സുറിയാനി ആരാധനാക്രമം നൽകുകയും ചെയ്ത ക്നാനായക്കാർ നൂറ്റാണ്ടുകളായി കൈമോശം വരാതെ കൈമാറുന്ന പാരമ്പര്യങ്ങളുടെ വേരുകൾ പഴയ നിയമത്തിലെ പുറപ്പാട്, തോബിത്ത്, എസ്രാ പുസ്തകങ്ങളിലനവധിയാണ്.

ക്നാനായ ചരിത്രവും പാരമ്പര്യവും പഠനവിധേയമാക്കാതിരിയ്ക്കുന്നതും, പുസ്തകങ്ങളിലേക്ക് കോറിയിടാതെ പോയ ചരിത്രവും,ക്നാനായ വീരഗാഥകൾ പാടി നടന്ന പാണൻമാർ ഇല്ലാതെയായതും,ക്നാനായക്കാർ നൂറ്റാണ്ടുകളായി ആചാരങ്ങളിൽമേലുള്ള കടന്നു കയറ്റവും, നന്നായി വേലി കെട്ടിയില്ലെങ്കിൽ ആരും കയറി തേങ്ങയിട്ടു കൊണ്ടുപോവുന്ന തെങ്ങിൻ തോപ്പാവുമെന്ന് തിരിച്ചറിയാത്തതും ക്നാനായക്കാരുടെ അസ്ഥിത്വം നാളെ ഒരു പക്ഷെഇല്ലാതെയാവുന്നതിന് കാരണമായേക്കാം. ജൻമം കൊണ്ടും കർമ്മം കൊണ്ടും ക്നാനായക്കാരായവരുടെ മക്കൾക്ക് ക്നാനായ സമുദായത്തെക്കുറിച്ചുള്ള അവബോധം പകർന്നേകേണ്ടത്ത്-സൈബർ യുഗത്തിൻ്റെ ഭ്രമിയ്ക്കുന്ന മായക്കാഴ്ച്ചയുടെ ചതിക്കുഴിയിൽ പെടാതെ, ക്രൈസ്തവ വിശ്വാസത്തിൽ അടിയുറച്ച് ക്രിസ്തു സാക്ഷികളായി വളരാൻ സഹായിക്കേണ്ടത് ക്നാനായ മാതാപിതാക്കളുടെ കടമയാണ്.

മക്കൾക്കുള്ളത് നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കാതെ, പറയുടെ കീഴിലോ കട്ടിലിൻറെ അടിയിലോ വയ്ക്കാതെ മലമുകളിൽ വിളക്കു കൊളുത്തി പ്രകാശംപരത്താൻ, മുപ്പതുമേനിയും അറുപത് മേനിയും നൂറു മേനിയും വിളയിക്കാനായി മടി കൂടാതെ മുന്നോട്ട് വന്ന ഒരു പറ്റം അധ്യാപകരാണ് UKKCA യുടെ മതബോധന-സമുദായ ബോധവൽക്കരണ ക്ലാസ്സുകൾക്ക് ജീവനേകുന്നത്. നിയമഞ്ജരേയും ഫരിസേയരേയും, ചുങ്കക്കാരെയും ഒഴിവാക്കി തൊഴിലാളികളായ മുക്കുവരെ ശിഷ്യരാക്കി തെരഞ്ഞെടുത്ത,ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിയ്ക്കാൻ അവർക്ക് കഴിവ് നൽകിയ ദിവ്യനാഥൻ ക്നാനായ കുഞ്ഞുമക്കൾക്ക് അറിവിൻറെ വെളിച്ചമേകാൻ ക്നാനായത്തനിമ എക്കാലവും നിലനിർത്താൻ മുന്നോട്ട് വന്ന അധ്യാപകർക്ക് തുണയാവട്ടെ. സമുദായ ഉന്നമനത്തിനായി കസേരയിൽ ചാരിക്കിടന്ന് നവമാധ്യമങ്ങളിലൂടെ നിത്യവും മണിക്കൂറുകൾ ചെലവഴിക്കാതെ പ്രവാസനാട്ടിലെ ആദ്യ തലമുറയ്ക്ക് ക്നാനായക്കാരേക്കുറിച്ച്,ജീവൻറെ വചസ്സുകളെക്കുറിച്ചും പറയാൻ വന്നവർ അഭിനന്ദനമർഹിയ്ക്കുന്നു.

Facebook Comments

knanayapathram

Read Previous

മാതൃദിനവും നേഴ്‌സസ് ദിനാഘോഷവും

Read Next

അഞ്ചാമത് ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് ഓഷ്യാന (kcco) കൺവെൻഷൻ മെൽബണിൽ .