Breaking news

കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നു നോമ്പ് തിരുനാള്‍; നാളെ കൊടിയേറ്റ്, പുറത്തു നമസ്‌ക്കാരം ചൊവ്വാഴ്ച LIVE TELECASTING AVAILABLE

പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നു നോമ്പാചരണവും ഇടവക മധ്യസ്ഥയായ മുത്തിയമ്മയുടെ ദര്‍ശന തിരുനാളും നാളെ മുതല്‍ ഫെബ്രുവരി 2 വരെ തീയതികളില്‍ നടത്തപ്പെടുന്നു. കടുത്തുരുത്തി വലിയപള്ളിയിലെ പ്രധാന തിരുനാളാണ് മൂന്ന് നോമ്പ് തിരുനാള്‍. ഒരു സമൂഹം ദൈവകാരുണ്യത്തിനുവേണ്ടി നടത്തുന്ന രോദനവും യാചനയുമാണ് മൂന്നു നോമ്പിന്റെ കാതല്‍. ആത്മീയശുശ്രൂഷകളോടൊപ്പം മുത്തിയമ്മയ്ക്ക് അടിമവയ്ക്കുക, മുത്തിയമ്മയുടെ തിരുമുടി എഴുന്നള്ളിച്ച് കാഴ്ചവയ്ക്കുക, കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ എണ്ണ ഒഴിച്ച് ചുറ്റുവിളക്ക് കത്തിക്കുക തുടങ്ങിയവയാണ് പ്രധാന ചടങ്ങുകള്‍.

തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് നാളെ ഞായറാഴ്ച രാവിലെ 6.45 ന് വികാരി ഫാ. അബ്രഹാം പറമ്പേട്ട് നിര്‍വ്വഹിക്കും. തുടര്‍ന്ന് വി. കുര്‍ബാനയ്ക്ക് കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യകാര്‍മ്മികനായിരിക്കും. 9.30 ന് വി. കുര്‍ബാന ഫാ. ജോബി പന്നൂറയില്‍ കാര്‍മ്മികനായിരിക്കും. ജനുവരി 30 തിങ്കളാഴ്ച രാവിലെ 7 മണിക്ക് കോട്ടയം അതിരൂപതയിലെ നവ വൈദീകര്‍ ചേര്‍ന്ന് വി. കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം 5.15 ന് ഐ.റ്റി.ഐ. ജംഗ്ഷനിലുള്ള വി. യൂദതദ്ദേവൂസിന്റെ കപ്പേളയില്‍ നിന്ന് പ്രദക്ഷിണം ആരംഭിച്ച് 6 മണിക്ക് ദേവാലയത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് ദര്‍ശന സമൂഹത്തിന്റെ വാഴ്ച, വേസ്പര. നീറിക്കാട് പള്ളി വികാരി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ കാര്‍മ്മികത്വം വഹിക്കും. 7 മണിക്ക് മെഴുകുതിരി പ്രദക്ഷിണമായി മുത്തിയമ്മയുടെ തിരുസ്വരൂപം മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള ലൂര്‍ദ്ദ് ഗ്രോട്ടോയില്‍ പ്രതിഷ്ഠിക്കും. ജനുവരി 31 ചൊവ്വാഴ്ച രാവിലെ 6.30 ന് മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള കപ്പേളയില്‍ വി. കുര്‍ബാന. വാകത്താനം പള്ളി വികാരി ഫാ. ജോസഫ് കീഴങ്ങാട്ട് കാര്‍മ്മികനായിരിക്കും. 7.30 ന് സുറിയാനി പാട്ടുകുര്‍ബാന. കോട്ടയം ക്രിസ്തുരാജ് കത്തീഡ്രല്‍ വികാരി ഫാ. ജയിംസ് പൊങ്ങാനയില്‍ മുഖ്യകാര്‍മ്മികനായിരിക്കും. വൈകുന്നേരം 7 ന് ലൂര്‍ദ്ദ് കപ്പേളയില്‍ ലദീഞ്ഞ്, ഫാ. ജിബിന്‍ കീച്ചേരില്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് മുത്തിയമ്മയുടെ തിരുസ്വരൂപം നാനാജാതി മതസ്ഥരായ വിശ്വാസികളുടെ അകമ്പടിയോടെ വലിയപള്ളിയിലേക്ക് സംവഹിക്കും. 8.30 ന് കരിങ്കല്‍ കുരിശിന്‍ ചുവട്ടില്‍ മുത്തിയമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. തുടര്‍ന്ന് തലശ്ശേരി അതിരൂപത മെത്രാപോലീത്ത മാര്‍ ജോസഫ് പാംപ്ലാനി സന്ദേശം നല്‍കും. 9 ന് പുറത്ത് നമസ്‌ക്കാരം നടക്കും. കോട്ടയം അതിരൂപത മെത്രാപോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികനായിരിക്കും. സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

അതിപുരാതനകാലം മുതല്‍ മൂന്നു നോമ്പിന്റെ രണ്ടാം ദിനത്തില്‍ കടുത്തുരുത്തി വലിയ പള്ളിയില്‍ മാത്രം നടത്തിവന്നിരുന്ന പ്രാര്‍ത്ഥനയാണിത്. പാപബോധത്തില്‍ നിന്ന് ഉളവാകുന്ന പശ്ചാത്താപവും ദൈവകാരുണ്യത്തിനു വേണ്ടിയുള്ള മുറവിളിയുമാണ് പുറത്തു നമസ്‌ക്കാരത്തിന്റെ ഉള്ളടക്കം.

9.45 ന് വി. കുര്‍ബാനയുടെ ആശീര്‍വാദം ഫാ. ജോസഫ് കുറുപ്പന്തറ നല്‍കും. 10 ന് കപ്ലോന്‍ വാഴ്ച. ഫെബ്രുവരി 1 ബുധനാഴ്ച രാവിലെ 6 മണിക്ക് വി. കുര്‍ബാന. ഫാ. ബൈജു അച്ചിറത്തലയ്ക്കല്‍ കാര്‍മ്മികനായിരിക്കും. 7 ന് മലങ്കര പാട്ടുകുര്‍ബാന ഗീവര്‍ഗീസ് മാര്‍ അപ്രേം മുഖ്യകാര്‍മ്മികനായിരിക്കും. 10 മണിക്ക് ആഘോഷമായ തിരുനാള്‍ റാസ. തൂവാനീസ പ്രാര്‍ത്ഥനാലയത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സില്‍ജോ ആവണിക്കുന്നേല്‍ മുഖ്യകാര്‍മ്മികനായിരിക്കും. ഫാ. ജിസ് ഐക്കര, ഫാ. റെജിമോന്‍ പീടികവെളിയില്‍, ഫാ. ജോണ്‍ താഴെപ്പള്ളി, ഫാ. ജിന്‍സ് പുതുപള്ളിമ്യാലില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. മറ്റക്കര പള്ളിവികാരി ഫാ. ജോസ് പൂത്തൃക്കയില്‍ തിരുനാള്‍ സന്ദേശം നല്‍കും. 12.30 ന് കുരിശുമൂട് കടവ് കുരിശടിയിലേക്ക് പ്രദക്ഷിണം. 1.30 ന് താഴത്തു പള്ളിവികാരി വെരി. റവ. ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ വി. കുര്‍ബാനയുടെ ആശീര്‍വാദം നല്‍കും. വൈകുന്നേരം 5 മണിക്ക് വി. കുര്‍ബാന ഫാ. ബിജു തറയില്‍ കാര്‍മ്മികനായിരിക്കും. ഫെബ്രുവരി 2 വ്യാഴാഴ്ച രാവിലെ 6.45 ന് പരേതരായ പൂര്‍വ്വികര്‍ക്കുവേണ്ടി വി. കുര്‍ബാന തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം. ഫെബ്രുവരി 3 ആദ്യവെള്ളിയാഴ്ച രാവിലെ 6 മണിക്കും 7 മണിക്കും വൈകുന്നേരം 5 മണിക്കും വി. കുര്‍ബാനയും വി. കുരിശിന്റെ നൊവേനയും തുടര്‍ന്ന് 6 മണിക്ക് വചന പ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. ഫാ. ജിബിന്‍ കുഴിവേലില്‍ നേതൃത്വം വഹിക്കും.

2023 ജനുവരി 29,30,31, ഫെബ്രുവരി 1 തീയതികളിലെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്നാനായ പത്രത്തില്‍ തത്സമയം ലഭ്യമാണ്.

Facebook Comments

knanayapathram

Read Previous

UKKCA ഇലക്ഷൻ നാളെ , പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും സ്ഥാനാരോഹണവും നാളെ നോട്ടിംഗ്ഹാമിൽ*

Read Next

വിശുദ്ധ തീർത്ഥാടനവും സിഡ്നി സിറ്റി ടൂറും, ഏപ്രിൽ 18,19,20 തിയതികളിൽ