ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആഗ്രഹിച്ചു തുടങ്ങിവച്ച നഴ്‌സിങ് പഠനം മുടങ്ങിയ സങ്കടമായിരുന്നു അന്ന് ടോണി മോൾക്ക് . പക്ഷേ, അവൾ തളർന്നില്ല അതിജീവനത്തിന് പാതയിലൂടെ അവൾ വീണ്ടും നഴ്സിംഗ് പഠിച്ചു അതിനെ തുടർന്ന് 2 വർഷം നഴ്‌സായി ജോലി ചെയ്തു. സ്‌നേഹിച്ചയാളെ വിവാഹം കഴിച്ചു. കുഞ്ഞിനു ജന്മം നൽകി. എന്നാൽ സ്വസ്ഥമായ ആ കുടുംബജീവിതത്തിൽ പൊടുന്നനെയാണ് കാൻസറിന്റെ രണ്ടാമത്തെ ആക്രമണം . അതിൽ അവൾക്കു നഷ്ടപ്പെട്ടത് നാവ് ഉൾപ്പെടെയുള്ള അവയവങ്ങൾ.കാൻസർ മുഖത്തിന്റെ പാതി കവർന്നു, നാവും പല്ലും താടിയും പിഴുതു; എന്നിട്ടും നിർഭയം പൊരുതി വിജയത്തിലെത്തിയ ടോണിമോൾ കാൻസർ ബാധിച്ച് നാവും മുഴുവൻ പല്ലുകളും ഇടത്തെ താടിയെല്ലും ഇടത്തെ സ്തനത്തിന്റെ ഭൂരിഭാഗവും നീക്കംചെയ്ത് ആശുപത്രിയിൽനിന്നു വീട്ടിലെത്തുമ്പോൾ ടോണിമോളുടെ കയ്യിലേക്കു നീട്ടിയത് 4 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ. കുഞ്ഞു ഷെയ്‌നിനെ കയ്യിലെടുത്തപ്പോൾ അവൻ ആദ്യം ഉറക്കെക്കരഞ്ഞു. പിന്നെ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. കുഞ്ഞിനു മുൻപിൽ അമ്മയും പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു. കുഞ്ഞു ചിരികൾ ചേർന്ന് അതൊരു വലിയ ചിരിയായി മാറി. ചികിത്സാദിനങ്ങളിൽ അനുഭവിച്ച കടുത്ത വേദനകൾ ആ കുഞ്ഞിളംചിരിയിൽ ഇല്ലാതായി. വാക്കുകൾ നഷ്ടപ്പെട്ട ലോകത്ത് ചിരിയും ആംഗ്യങ്ങളുമായിരുന്നു അമ്മയ്ക്കും കുഞ്ഞിനുമിടയിലെ ആദ്യ ആശയവിനിമയ മാർഗം. അമ്മയുടെ സംസാരം കേട്ടു വേണം കുഞ്ഞു സംസാരിക്കാൻ പഠിക്കാൻ എന്നു മുതിർന്നവർ പറഞ്ഞതോടെ ശബ്ദം പുറപ്പെടുവിക്കാനുള്ള ശ്രമമായി. നാവിനു പകരം തൊണ്ടയിൽനിന്ന് അക്ഷരങ്ങൾ പുറപ്പെട്ടു. ഷെയ്ൻ ‘അക്കു’ എന്നും ‘അമ്മ’ എന്നും ‘അച്ഛ’ എന്നും പറയുന്നതിനൊപ്പം ടോണിമോളും സംസാരിച്ചു. അമ്മയും കുഞ്ഞും ഒരുമിച്ച് അക്ഷരങ്ങളിലേക്കു പിച്ചവച്ചു. അതുപിന്നെ വാക്കായും വാക്യങ്ങളായും ഒഴുകിപ്പരന്നു. നിശ്ചയദാർഢ്യവും മനോധൈര്യവും വീണ്ടെടുത്ത് ടോണി മോൾ ജീവിതത്തിലേക്കു മടങ്ങി വന്നു. നാവില്ലാതെയും സംസാരിച്ചു. നഷ്ടപ്പെട്ട രൂപഭംഗിയെക്കുറിച്ച് സങ്കടപ്പെടാതെ സമൂഹത്തിലേക്ക് ഇറങ്ങി.കടുത്ത മരുന്നിന്റെയും റേഡിയേഷന്റെയും ഫലമായി ടോണിമോളുടെ ശരീരമാകെ കരുവാളിച്ചിരുന്നു. പണ്ടു പാറി പൂമ്പാറ്റയെപോലെ നടന്നിരുന്ന ആ പെൺകുട്ടി കുറവുകളുള്ള ശരീരവുമായി മറ്റുള്ളവരുടെ മുൻപിലേക്ക് എങ്ങനെ ഇറങ്ങും എന്നതായിരുന്നു കുടുംബത്തിന്റെ ആശങ്ക. ആ സമയത്താണു കുമരകം സെന്റ് ജോൺസ് പള്ളിയിൽ പെരുന്നാൾ വന്നത്.ടോണിമോൾ പള്ളിയിൽ പോയി, പ്രാർഥിച്ചു, കഴുന്നെടുത്തു. പിന്നെ പള്ളിമുറ്റത്തു കണ്ട പരിചയക്കാരുടെ അടുത്തേക്ക് ഇറങ്ങി. ചിലർ ഞെട്ടി മാറി. പലരും ആളെ തിരിച്ചറിഞ്ഞില്ല. സംസാരിച്ചതു പലർക്കും വ്യക്തമായില്ല.പക്ഷേ, അവൾ പിന്മാറിയില്ല. എത്ര സംസാരിക്കുന്നോ അത്രയും നല്ലത് എന്ന ഡോക്ടറുടെ ഉപദേശം മാത്രമായിരുന്നു അവളുടെ മനസ്സിൽ.തനിക്ക് ഇഷ്ടപ്പെട്ട നഴ്‌സിങ് ജോലി ചെയ്യാൻ സാധ്യമല്ലെന്നു കണ്ടപ്പോൾ കുമരകത്തിന്റെ തനതു കൃഷിയിലേക്കു തിരിഞ്ഞു. ഇന്നവൾ നൂറുകണക്കിനു മീൻകുഞ്ഞുങ്ങളെ വിരിയിച്ചു വിൽക്കുന്നു. മുയൽ, കോഴി കൃഷി നടത്തുന്നു. ഇന്ന് ടോണി മോളുടെ ഭർത്താവായ കാമിച്ചേരി സ്റ്റീഫൻ ഫിലിപ്പ് നഴ്സിംഗ് ജോലിക്കായി യുകെയിൽ എത്തി കഴിഞ്ഞിരിക്കുന്നു. ഏറെ വൈകാതെ തന്നെ ടോണി മോളും മോനും യുകെയിലേക്ക് തിരിക്കും. ജീവിതത്തിൽ എത്ര പ്രതിബന്ധങ്ങൾ ഉണ്ടായാലും അത് ആർജ്ജവത്തോടെ തരണം ചെയ്ത ടോണി മോൾടെ വിജയം ഏവർക്കും ഒരു അനുഭവമാകട്ടെ നിങ്ങളുടെ ജീവിതങ്ങളിൽ ഒരു പ്രകാശമാകട്ടെ… ടോണി മോളുടെ മുന്നോട്ടുള്ള ജീവിതത്തിലേക്ക് ക്നാനായ പത്രത്തിൻ്റെ എല്ലാ ഭാവുകങ്ങളും നേരുന്നു