

കോട്ടയം: മധ്യകേരളത്തിന്റെ കാര്‍ഷിക ഉത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച 24-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ജനകീയ പരിസമാപ്തി. എട്ട് ദിനങ്ങളിലായി നടത്തപ്പെട്ട മേളയില്‍ പതിനായിരക്കണക്കിന് ആളുകളാണ് സന്ദര്‍ശകരായി എത്തിയത്. മേളയുടെ സമാപന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കേരള ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കെ.എസ്.എസ്.എസ് പുരുഷ സ്വാശ്രയസംഘം കേന്ദ്രതല ഭാരവാഹി ബാബു സ്റ്റീഫന്‍ പുറമഠത്തില്‍, ചൈതന്യ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റവ. സിസ്റ്റര്‍ ഷീബ എസ്.വി.എം എന്നിവര്‍ പ്രസംഗിച്ചു. വിനോദവും വിജ്ഞാനവും കൗതുകവും നിറച്ചുകൊണ്ട് സംഘടിപ്പിച്ച മേളയില്‍ കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളും പൊതുസമൂഹവും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും മത സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും പങ്കാളികളായി. മേളയുടെ സമാപന ദിനത്തില്‍ കൈപ്പുഴ മേഖലാ കലാപരിപാടികളും കാര്‍ഷിക സെമിനാറും വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള കോക്കനട്ട് ഒളിമ്പിക്‌സ് മത്സരവും നടത്തപ്പെട്ടു. വൈകുന്നേരം വാവാ സുരേഷ് നയിച്ച പാമ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയും കൊച്ചിന്‍ പാണ്ടവാസ് ഫോക് മ്യൂസിക് ബാന്റ് അണിയിച്ചൊരുക്കിയ നാടന്‍ പാട്ട് ദൃശ്യ വിരുന്നും ചൈതന്യ ജീവകാരുണ്യനിധി സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും നടത്തപ്പെട്ടു.