Breaking news

ക്നാനായ കടലായി സ്റ്റോൺലി പാർക്ക് . UKKCA കൺവൻഷന് അത്യുജ്വല പരിസമാപ്തി

യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ UKkCA യുടെ 20-ാമത് വാർഷിക കൺവൻഷന് ഇംഗ്ലണ്ടിലെ സ്‌റ്റോൺലി പാർക്ക് ഇത്തവണ ആഥിത്യമരുളിയപ്പോൾ രചിക്കപ്പെട്ടത് ചരിത്രം. 6000 ൽ അധികം വരുന്ന ക്‌നാനായിക്കാരെക്കൊണ്ട് തിങ്ങി നിറഞ്ഞ ഹാളും പരിസരവും ക്‌നാനായ പാരമ്പര്യ സംഗീതത്താൽ മുഖരിതമായി. സമുദായ വികാരം നെഞ്ചിലേറ്റിയ ക്‌നാനായക്കാരെ സാക്ഷിനിർത്തി UKKCA സെൻട്രൽ കമ്മറ്റി അംഗങ്ങൾ പതാക ഉയർത്തിയതോടെ ഔപചാരികമായ സമ്മേളനത്തിന് തുടക്കം കുറിച്ചു.
തുടർന്ന് നടന്ന ഭക്തിനിർഭരമായ ദിവ്യബലിക്ക് ഫാ. ജിൻസ് കണ്ടക്കാട്ടിൽ, ഫാ. ജോബി പാറയ്ക്കച്ചെരുവിൽ, ഫാ. അലക്‌സ് IMS എന്നിവർ നേതൃത്വം നൽകി. പരിശുദ്ധ കുർബാനയ്ക്കു ശേഷം കിട്ടിയ ഇടവേളയിൽ തങ്ങളുടെ ബന്ധുക്കളെയും സ്‌നേഹിതരെയും ഒക്കെ ഒന്നിച്ചു കാണുവാൻ കിട്ടുന്ന UkKCA കൺവൻഷൻ ദിനം, ഓരോരുത്തരും തങ്ങളുടെ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലും പരിചയങ്ങൾ ദൃഢമാക്കുന്നതിലും വ്യാപൃതരായി.
ഇംഗ്ലണ്ടിലെ ക്‌നാനായ വനിതകൾ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ 500 ൽ അധികം വനിതകളെ അണിനിരത്തി നടത്തിയ ഫ്‌ലാഷ് മോബ് അതിമനോഹരമായി നൃത്തച്ചുവടുകളുമായി അരങ്ങേറിയപ്പോൾ കാണികൾക്കത് വിസ്മയമായി മാറി.
തുടർന്ന് വനിതകളുടെ നേതൃത്വത്തിൽ നടന്ന ചെണ്ടമേളം കാണികളെ നാദബ്രഹ്‌മത്തിന്റെ പരകോടിയിൽ എത്തിച്ചു. ഒരു നിമിഷം തങ്ങൾ തൃശൂർ പൂരപ്പറമ്പിലാണോ എന്ന് തോന്നും വിധം മനോഹരമായിരുന്നു ചെണ്ടമേളം.
സമുദായ വികാരമെന്ന ചരടിൽ ഇത്രയധികം ക്‌നാനയക്കാർ ഒഴുകിയെത്തിയത് കണ്ട് പ്രകൃതി അതിന്റെ സന്തോഷ കണ്ണീർ ചെറുമഴയുടെ രൂപത്തിൽ പെയ്തിറങ്ങിയപ്പോൾ സാംസ്‌കാരിക സമ്മേളനം സമുദായ റാലിക്ക് മുൻപേ നടത്താൻ UKKCA കമ്മറ്റി നിർബന്ധിതരായി.
സ്വാഗത പ്രസംഗത്തിൽ സെക്രട്ടറി സിറിൽ UKKCA എന്നത് UK യിലെ എല്ലാ ക്‌നാനായക്കാരുടെയും സംഘടനയാണെന്നും തങ്ങളുടെ രൂപതയായി കോട്ടയം രൂപത മാത്രമേ ഞങ്ങൾ അംഗീകരിക്കൂ എന്നും പറഞ്ഞത് കാണികൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. തുടർന്ന് പ്രസംഗിച്ച പ്രസിഡന്റ് സിബി കണ്ടത്തിൽ, പ്രതിസന്ധികളിൽ ഉലയാത്ത ക്‌നാനായക്കാർ ഇന്ന് സ്വന്തം സഭാ നേതൃത്വവുമായി തങ്ങളുടെ വംശശുദ്ധിക്കുവേണ്ടി മല്ലടിക്കേണ്ടിവരുന്നത് വളരെയേറെ ദുഃഖിപ്പിക്കുന്ന അവസ്ഥയാണ് എന്ന് സദസിനോട് പറഞ്ഞു. കേരളത്തിൽ തെക്കുംഭാഗ മെത്രാന്റെ കീഴിലും UK യിൽ വടക്കും ഭാഗ മെത്രാന്റെ കീഴിലുമായി ജീവിക്കുവാൻ UK ‌യിലെ ക്നാനായ  മക്കൾ തയ്യാറല്ല എന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ സദസ് നിർത്താതെ കയ്യടിക്കുകയായിരുന്നു.
UK യിലെ ഓരോ ക്‌നാനായക്കാരന്റെയും മനസ്സിലെ ആഗ്രഹം, അത് സംഘടനയുടെ പ്രസിഡന്റ് സധൈര്യം വിളിച്ചു പറഞ്ഞപ്പോൾ തങ്ങൾ തിരഞ്ഞെടുത്ത സെൻട്രൽ കമ്മറ്റി തങ്ങളുടെ കൂടെയാണ് എന്ന വിശ്വാസമാണ് പകർന്ന് ലഭിച്ചത്. ഇതാണ് UKKCA എന്ന സംഘടനയുടെ വിജയരഹസ്യം.
KCCNA പ്രസിഡന്റ് ഷാജി എടാട്ട് തന്റെ പ്രസംഗത്തിൽ ഇത്രയും അധികം ക്‌നാനായക്കാർ ഒത്തുചേർന്ന ഈ സുദിനത്തിൽ സഭാ നേതൃത്വത്തിന്റെ അഭാവം അതീവ ദുഃഖമുളവാക്കുന്നു എന്നു പറഞ്ഞു. വരും തലമുറയ്ക്കായി ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറഞ്ഞ ഷാജി എടാട്ട് ഉണർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
ക്‌നാനായ പാരമ്പര്യം തുടർന്നു കൊണ്ടുപോകുമെന്ന് പറയുന്നത് തങ്ങൾ ചെയ്ത തെറ്റെങ്കിൽ അത് ശരിയാണെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നതായി ശ്രീ റോബി മേക്കര തന്റെ പ്രസംഗത്തിൽ പറഞ്ഞു.
തുടർന്ന് ഫാ. ജോബി പാറയ്ക്കച്ചെരുവിൽ എല്ലാറ്റിനും ഉപരിയായി ദൈവത്തേയും അയൽക്കാരെയും സ്‌നേഹിക്കാൻ പഠിപ്പിച്ച ക്രിസ്തു സ്ഥാപിച്ച സഭാനിയമങ്ങൾ രക്ഷയ്ക്കുള്ളതാണെന്നും അത് നശീകരണത്തിനായി ഉപയോഗിക്കുന്നത് ദൈവീക നിഷേധമാണെന്നും ഓർമ്മിപ്പിച്ചു. അധികാരമെന്നത് ശുശ്രൂഷയാണെന്നും അധികാരി യേശുവാണെന്നും ഓർമ്മിപ്പിച്ചു.
നല്ല സമരിയക്കാരനെ സ്വന്തം ജീവിത പ്രവർത്തികളാൽ സ്വന്തമാക്കി മാറ്റിയ ബ്രദർ രാജുവിനെ UKKCA പ്രത്യേകം ആദരിച്ചു. താൻ ഒരു ക്‌നാനായക്കാരനായതിൽ അഭിമാനിക്കുന്നു. അതുകൊണ്ടു മാത്രമാണ് ഇത്രയും സ്‌നേഹസമ്പന്നരായ ഒരു ജനസഞ്ചയത്തിന്റെ പരിപാടിയിൽ തനിക്ക് പങ്കെടുക്കുവാൻ സാധിച്ചു എന്നും ബ്രദർ രാജു പറഞ്ഞു.
ഉത്ഘാടന പ്രസംഗത്തിൽ UK യിൽ ഭരണ കക്ഷിയുടെ ഉപാധ്യക്ഷനും കൂടിയായ  ശ്രീ. Lee Anderson MP നമസ്‌തേ എന്ന് പറഞ്ഞ് അഭിസംബോധന ചെയ്തപ്പോൾ കാണികൾ ഒരു നിമിഷത്തേക്ക് സ്തബ്ധരായി. കഠിനാധ്വാനത്തിലൂടെ ജീവിത വിജയങ്ങൾ നേടിയ താൻ എന്നും കഠിനാധ്വാനികളെ അംഗീകരിക്കുന്നു എന്നു പറഞ്ഞ അദ്ദേഹം ഭാരതീയരുടെ കഠിനാധ്വാനത്തെ പ്രസംസിച്ചു. തലമുറകൾ കൈമാറി വന്ന നിങ്ങളുടെ ഈ പാരമ്പര്യവും സംസ്‌ക്കാരവും മഹത്തായതാണെന്നും അത് തുടർന്നുകൊണ്ടുപോകണമെന്നും പ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.
തുടർന്ന് 150 ൽ അധികം കുട്ടികൾ ഒന്നിച്ച് വേദി നിറഞ്ഞാടിയ സ്വാഗതനൃത്തം കാണികളുടെ മനം കവർന്നു. തുടർന്ന് സ്വാഗതനൃത്തത്തിന്റെ ഗാനരചയിതാവ് ശ്രീ ജോമോൻ പുളിക്കത്തൊട്ടിയിൽ, സ്വാഗതഗാന മത്സരത്തിൽ തുടർ വിജയികളായ സജി പണ്ടാരക്കളം, ജോഷി പുലിക്കൂട്ടിൽ, ആപ്തവാക്യ മത്സര ജേതാവ് ലീനുമോൾ ചാക്കോ എന്നിവരെ ആദരിച്ചു.
വൈകുന്നേരത്തോടെ നടന്ന പ്രൗഢഗംഭീരമായ റാലിക്ക് UKKCA സെൻട്രൽ കമ്മറ്റി അംഗങ്ങളും, വിശിഷ്ടാതിഥികളും നേതൃത്വം നൽകിയപ്പോൾ, പിന്നാലെ എത്തിയ 51 യൂണിറ്റുകളും ചേർന്ന് ഉണ്ടാക്കിയെടുത്തത് പുതു ചരിത്രം.
കൊടുങ്ങല്ലൂർ കുടിയേറ്റത്തിന്റെ അനുസ്മരണമായ പായ്ക്കപ്പലും, മലബാർ കുടിയേറ്റത്തിന്റെ അനുസ്മരണമായി കാളവണ്ടിയും ഒക്കെ സ്റ്റോൺലി പാർക്കിൽ അണിനിരന്നപ്പോൾ കാണികൾക്കത് മനോഹരമായ അനുഭവമായി മാറി.
റാലി A വിഭാഗത്തിൽ
East Sussex Unit ഒന്നാം സ്ഥാനവും Medway Unit രണ്ടാം സ്ഥാനവും, Wigan Unit മൂന്നാം സ്ഥാനവും, Oxford Unit നാലാംസ്ഥാനവും കരസ്ഥമാക്കിയപ്പോൾ B വിഭാഗത്തിൽ North West Unit ഒന്നാം സ്ഥാനവും, Kettering Unit രണ്ടാം സ്ഥാനവും, Worcster Unit മൂന്നാം സ്ഥാനവും, New Castle യൂണിറ്റ് നാലാം സ്ഥാനവും കരസ്ഥമാക്കി. എല്ലാവരും കാത്തിരുന്ന C വിഭാഗത്തിൽ ബർമിങ്ഹാം യൂണിറ്റ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ സ്‌റ്റോക്ക് ഓൺ ട്രെന്റ് രണ്ടാം സ്ഥാനവും, മാഞ്ചസ്റ്റർ യൂണിറ്റ് മൂന്നാം സ്ഥാനവും ബാസിൽസൻ & സൗത്ത് എൻസ്യൂണിറ്റ് നാലാം സ്ഥാനവും കരസിഥമാക്കി.
വിജയികൾക്ക് ക്‌നാനായ പത്രത്തിന്റെ ആശംസകൾ നേരുന്നു

ജോഷി പുലിക്കൂട്ടിൽ.

Facebook Comments

knanayapathram

Read Previous

വാർവിക്ക്ഷയറിൽ ക്നാനായ തേരോട്ടം: സമുദായവികാരം തീക്കനലായി നെഞ്ചിലേറ്റി മഹാസംഗമത്തിൽ പങ്കെടുത്തത് ആറായിരത്തിലധികം പേർ: സെൻട്രൽ കമ്മിറ്റിക്ക് അഭിനന്ദന പ്രവാഹം

Read Next

ചാമക്കാല പട്ടറപറമ്പില്‍ ഫിലിപ്പ് (പോത്തന്‍ ഉതുപ്പാന്‍, 94) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE