Breaking news

“തനിമയുടെ കെടാവിളക്ക്” – വ്യത്യസ്തമായ ഒരു ക്നാനായ ചരിത്ര-പാരമ്പര്യ പാഠപുസ്തകം.

ജൂലൈ 14 വെള്ളിയാഴ്ച്ച ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ട “തനിമയുടെ കെടാവിളക്ക്” എല്ലാ പ്രായക്കാർക്കും ഒരു നോവൽ വായിക്കുന്നതു പോലെ വളരെ ലളിതമായി ക്നാനായ ചരിത്രവും പാരമ്പര്യങ്ങളും വായിച്ചു മനസിലാക്കാനുതകുന്ന ഒരു പുസ്തകമാണ്. ഇതിലെ ഒന്നുമുതൽ പതിനൊന്നുവരെയുള്ള ക്ലാസ്സുകളിലെ പാഠങ്ങളും മറ്റു ചരിത്ര-പാരമ്പര്യ വസ്തുതകളും ജിജോയ് ജോർജ്ജ് എരപ്പുങ്കരയും പന്ത്രണ്ടാം ക്ലാസ്സിലെ പാഠങ്ങൾ ബെനറ്റ് ജേക്കബ്ബ് ചിറയ്ക്കലും രചിച്ചിരിക്കുന്നു. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗ്ഗീസ് മാർ അപ്രേം ഈ പുസ്തകത്തിലെ ചരിത്രവസ്തുതകളുടെ രചനയ്ക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും പുസ്തകത്തിൻ്റെ അവതാരിക രചിക്കുകയും ചെയ്തിരിക്കുന്നു.
പ്രധാനമായും വിദേശരാജ്യങ്ങളിലുള്ളവരുടെ പരിമിതികൾ മുൻനിർത്തി ഒരു ക്ലാസ്സിൽ എട്ട് അദ്ധ്യായങ്ങൾ എന്ന രീതിയിൽ ഒരു വർഷത്തെ അവധിമാസങ്ങൾ ഒഴിവാക്കി എട്ടുമാസങ്ങളിൽ അതാതു സ്ഥലങ്ങളിലെ സാഹചര്യമനുസരിച്ച് മാസത്തിൽ ഒന്നോ രണ്ടോ ക്ലാസ്സുകളായി എടുക്കാവുന്ന തരത്തിലാണ് പാഠങ്ങൾ. പല ഘട്ടങ്ങളായാണ് ഈ പുസ്തകങ്ങളിലെ പാഠങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഒന്നു മുതൽ മൂന്നുവരെയുള്ള ക്ലാസ്സുകളിൽ കൊച്ചുകുട്ടികളുടെ കാഴ്ച്ചകളിൽ സാധാരണ പതിയാറുള്ള ക്നാനായ സമുദായ സംബന്ധമായ കാഴ്ച്ചകളും കുടുംബ ബന്ധങ്ങളും ക്നാനായക്കാർ സാധാരണയായി പിന്തുടരുന്ന പാരമ്പര്യങ്ങളും വിവരിക്കുന്നു. ഒന്നാം ക്ലാസ്സിൽ കവിതകളായും രണ്ട്, മൂന്ന് ക്ലാസ്സുകളിൽ കഥകളായുമാണ് ഈ പാഠങ്ങൾ.

നാലാം ക്ലാസ്സുമുതൽ നമ്മൾ കേരളത്തിലേക്കു കുടിയേറാനുണ്ടായ സാഹചര്യം മുതലുള്ള ചരിത്രം ഒരു തുടർക്കഥയായി പറയുന്നു. നാലാം ക്ലാസ്സിൽ കേരളത്തിലേക്കു കുടിയേറാൻ തീരുമാനിക്കുന്നതു വരെയുള്ള കഥയും അഞ്ചാം ക്ലാസ്സിൽ കൊടുങ്ങല്ലൂരിലെത്തുന്നതു വരെയുള്ള യാത്രയും ആറാം ക്ലാസ്സിൽ നമുക്ക് 72 പദവികൾ കിട്ടുന്നതു വരെയുള്ള കഥയും ഏഴ് – എട്ട് ക്ലാസ്സുകളിൽ കോട്ടയം രൂപത സ്ഥാപിക്കപ്പെടുന്നതും ക്നാനായ മലങ്കര സമൂഹം ഉണ്ടാകുന്നതും വരെയുള്ള കഥയും ക്നാനായ സംബന്ധമായ കുറേ പ്രധാന കാര്യങ്ങളും പ്രതിപാദിക്കുന്നു. ഒമ്പതാം ക്ലാസ്സിൽ മലബാർ കുടിയേറ്റത്തിൻ്റെ കഥയും
പത്താം ക്ലാസ്സിൽ AD 345 നു മുമ്പുള്ള നമ്മുടെ ചരിത്രം, കേരളത്തിലെ നമ്മുടെ വളർച്ച, സമുദായത്തിൽ നിന്ന് മാറിയാലുള്ള അവസ്ഥ മുതലായ കാര്യങ്ങളും പതിനൊന്നാം ക്ലാസ്സിൽ നമ്മുടെ ആചാരങ്ങളും പന്ത്രണ്ടാം ക്ലാസ്സിൽ ഇക്കാലത്ത് ഉപരിപഠനത്തിനായി പോകുന്ന കുട്ടികൾ അറിയേണ്ട കാര്യങ്ങളുമാണ് വിവരിച്ചിരിക്കുന്നത്.

കൂടാതെ ക്നാനായ കുടിയേറ്റത്തിൻ്റെ യഥാർത്ഥ പശ്ചാത്തലം, പ്രഭവസ്ഥാനങ്ങൾ, കല്യാണച്ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ, ക്നാനായ സംബന്ധവും സുറിയാനി പാരമ്പര്യ സംബന്ധവുമായ വിവിധ കാര്യങ്ങൾ മുതലായ ക്നാനായ സമുദായത്തെപ്പറ്റി അറിയേണ്ട എല്ലാ കാര്യങ്ങളും വിശദമായി വിവരിയ്ക്കുന്ന മുന്നൂറ്റിമുപ്പത്താറ് പേജുകളുള്ള ഈ പുസ്തകം വീടുകളിൽ സൂക്ഷിക്കാൻ ഉപകരിയ്ക്കുന്നതുമാണ്.

ഓരോ പാഠങ്ങൾക്കും ചോദ്യങ്ങളും ആക്റ്റിവിറ്റിയും ഉണ്ട്. ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് ധാരാളം ചരിത്ര പുസ്തകങ്ങൾ, യുട്യൂബ് വീഡിയോകൾ, വെബ് സൈറ്റുകൾ, ലേഖനങ്ങൾ എന്നിവയിൽ ലഭ്യമായതും സമുദായ ചരിത്ര-പാരമ്പര്യങ്ങളിൽ പാണ്ഡിത്യമുള്ളവർ നൽകിയതുമായ അറിവുകൾ ചേർത്തുവച്ചുകൊണ്ടാണ്. കോട്ടയം അതിരൂപതയുടെ കാത്തലിക് മിഷൻ പ്രസ്സിൽ അച്ചടിച്ച് ജ്യോതി ബുക്ക് ഹൗസാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്തകത്തിനു ലഭിക്കുന്ന സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ ഇത് ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന കാര്യവും ആലോചിച്ചു വരുന്നു. 399 രൂപയാണ് പുസ്തകത്തിൻ്റെ വില. കോട്ടയം ജ്യോതി ബുക്ക് ഹൗസിൽ പുസ്തകം ലഭ്യമാണ്. 

Facebook Comments

knanayapathram

Read Previous

കരിങ്കുന്നം കണ്ണങ്കര സജി മാത്യു (52) നിര്യാതനായി.

Read Next

ബ്ലാക്ക്പൂളിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ കുടുംബത്തിന് സാന്ത്വനമേകാൻ UKKCA മുന്നോട്ട്