Breaking news

ഷാജി എടാട്ട് കെ.സി.സി.എൻ.എ പ്രസിഡന്റ്; അജീഷ് പോത്തന്‍ ജനറൽ സെക്രട്ടറി

സാനോസെ, കാലിഫോർണിയ: അമേരിക്കയിലെ ഏറ്റവും വലിയ  സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെസിസിഎന്‍എ) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള (2023-2025) പ്രസിഡന്റായി ചിക്കാഗോയിൽ നിന്നുള്ള ഷാജി എടാട്ട് വിജയിച്ചു. എതിർത്ത മുൻ പ്രസിഡന്റ് കൂടിയായ ടോമി മ്യാൽക്കരപ്പുറത്തിനെ 52-നു എതിരെ 79 വോട്ടുകൾക്ക് ഷാജി എടാട്ട് പരാജയപ്പെടുത്തി. 133 വോട്ടുകളിൽ ഒരു വോട്ട് അസാധുവായി.

ഷാജി എടാട്ട് നേതൃത്വം നൽകിയ ടീം യുണൈറ്റഡ്-ലെ എല്ലാ സ്ഥാനാർത്ഥികളും വിജയിച്ചതും പ്രതികതയായി. നിലപാടുകളിലെ മിതത്വം ഈ ടീമിനെ കൂടുതൽ ശ്രദ്ധേയമാക്കിയിരുന്നു.

ജിപ്സണ്‍ പുറയംപള്ളില്‍ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് 78 വോട്ട്), അജീഷ് പോത്തന്‍ താമരാത്ത്-77 വോട്ട് (ജനറല്‍ സെക്രട്ടറി), ജോബിന്‍ കക്കാട്ടില്‍-83 വോട്ട് (ജോയിന്‍റ് സെക്രട്ടറി), സാമോന്‍ പല്ലാട്ടുമഠം-79 വോട്ട് (ട്രഷറര്‍), യൂത്ത് നോമിനി ഫിനു തൂമ്പനാല്‍ (വൈസ് പ്രസിഡണ്ട്), വുമണ്‍ നോമിനി നവോമി മരിയ മാന്തുരുത്തില്‍ (ജോയിന്‍റ് ട്രഷറര്‍) എന്നിവരാണ് വിജയം കണ്ടത്.

റ്റോമി മ്യാല്‍ക്കരപ്പുറത്തിന്‍റെ ടീം എന്‍ഡോഗമിക്കു ലഭിച്ച വോട്ടുകൾ: പയസ് വേളൂപ്പറമ്പില്‍ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്-54), സിറിള്‍ പുത്തന്‍പുരയില്‍ (ജനറല്‍ സെക്രട്ടറി-55), ഫ്രാന്‍സിസ് ചെറുകര (ജോയിന്‍റ് സെക്രട്ടറി-49), ജെയിന്‍ കോട്ടിയാനിക്കല്‍ (ട്രഷറര്‍-56)

വിജയികൾ ഇലക്ഷൻ കമ്മീഷന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സിറിയക്ക് കൂവക്കാട്ടിലും മറ്റു ഭാരവാഹികളും പങ്കെടുത്തു.

ടീം എന്‍ഡോഗമിയെ നയിച്ച ടോമി മ്യാൽക്കരപ്പുറത്ത് പുതിയ ടീമിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ഫലം നിരാശപ്പെടുത്തിയെങ്കിലും പുതിയ ടീം സംഘടനയെ നയിക്കാൻ തികച്ചും യോഗ്യരും പ്രാപതരുമാണെന്നും അവർക്കൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരുടെയും പ്രസിഡന്റായിരിക്കുമെന്നും എല്ലാവരുമായും ഒത്തൊരുമിച്ചു പ്രവർത്തിക്കുമെന്നും പുതിയ പ്രസിഡന്റ് ഷാജി എടാട്ട് സ്ഥാനമേറ്റുകൊണ്ട് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. സാൻഹൊസെയിലെ കമ്യുണിറ്റിക്കും എലെക്ഷൻ കമ്മീഷനും നന്ദി പറഞ്ഞു.

നാഷണല്‍ കൗണ്‍സിലില്‍ വോട്ടവകാശമുള്ള 136 അംഗങ്ങളിൽ 133 പേര് വോട്ട് ചെയ്തു. മുന്‍ പ്രസിഡണ്ടുമാരായ സണ്ണി പൂഴിക്കാലാ (ചെയര്‍മാന്‍), ബേബി മണക്കുന്നേല്‍, അലക്സ് മഠത്തിൽത്താഴെ എന്നിവരായിരുന്നു ഇലക്ഷൻ കമീഷണർമാർ.

അടുത്ത നാഷണൽ കൺവൻഷൻ നടത്താൻ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് ലോസ് ഏഞ്ചലസും സാൻ അന്റോണിയോയും മുന്നോട്ടു വന്നിട്ടുണ്ട്. പുതിയ നാഷണൽ കമ്മിറ്റി ആണ് അത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്.

ഇലക്ഷന് മുൻപ് നടന്ന ഡിബേറ്റിൽ ഇരു ടീമുകളും തങ്ങളുടെ നിലപാടുകൾ വിശദീകരിച്ചു. എൻഡോഗാമിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും സമുദായത്തിന്റെ തനിമ നിലനിർത്തുമെന്നും ഇരുവിഭാഗവും വ്യക്തമാക്കി.

വോട്ടർമാരല്ലെങ്കിലും രാജ്യത്തെങ്ങുനിന്നുമായും കാനഡയിൽ നിന്നുമായി അറുനൂറോളം പേർ സാനോസെയിലെത്തിയത് ഇലക്ഷനോടുള്ള താല്പര്യവും അതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നതായിരുന്നു.

ഇലക്ഷൻ കഴിഞ്ഞതോടെ രണ്ട് വിഭാഗവും ഒന്നിച്ച് ആഘോഷങ്ങളിലേക്കു നീങ്ങുന്നതാണ് കണ്ടത്. ആര് ജയിച്ചാലും സമുദായം ഒറ്റക്കെട്ടാണ് എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അത്. ടിവി.ക്കാരോട് ആളുകൾ അത് പറയുകയും ചെയ്തു. ഒരു പക്ഷെ ക്നാനായ സമുദായത്തിൽ മാത്രം കാണുന്ന പ്രത്യേകത ആയിരിക്കാം ഇത്.

ക്നാനായ വോയിസ്, ക്നാനായ പത്രം എന്നി രണ്ട് ചാനലുകൾ ലൈവ് പ്രക്ഷേപണവുമായി രംഗത്തുണ്ടായിരുന്നു. ലോകമെങ്ങുമുള്ള ക്നാനായക്കാർക്ക് തൽക്ഷണം തന്നെ കാര്യങ്ങൾ അറിയുവാൻ ഈ മാധ്യമങ്ങളുടെ സേവനം ഉപകരിച്ചു.

സാനോസെക്കാരുടെ ആതിഥ്യത്തിനും എല്ലാവരും നന്ദി പറയുന്നു. രണ്ട് ദിവസമായി 600-ല്പരം പേരാണ് പ്രചാരണവുമൊക്കെയായി രംഗത്തു വന്നത്.

കാനഡയിൽ നിന്നും ഒരുപറ്റം പേർ എത്തുകയുണ്ടായി. കുടിയേറ്റം നടക്കുന്നതിനാൽ അനുദിനം ക്നാനായ സമുദായം വളരുന്ന രാജ്യമാണ് കാനഡ.

ഷിക്കാഗോയിലെ വ്യവസായ രംഗത്തെ പ്രമുഖനായ ഷാജി എടാട്ട് സാമൂഹ്യ – സാമുദായിക രംഗങ്ങളിൽ സജീവമാണ് . ഷിക്കാഗോ കെസിഎസ് പ്രസിഡന്റ് ആയി സേവനം ചെയ്യുകയും കെസിഎസി ന്റെ പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവ് നൽകുകയും ചെയ്തിരുന്നു. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്നാനായ കത്തോലിക്കാ ഇടവകയായ ഷിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ സ്ഥാപനത്തിൽ ധന സമാഹരണത്തിലും അഭിപ്രായ സമന്വയത്തിലും മുഖ്യ പങ്കു വഹിച്ചവരിൽ ഒരാൾ എന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു. മലയാളി സംഘടനകളിലെ സജീവ സാന്നിധ്യം കൂടിയായ അദ്ദേഹം, മികച്ച സംഘാടകൻ എന്ന നിലയിലും മലയാളി സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഷാജി എടാട്ട് 1996 ൽ ചിക്കാഗോയിൽ നടന്ന രണ്ടാമത് കെ.സി.സി.എൻ. എ കൺവൻഷന്റെ ഫൈനാൻസ് ചെയർമാൻ, മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള കെ.സി.എസ് ഭരണ സമിതിയാണ് ഹോഫ്മാൻ എസ്റ്റേറ്റിൽ ഏഴ് ഏക്കർ സ്ഥലം ക്നാനായ കമ്മ്യൂണിറ്റിക്ക് വേണ്ടി വാങ്ങുവാൻ നേതൃത്വം നൽകിയത്.

റ്റോമി മ്യാൽക്കരപ്പുറത്ത് 2013 – 2015 കാലഘട്ടത്തിൽ കെ.സി.സി എൻ. എ പ്രസിഡന്റായിരുന്നു. ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്ലോറിഡ പ്രസിഡന്റ്, മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിചു. താമ്പാ ക്നാനായ കമ്മ്യൂണിറ്റി സെന്ററിന്റെ ബിൽഡിംഗ് ബോർഡ് ചെയർമാൻ ആണ്

Facebook Comments

knanayapathram

Read Previous

ജോമി ജോസ് കൈപ്പാറേട്ടിന്റെ ഷോർട്ട് ഫിലിം സിസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Read Next

തനിമയിൽ-ഒരുമയിൽ-ഒറ്റക്കെട്ടായി-ഒരൊറ്റജനത-ക്നാനായജനത” എന്ന ആപ്തവാക്യം “ക്നായിത്തൊമ്മൻ നഗറിൽ” മുഴങ്ങും: UKKCA കൺവൻഷന്റെ ആപ്തവാക്യരചനയുടെ ആവേശകരമായ മത്സരത്തിൽ വിജയിച്ചത് ഹമ്പർസൈഡ് യൂണിറ്റിലെ ലീനുമോൾ ചാക്കോ