Breaking news

വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്കു സമീപം ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരം അടക്കം ചെയ്യും

വത്തിക്കാന്‍ സിറ്റി: സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ അടക്കം ചെയ്യുന്ന സ്ഥലം സംബന്ധിച്ച വിവരം വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടു. മാര്‍പാപ്പമാരെ സാധാരണ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ നിലവറയിലാണ് പാപ്പയുടെ മൃതശരീരം കബറടക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അടിയിലാണ് കല്ലറ സ്ഥിതി ചെയ്യുന്നത്. തിരുസഭയുടെ ആദ്യ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പുകള്‍ക്ക് തൊട്ടടുത്തായാണ് ഈ കല്ലറ.

വ്യാഴാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്കു രണ്ടിന് ആരംഭിക്കുന്ന അന്ത്യകര്‍മ ശുശ്രൂഷകള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിക്കും. മൃതസംസ്‌കാരത്തോട് അനുബന്ധിച്ച് നടക്കുന്ന കുര്‍ബാന വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലാണ് നടക്കുക. മൃതസംസ്‌കാര ചടങ്ങിന്റെ സമയത്ത് വ്യോമപാത അടച്ചിടുമെന്നും കുറഞ്ഞത് 1,000 പോലീസ് ഉദ്യോഗസ്ഥരെയെങ്കിലും വിന്യസിക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ ബ്രൂണോ ഫ്രാറ്റാസി വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ വോളണ്ടിയര്‍മാരും ഈ സമയങ്ങളില്‍ സേവന സന്നദ്ധരാകും. മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ എത്തിചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആഗ്രഹപ്രകാരം സംസ്‌കാരച്ചടങ്ങുകള്‍ ലളിതമായിരിക്കുമെന്നു വത്തിക്കാന്‍ വക്താവ് മാറ്റിയോ ബൂണി നേരത്തെ അറിയിച്ചിരിന്നു. പൊതുജനങ്ങള്‍ക്ക് മുന്‍പാപ്പയുടെ ഭൗതീകശരീരം അവസാനമായി കാണുവാനും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും അവസരം ഒരുക്കിയിട്ടുണ്ട്. നിലവില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മൃതശരീരം പൊതുദര്‍ശനത്തിനായി സൂക്ഷിച്ചിരിക്കുന്നത്.

 

Facebook Comments

knanayapathram

Read Previous

ബെനഡിക്ട് പാപ്പയുടെ ജന്മനാട്ടിൽ ദുഃഖാർദ്ധ്യത്തിലും പ്രാർത്ഥനയിലും ജനങ്ങൾ .

Read Next

തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

Most Popular