Breaking news

അനാഥർക്കും ആലംബഹീനർക്കും അഭയമേകുന്ന സ്നേഹമന്ദിരം ഡയറക്ടർ ബ്ര V C രാജുവിനെ UKKCA കൺവൻഷനിൽ ആദരിയ്ക്കുന്നു

  • മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PR0 UKKCA

ഇടുക്കി ജില്ലയിലെ പടമുഖം എന്ന കൊച്ചുഗ്രാമത്തിൽ സഹോദര സ്നേഹത്തിന്റെശ്രേഷ്‌ഠ മാതൃകയായി മാറിയ സ്നേഹമന്ദിരത്തിന്റെ ഡയറക്ടർ ബ്ര V C രാജു UKKCA കൺവൻഷനിൽ വിശിഷ്ടാതിഥിയായി എത്തുന്നു. കാണപ്പെടുന്ന സഹോദരനെ സ്നേഹിയ്ക്കുന്നതിലൂടെ കാണപ്പെടാത്ത ദൈവത്തെയാണ് സ്നേഹിയ്ക്കുന്നതെന്ന ചിന്തയോടെ ആരുമില്ലാത്തവരെ, ഉപേക്ഷിക്കപ്പെട്ടവരെ, മാനസികരോഗികളെയൊക്കെ ചേർത്തു നിർത്തി ജീവിതം നൽകുന്ന ബ്ര രാജുവിനെ കൺവൻഷനിൽ അതിഥിയാക്കുന്നതോടെ UKKCA വേറിട്ട ചിന്തയ്ക്ക് വഴി തുറക്കുകയാണ്.

മൂന്ന് അനാഥരേയും ഏഴു കിലോ അരിയുമായി1995 ൽ സ്വന്തം ഭവനത്തിൽ തുടക്കമിട്ട സ്നേഹഭവൻ ഇന്ന് ആയിരങ്ങൾക്കാണ് പ്രതീക്ഷയുടെപൊൻവെട്ടമേകുന്നത്. മുന്നൂറിലധികം മാനസിക രോഗികൾ, വൃദ്ധർ, വികലാംഗർ എന്നിവർ ഇപ്പോൾ സ്നേഹഭവനിലെ അന്തേവാസികളാണ്. 1995 ൽ സ്നേഹട്രസ്റ്റ് എന്ന സ്നേഹമന്ദിരം അഗതികൾക്കുവേണ്ടി ആരംഭം കുറിച്ചു.
സ്വന്തമായി ഭവനമില്ലാതിരുന്ന രാജു തന്റെ സ്വഭവനമായി കെട്ടിപ്പടുത്തതാണ് സ്നേഹമന്ദിരം.
മലയാറ്റൂർ തീർത്‌ഥാടനം കഴിഞ്ഞ് മടങ്ങുമ്പോൾ ഭിക്ഷാടകനായ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച വ്യക്തിയെ കണ്ടപ്പോൾ തന്റെ ഉള്ളിലും ആപാവപ്പെട്ടമനുഷ്യന്റെ ഉള്ളിലും വസിയ്ക്കുന്നത് ഒരേ ദൈവമാണെന്ന തോന്നലിൽ നിന്നാണ് സ്നേഹമന്ദിരം എന്ന അഗതിമന്ദിരത്തിന് തുടക്കം കുറിയ്ക്കുന്നതിന് രാജുവിന് പ്രേരണയായത്.
സുമനസ്സുകളുടെ സഹായത്തോടെ പ്രളയം വഴി കിടപ്പാടം നഷ്ടപ്പെട്ട 9 കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകുവാൻ സ്നേഹമന്ദിരത്തിന്റെ പ്രവർത്തനം വഴി സാധിച്ചു.
ഒന്നാം ക്ലാസ്സുമുതൽ നേഴ്സിംഗു വരെ പഠിയ്ക്കുന്ന നിരവധികുട്ടികൾ സ്നേഹമന്ദിരത്തിനു കീഴിലുണ്ട്.

സ്നേഹട്രസ്റ്റ് രജിസ്ട്രേഷന്റെ കീഴിൽ ഗവൺമെൻറ് അംഗീകാരത്തോടെ പ്രവർത്തിയ്ക്കുന്ന സ്നേഹമന്ദിരം സൈക്കോസോഷ്യൽറിഹാബിലിറ്റേഷൻ സെൻറർ വഴി പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേക പാർപ്പിടമൊരുക്കുവാൻ സാധിയ്ക്കുന്നുണ്ട്. കൂടാതെ കുട്ടികൾക്കായി ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സെൻറ് ആന്റെണീസ് ബോയ്സ് ഹോം ആൺകുട്ടികൾക്കും സ്നേഹമാതാ ബാലമന്ദിരം പെൺകുട്ടികൾക്കുമായി പ്രവർത്തിയ്ക്കുന്നു.

പുനരധിവാസപ്രവർത്തനത്തിന്റെ ഭാഗമായി സെൻറ് മദർ തെരേസ ടെയ്ല്റിംഗ് യൂണിറ്റ്, സെൻറ് ജോസഫ് പേപ്പർകവർയൂണിറ്റ്, സ്നേഹമാതാ മെഴുകുതിരി യൂണിറ്റ് എന്നിവയും ദൈവമഹത്വത്തിനായി സ്നേഹത്താഴ്വര എന്ന അധ്യാത്മിക മാസികയും പുറത്തിറക്കുന്നു. സ്നേഹമന്ദിരംസന്ദർശിച്ച കാൻസർ രോഗിയായ ലാസർ ഫെർണാണ്ടസ് എന്ന വ്യക്തി നൽകിയ ആദ്യ സംഭാവന വഴിയാണ് സ്നേഹത്താഴ്വരയ്ക്ക് തുടക്കമായത്.

സുമനസ്സുകളുടെ സഹായമൊന്നുമാത്രമാണ് കരുണയുടെ കടലാകുവാൻ രാജുവിനും കുടുംബത്തിനും കൂടെയുള്ളത്. സ്നേഹഭവനിലെ സ്നേഹപരിചരണത്തിൽ സുഖം പ്രാപിച്ച് മടങ്ങിയവരിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ട്.

മറ്റുള്ളവർക്കുവേണ്ടി ചെയ്യുമ്പോൾ അതെനിക്കുവേണ്ടിതന്നെയാണ് ചെയ്യുന്നത് എന്ന ചിന്തയാണ് അനാഥരെ ചേർത്തുനിർത്തി പഴുത്തൊലിയ്ക്കുന്ന മുറിവുകൾ വച്ചുകെട്ടാൻ ബ്ര രാജുവിന് പ്രചോദനമേകുന്നത്. പടമുഖത്തെ സ്നേഹമന്ദിരത്തിന് ഏറ്റവുമധികം തണലേകുന്നത് ക്നാനായക്കാരാണ്. ഇടവകകളിലെ കൂടാരയോഗ അംഗങ്ങളും KCYL പ്രവർത്തകരൂമൊക്കെ സ്നേഹഭവൻ സന്ദർശിയ്ക്കാനായി എത്താറുണ്ട്. കോടികൾ ആസ്ഥിയുള്ള സിനിമാതാരങ്ങളെയും, രാഷ്ട്രീയ നേതാക്കളെയും മുഴുവൻ ചെലവും വഹിച്ച് അവരെ കൺവൻഷനിൽ അതിഥികളാക്കുന്നതിതുപകരം നല്ല സമരിയാക്കാരനെ ആഭരിയ്ക്കുന്ന UKKCA പുതിയൊരു പാത വെട്ടിത്തുറക്കുകയാണ്.

Facebook Comments

knanayapathram

Read Previous

ക്നാനായ ഐക്യവും യുവജന ഐക്യവും ഉയർത്തി ലണ്ടൻ കെ‌ സി വൈ ൽ ഫുട്ബാൾ ടൂർണമെൻ്റ് ജൂലൈ 1 ശനിയാഴ്ച LIVE TELECASTING AVAILABLE

Read Next

കിടങ്ങൂര്‍ ഇലവുംമുറിയില്‍ ത്രേസ്യാമ്മ ലൂക്കോസ് (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE