

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
പകൽ മുഴുവൻ കത്തിയെരിഞ്ഞ് ഭൂമിയെ ചുട്ടുപൊള്ളിച്ച സൂര്യൻ കടലിൽ മുങ്ങിത്താണ് കടൽ വെള്ളത്തെ പൊള്ളിക്കാൻ തുടങ്ങിയിട്ട് അധിക നേരമായില്ല. വല്ലപ്പഴും വീശുന്ന ചെറുകാറ്റിനും തണുപ്പുണ്ടായിരുന്നില്ല. പള്ളി മുറ്റത്തെ വൈദ്യുത വിളക്കുകൾ തെളിഞ്ഞു. ആറേമുക്കാലിന് പതിവുപോലെ പള്ളിമണികൾ മുഴങ്ങി.
വൈകിട്ട് ഏഴുമണിക്ക് പൊതുയോഗം തുടങ്ങുമെന്ന് അറിയിച്ചിരുന്നതാണ് ആറേമുക്കാലിനുതന്നെ ഹാളിനു മുന്നിലും കാർ പാർക്കിലുമൊക്കെയായി പതിവിൽ കൂടുതൽ ആളുകളെ കണ്ടെങ്കിലും ഹാളിനുള്ളിലേക്ക് ആരും കയറുന്നില്ല.
പൊതുയോഗം തുടങ്ങുകയാണ് പങ്കെടുക്കുന്നവർ ദയവായിഹാളിനുള്ളിലേയ്ക്ക് വരണം എന്ന വികാരിയച്ചൻറ്റെ അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ മുഴങ്ങി.പശമുക്കി വടിപോലെയാക്കി അടുത്തുനിന്നാൽ കുത്തിക്കയറുമെന്ന് തോന്നുന്നഖദർ ഷർട്ടിനുള്ളിൽ കയറിക്കൂടിയ ആഞ്ഞിലിമൂട്ടിൽ ദേവസ്യായും, പളുപളാ മിന്നുന്ന നീളൻ ജുബ്ബയ്ക്കുള്ളിലെ നെടുവേലിയിൽ ഗീവർഗ്ഗീസും പള്ളിമുറ്റത്ത് കുശലം പറഞ്ഞു നിൽക്കുന്ന ആളുകൾക്കിടയിലൂടെ ഓടിനടന്ന് ഹസ്തദാനം ചെയ്ത് കാതിൽ സ്വകാര്യം പറഞ്ഞുനീങ്ങി.ദേവസ്യായുടെ വല്യപ്പൻ്റെ കാലം മുതലേ ആഞ്ഞിലിമൂട്ടിൽക്കാർ അറിയപ്പെടുന്ന ബിൽഡിംഗ് കോൺട്രാക്ടർമാരായിരുന്നു അതേ പാതയിൽ തന്നെയായിരുന്നു ദേവസ്യായും. ആഞ്ഞിലിമൂട്ടിൽ കോൺട്രാക്ടേഴ്നിൻ്റെ ലോറികളിലും സ്റ്റോറിലുമൊക്കെ ഇടവകയിലെ പ ചെറുപ്പക്കാരിൽ പലരും ജോലി നോക്കുന്നു.
നെടുവേലിൽ ഗീവർഗ്ഗീസ്സ് പെയിൻ്റുകടയും ഇരുമ്പു സാധനങ്ങളുടെ കടയും നടത്തുകയാണ്. നെടുവേലിൽ ടൈൽസ് എന്ന ഒരു കട അടുത്തകാലത്ത് പട്ടണത്തിൽതുടങ്ങിയിട്ട്. ഗീവർഗ്ഗീസും ദേവസ്യയുമൊക്കെ കുറച്ചുകാലമായി പള്ളിക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിച്ച് തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ എല്ലാ ഞായറാഴ്ച്ചകളിലും പള്ളിയിൽ വരികയും വാർഡ് യോഗങ്ങളിലും പൊതുയോഗങ്ങളിലും സംബന്ധിയ്ക്കുകയും ചെയ്യുന്നു.മുമ്പൊക്കെ അവർക്ക് ഇതിലൊന്നും വലിയ താൽപ്പര്യമില്ലായിരുന്നു.
കോവിഡ് വന്നതിനുശേഷംരണ്ടു പേരുടെയും ബിസിനസ്സ് ഒക്കെ വളരെ മോശമാണെന്നൊക്കെയാണ് അവരുടെ സ്ഥാപനത്തിലെ ചില ജോലിക്കാർ പറയുന്നത്. പഴയതുപോലെ കെട്ടിടം പണികളൊന്നും നടക്കുന്നില്ല. പോരാത്തതിന് UK യിലേക്കും USA യിലുമൊക്കെ കുടിയേറിയവരാരും തിരിച്ചുവരുന്നില്ല. അവരിപ്പോൾ വീടൊന്നും പണിയുന്നില്ലെന്ന് മാത്രമല്ല പണ്ട് പണിത വീടുകളൊത്തിരി വിൽക്കാനുമിട്ടിരിയ്ക്കുന്നു. കുറഞ്ഞവിലയ്ക്ക് ഇഷ്ടം പോലെ നല്ല വീടുകളുള്ളപ്പോൾ പിന്നെയാരാ വീടുപണിയാൻ പോകുന്നത്.
ദേവസ്യായുടെയും ഗീവർഗ്ഗീസിൻ്റെയും രഹസ്യങ്ങൾ കേട്ടപ്പോൾ തലകുലുക്കാതിരുന്നവദേവസ്യായുടെ ഡ്രൈവർ സാബുവും ഗീവർഗ്ഗിസിൻ്റ കടയുടെ മാനേജർ ജോപ്പനും ഗീവർഗ്ഗീസിൻറെ അപ്പാപ്പൻ്റ മകൻ മനോജും കൃത്യമായി കണ്ടുപിടിച്ച് അവരുടെയെടുത്തെത്തി കാതിൽ മന്ത്രിച്ചു
ചേട്ടനിങ്ങു വന്നേഓ വേണ്ടെടാ മക്കളെ
ഇങ്ങു വാ ചേട്ടാ ചെറുത് മതിയെന്നേ
ഇപ്പം വേണ്ടെടാ പൊതുയോഗം കഴിയട്ടെ
അതിനിപ്പം ഇതാരാ അറിയാൻപോകുന്നത്, പൊതുയോഗം കഴിയുമ്പം ഒന്നൂടെയാകല്ലോ
അവരുടെ ആതിഥ്യം സ്വീകരിച്ച് ആൾകൂട്ടത്തിനിടയിലൂടെ പള്ളി മൈതാനത്തേക്ക് നടന്നവർക്ക് തങ്ങൾ ക്ഷണിക്കപ്പെട്ടതിൽ വളരെ സന്തോഷവും അഭിമാനവും തോന്നി.
പള്ളിയുടെ പറമ്പുകളിലെ സ്ഥിരം കൂലിപ്പണിക്കാരനും ഇടവകയിലെ ഏറ്റവും പാവപ്പെട്ടവനുമായ കുഞ്ഞവറായും മുമ്പ് മരംവെട്ട് ജോലിക്കിടയിൽ മരത്തിൽ നിന്ന് വീണ് ഇടതുകാലിനേറ്റ പരിക്കിനു ശേഷം ജോലിക്കുപോവാനാവാത്ത ചട്ടൻ മത്തായിയും തങ്ങൾക്കും ചെറുത് കിട്ടുമെന്ന് കരുതി പള്ളിമുറ്റത്തൂടെ സാന്നിധ്യമറിയിച്ച് തേരാപ്പാര നടന്നെങ്കിലും ആരും അവരെ തിരിഞ്ഞ് നോക്കിയില്ല.
തൊണ്ടയിൽ ഒരു കുരുകുരുപ്പ് പോലെ തോന്നിയപ്പോൾ ചട്ടൻ മത്തായി ഒരു അവസാന ശ്രമമെന്ന നിലയിൽ പള്ളിമൈതാനത്തെ കാറുകൾക്ക്അരികിലൂടെ നടന്നുനോക്കിയെങ്കിലും ഫലമുണ്ടായില്ല. താൻ താഴ്ന്നവനാണെന്ന തോന്നൽ കൊണ്ട് പൊതുയോഗത്തിൽ മിണ്ടാനിരിയ്ക്കുന്നവനും, ഇരിക്കെടാ അവിടെ എന്നു പറഞ്ഞാൽ ഇരിക്കുന്നവനുമൊക്കെവേണ്ടി ആരാണ് കുപ്പിയുടെ അടപ്പ് തുറക്കുന്നത്.
പള്ളിമൈതാനത്ത് പാർക്ക് ചെയ്തിരുന്ന ദേവസ്യായുടെ കാറിനുള്ളിൽ വിദേശ മദ്യകുപ്പിയിൽ നിന്ന് ഗ്ലാസ്സുകളിലേക്ക് പകരുമ്പോൾ ഓരോത്തരോടും സോഡയാണോ വെള്ളമാണോ എന്ന് ചോദിയ്ക്കുന്നുണ്ടായിരുന്നു.
കുടിക്കാൻ വന്നവർക്ക് ചെറിയ ഒരു ചമ്മലുണ്ടായിരുന്നു.
കുറച്ചു മതിയെന്നും, ശ്ശോ വേണ്ടന്നെയെന്നുമൊക്കെ അവർ പറഞ്ഞവർക്ക് ചുവന്ന ദ്രാവകം ഉള്ളിൽചെന്ന് അൽപ്പം കഴിഞ്ഞപ്പോൾ ചമ്മലൊക്കെ മാറി.
ഒരെണ്ണം കൂടിയങ്ങ് ഒഴിക്കെടാ കൊച്ചേ
രണ്ടാമതും ഒഴിക്കുമ്പോൾ മനോജ് പറഞ്ഞു
ദേവസ്യാചേട്ടൻ പ്രത്യേകം പറഞ്ഞിരുന്നു ചേട്ടന് രണ്ടെണ്ണം തരണമെന്ന്.
അതങ്ങനെയാടാ കൊച്ചേ ഞാനും ദേവസ്യാമുതലാളിയും തമ്മിലുള്ള ഇരിപ്പുവശം. പുത്തൻ കണ്ട് മടുപ്പ് മറിയവനാ ദേവസ്യാ മുതലാളി
തറവാടിയല്ലോ തറവാടി.
വല്യ മുതലാളിയാണേലും നമ്മളെഒക്കെ ഓർത്തില്ലേടാ.ലണ്ടനിലും കാനഡായിലും പോയിട്ടു വന്നകുറെപുതുപ്പണക്കാരുണ്ടിവിടെ മനുഷ്യനെകണ്ടാൽ മിണ്ടുവോ
ചുവന്ന ദ്രാവകത്തിൻറെ കുപ്പിയടക്കുമ്പോൾ മനോജ് ഓർത്തു – ഇത് മദ്യമല്ലല്ലോ കഷായമല്ലേ ഇതൊരെണ്ണം കൊടുത്താൽ പിന്നെ എന്താ സ്നേഹം ഇവൻമാര് കൂടെ നിന്നോളും.
പൊതുയോഗം ആരംഭിയ്ക്കുകയാണ്. ഇപ്പോൾ തന്നെ വളരെ വൈകിയിരിക്കുന്നു. പങ്കെടുക്കാനുള്ളവർ ദയവായി ഹാളിനുള്ളിലേക്ക് കടന്നു വരിക.
അറിയിപ്പിനെ തുടർന്ന് ആരെയും കാത്തുനിൽക്കാതെ അച്ചൻ പ്രാർത്ഥനതുടങ്ങി. പുറത്തു നിന്നവർ ഓരോരുത്തരായി ഹാളിനുള്ളിലേക്ക് കടന്നുവരാൻ തുടങ്ങി.
പ്രാർത്ഥനയ്ക്കു ശേഷം കൈക്കാരൻ സ്വാഗതം പറയാൻ തുടങ്ങുമ്പോഴാണ് സെൻറ് ജോസഫ് കൂടാരയോഗത്തിലെ ഭാരവാഹികൾ ഒന്നിച്ച് കയറി വരുന്നത്. വികാരിയച്ചനുമായി അടുപ്പമുള്ള അവർ ഒന്നിച്ച് വരുന്നതുകണ്ടപ്പോൾ ഗീവർഗീസിന് ഒരു പന്തികേട് തോന്നി. അയാൾ സാബുവിനെ കണ്ണുകൊണ്ട് ആഗ്യം കാണിച്ചു. ഹാളിനുള്ളിലേക്ക് കയറാൻ തുടങ്ങിയ അവർ വേണ്ട വേണ്ട യെന്ന് പലവട്ടം പറഞ്ഞിട്ടും സാബു അവരെ നിർബന്ധിച്ച് ദേവസ്യായുടെ കാറിനടുത്തേക്ക് കൊണ്ടു പോയി. അവർ കയറി വന്നപ്പോൾ കൈക്കാരൻ സംസാരിയ്ക്കുകയായിരുന്നു.
പ്രിയ വിശ്വാസികളെ നിങ്ങൾക്കറിയാവുന്നതുപോലെ നമ്മുടെഇടവകയിലെ അംഗങ്ങളിൽ കൂടുതൽ പേർക്കും കുംടുംബക്കല്ലറയില്ല.ഒരുപാട്പുതിയ അംഗങ്ങൾ ഇടവകയിൽ അംഗങ്ങളാവുകയും ചെയ്തിരിയ്ക്കുന്നു. ഇനിയും കുടുംബകല്ലറ ആവശ്യപ്പെട്ടവർക്ക് കൊടുക്കാൻ നമ്മുടെ കൊച്ച് സെമിത്തേരിയിൽ സ്ഥലമില്ല.അതുകൊണ്ട് ഒരു പൊതു ശ്മശാനം എത്രയും പെട്ടെന്ന് നമുക്ക് പണിയേണ്ടിയിരിയ്ക്കുന്നു.ഇത് വളരെ അത്യാവശ്യമായി ചെയ്യേണ്ടിയിരിക്കുന്നതിനാൽ പള്ളിക്കമ്മറ്റിയംഗങ്ങൾ സെമിത്തേറിയുടെ ഒരു ഭാഗത്ത് സ്ഥലം കാണുകയും അവിടെ കുടുംബക്കല്ലറയുള്ളവരോട് അനുവാദം വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇതിനുവേണ്ടിയുള്ള പ്ലാൻ തയ്യാറാക്കുകയും നമ്മുടെ കല്ലറയ്ക്ക് വികാരിയച്ചൻ ശാന്തികവാടം എന്ന്’ പേരിടുകയും ചെയ്തിട്ടുണ്ട്. സമയബന്ധിതമായി പൊതുശ്മശാനം പൂർത്തിയാക്കുന്നതിനായി ഓരോ കുടുംബവും നാലായിരം രൂപവച്ച് എത്രയും പെട്ടെന്ന് നൽകണമെന്ന് അഭ്യർത്ഥിയ്ക്കുകയാണ്.
സെൻറ് ജോസഫ് കൂടാർയോഗത്തിൻ്റെ സെക്രട്ടറി സെബാൻ എണീറ്റുനിന്ന് ചോദിച്ചു. നാലായിരം രൂപ കൂടിയ തുയെല്ലേ, എന്തിനാണ് എല്ലാവർക്കും ഒരേ തുക ഈടാക്കുന്നത്, കൂടുതൽ ഉള്ളവരിൽ നിന്ന് കൂടുതലല്ലേ മേടിക്കേണ്ടത്?
സെബാനേ തുകയുടെകാര്യമൊക്കെ കഴിഞ്ഞയോഗത്തിൽ നമ്മൾ തീരുമാനിച്ചതും എല്ലാവരും സമ്മതിച്ചതുമാണല്ലോ
ദേവസ്യാമുതലാളി എണീറ്റു, സംസാരിക്കാൻ തുടങ്ങുന്നതിനുമുമ്പ് താങ്ങിക്കോണം കേട്ടോടാ എന്നമട്ടിൽ അടുത്തിരുന്ന രണ്ടുപേരെ ഒന്നു തോണ്ടിയിട്ട്
നമ്മുടെ ഇടവകയിലെ പാവപ്പെട്ടവർക്ക് ഈ തുക മുടക്കാൻ ബുദ്ധിമുട്ടെണ്ടെന്ന് സെബാൻ പറഞ്ഞതിൽ നിന്ന് മനസ്സിലാകിയതിനാൽ ഇതിനു വേണ്ടിയുള്ള മുഴുവൻ തുകയും ഞാനും ആഞ്ഞിലിമൂട്ടിൽ ഗീവർഗ്ഗീസും മുടക്കാൻ തയ്യാറാണ്.
അതായത് ഇടവകയിലെ 182 കുടുംബങ്ങളിൽ ആരും പൊതു സെമിത്തേരിയ്ക്കു വേണ്ടി ഒരു പൈസയും മുടക്കേണ്ടതില്ല പകരം ഓരോ കുടുംബവും സെമിത്തേറി ഉപയോഗിയ്ക്കുന്ന അവസരത്തിൽ മാത്രം ആയിരംരൂപ ഞങ്ങൾക്ക് തന്നാൽ മതിയാവും.
ദേവസ്യാ നിർത്തുന്നതിനുമുമ്പേ
കാറിലെ സൽക്കാരം സ്വീകരിച്ചവരിൽ ഒരാൾ കഷ്ടപ്പെട്ട് എണീറ്റു നിന്നു. കുഴഞ്ഞ ശബ്ദത്തിൽ ചെറുതായി അടിക്കൊണ്ട് പറഞ്ഞു
അത് നല്ല കാര്യമല്ലേ നാലായിരം രൂപയുടെ സ്ഥാനത്ത് ആയിരം മതിയല്ലോ.
വികാരി: അതു പിന്നെ ദേവസ്യാച്ചാ പള്ളിമുതൽ എല്ലാവർക്കും അവകാശപ്പെട്ടതല്ലേ, നിങ്ങൾ രണ്ടു പേർ മാത്രം അത് അവകാശവാക്കുന്നത് ശരിയാണോ, എൻ്റെ ആലയം കച്ചവടസ്ഥലമാക്കരുതെന്നല്ലേ
അച്ചോ അതിനിത് ആലയമല്ലല്ലോ സെമിത്തേരിയല്ലേ കർത്താവിപ്പം സെമിത്തേരിയിലേക്ക് മാറ്റിയോ താമസം
ഹാളിലുയർന്ന ചിരിയും ചിലരുടെ പരിഹാസഭാവവും അവഗണിച്ച് അച്ചൻ തുടർന്നു.
നാലായിരം രൂപ നമ്മൾ നേരത്തെ തീരുമാനിച്ചതും എല്ലാവരും സമ്മതിച്ചതുമല്ലേ, ആർക്കെങ്കിലും കൊടുക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഉള്ളവർ അവരെ സഹായിച്ചാൽ പോരേ
ഗീവർഗ്ഗീസ് ചാടിയെണീറ്റു
അല്ല അച്ചനെന്താ ഇത്ര വിഷമം സ്ഥിരമായി ഞങ്ങൾക്ക് ആയിരം രൂപ തരേണ്ട കാര്യമില്ല, പതിനഞ്ചോ ഇരുപതോ വർഷത്തേയ്ക്ക് മതി അതിനുശേഷം ഒരുത്തൻറേയും ഒരു പൈസ ഞങ്ങൾക്കുവേണ്ട, അതുവരെയുള്ള അവകാശം എഴുതിതന്നാൽ മതി.
പിതാവേ ഇവൻ പറയുന്നതെന്തെന്ന് ഇവൻ അറിയാത്തതിനാൽ ഇവനോട് ക്ഷമിക്കണമെ എന്ന് മനസ്സിൽ പറഞ്ഞ് അച്ചൻ ഇരുന്നു.
കൈക്കാരൻ ഒരു കടലാസിൽ എന്തോ എഴുതികൂട്ടിയിട്ട് പറഞ്ഞു:
ആയിരം രൂപ വച്ച് വാങ്ങിയാൽ ഏതാണ്ട് മൂന്നു നാല് വർഷത്തിനുള്ളിൽ ഇതിനു വേണ്ടി ചെലവാക്കിയ മുഴുവൻ പൈസയും തിരിച്ച് കിട്ടുമല്ലോ പിന്നെയെന്തിനാ 20 വർഷത്തെ അവകാശം തരേണ്ടത്
ജോപ്പൻ ഒന്ന് ചൊറിഞ്ഞപ്പോൾ ചാലെകുന്നിൽ ബിനോയി
അതെങ്ങനെയാ നിങ്ങൾക്ക് അങ്ങനെ പറയാനാകുന്നത് എത്ര പേർ മരിക്കുമെന്ന് നിങ്ങൾക്കെങ്ങനെ അറിയാം? നിങ്ങളെന്താ എല്ലാവരെയും വിഷം കൊടുത്ത് കൊല്ലാൻ പോവുകയാണോ?
കൈക്കാരൻ പിന്നെ യോഗം കഴിയുന്നതുവരെ എണീറ്റില്ല.
പള്ളിവക പള്ളിക്കൂടത്തിലെ അധ്യാപകനായ തോമസ്കുട്ടി സാർ എഴുന്നേറ്റപ്പോൾ പള്ളിക്കമ്മറ്റിയംഗങ്ങൾ പ്രതീക്ഷയോടെ ചെവിയോർത്തു
അതേയ് എൻ്റ വീട്ടിൽ ഞാനും ഭാര്യയും രണ്ടു മക്കളുമാ സെമിത്തേരി പണിയാൻ ഞാൻ കൊടുക്കേണ്ടത് നാലായിരം
എൻ്റെ വീട്ടിൽ 20 വർഷത്തിനുള്ളിൽ എല്ലാരും മരിച്ചാലും ഞാൻ ദേവസ്യാക്ക് കൊടുക്കുന്നതും നാലായിരം അതാവുമ്പം മരിച്ചാൽ കൊടുത്താൽ മതിയെന്ന സാവകാശമുണ്ട്, ഇരുപതു വർഷം കഴിഞ്ഞുള്ള ഓരോ മരണവും എനിക്ക് ഫ്രീയും
പള്ളിയുടെ സ്ഥലത്തിരിയ്ക്കുന്ന സെമിത്തേരിയുടെ ഉടമസ്ഥാവകാശം ആർക്കെങ്കിലും കൊടുക്കാനാവില്ല, മേലധികാരികളെ അറിയിച്ചിട്ട് അടുത്ത പൊതുയോഗത്തിൽ തീരുമാനമെടുക്കാം എന്ന് അച്ചൻ പറഞ്ഞപ്പോൾ ആകെ ബഹളമയം
അച്ചനെന്നാ ഇങ്ങോട്ട് വന്നത് ഇന്നലെ വന്ന് നാളെപോകുന്ന അച്ചനെന്താ ഇതിൽ കാര്യം
ഞാൻ സഞ്ചരിക്കുന്ന വഴികളിൽ അവർ എനിക്ക് കെണികൾ വച്ചു,ഞാൻ വലത്തേക്ക് തിരിഞ്ഞു നോക്കി എന്നെ അറിയുന്നവർ ആരുമില്ല എന്ന വാക്കുകൾ അച്ച നോർത്തു
ഞങ്ങടെ കാര്യം ഞങ്ങൾ തീരുമാനിച്ചോളാം
പള്ളിപ്പറമ്പിൻറെ ഉടമസ്ഥാവകാരമൊന്നും ഇവിടെയാർക്കും വേണ്ട
എന്തുവേണമെന്ന് പൊതുയോഗം തീരുമാനിക്കട്ടെ നമ്മുടെ കാര്യം നമ്മൾ തീരുമാനിക്കും അതേയതേ
പൊതുയോഗത്തിൻെ തീരുമാനം അന്തിമമായിരിക്കും
ദേവസ്യായും ഗീവർഗ്ഗീസും മുഴുവൻ തുക മുടക്കി പൊതു സെമിത്തേരി പണിയുന്നതിലും ഓരോ മൃതസംസ്കാരരത്തിലും ആയിരം രൂപ വീതം 20 വർഷത്തേക്ക് കൊടുക്കുന്നതിലും ആർക്കെങ്കിലും എതിർപ്പുണ്ടോ
സെൻറ് ജോസഫ് കൂടാരയോഗത്തിലെ ചിലർക്ക് എണീക്കണമെന്നുണ്ടായിരുന്നു
ജോപ്പൻ്റെയും ദേവസ്യായുടെയും ഒക്കെ മുഖമോർത്തപ്പോൾ വേണ്ടെന്ന് വച്ചു.
അങ്ങനെ കാര്യങ്ങൾക്ക് തീരുമാനമായി
പൊതുയോഗം കഴിഞ്ഞു.