
കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 14 പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സംഘ പ്രവർത്തകരുടെ നേതൃസംഗമവും ബോധവത്കരണ ശില്പശാലയും സംഘടിപ്പിച്ചു. ജില്ലയിലെ കർഷകരും സാധാരണക്കാരുമായ ജനങ്ങൾ അടുത്തിടപഴകുന്ന കൃഷി ഓഫീസ്, വില്ലജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നീ ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ജനങ്ങളിൽ എത്തിക്കുകയും അവർക്ക് ലഭിക്കേണ്ടുന്ന സേവനങ്ങൾ നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത. ശില്പശാലയുടെ ഉദ്‌ഘാടനം മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി നിർവഹിച്ചു. മരിയാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കെ. ഇരട്ടയാർ വില്ലജ് ഓഫീസർ സിബി തോമസ് കെ. കഞ്ഞിക്കുഴി കൃഷി ഓഫീസർ അഭിജിത്ത് പി. എച്. എന്നിവർ സെമിനാറിന് നേതൃത്വം നൽകി. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മോഡറേറ്റർ ആയിരുന്നു. ഇടുക്കി ജില്ലയിലെ 14 പഞ്ചായത്തുകളിൽ നിന്നും ആയി 165 സ്വാശ്രയ സംഘഭാരവാഹികൾ പങ്കെടുത്തു