മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
UKKCA ക്ക് സ്വന്തമായി ഒരു പതാക എന്നതിലുപരിയായി ആഗോള ക്നാനായ സംഘടനകൾക്കാകെ സ്വന്തമായി ഒരു പതാക എന്ന ആശയമാണ് UKKCA യുടെ പതാക രുപകൽപ്പനാ മത്സരത്തിന് വഴിയൊരുക്കിയത്. അഭൂതപൂർവ്വമായ പങ്കാളിത്തമാണ് പതാക രൂപകൽപ്പനാ മത്സരത്തിന് ലഭിച്ചത്. അതിലുപരി മത്സരാ രാർത്ഥികളിൽ ബഹുഭൂരിപക്ഷവും കുട്ടികളും യുവജനങ്ങളുമായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായി. ക്നാനായ ചരിത്രവും പാരമ്പര്യവും ഉൾപ്പെടുത്തി നിർമ്മിച്ച പതാകകളിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത് UKKCA യുടെ നോട്ടിംഗ്ഹാം യൂണിറ്റിൽ നിന്നായിരുന്നു. ഏറ്റവും നല്ല പതാകയായി തെരെഞ്ഞെടുത്തത് UKKCA ഗ്ലോസ്റ്റർഷയർ യൂണിറ്റ് പ്രസിഡൻ്റായ ശ്രീ ബോബൻ ഇലവുങ്കൽ നിർമ്മിച്ച പതാകയാണ്. April 2 ന് UKKCA സംഘടിപ്പിച്ച ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിൽ UKKCA പ്രസിഡൻ്റ് ശ്രീ ബിജി ജോർജ് മാംകൂട്ടത്തിലും UKKCYL പ്രസിഡൻ്റ് ശ്രീ ടോം ജോസ് വഞ്ചിത്താനത്തും തെരെഞ്ഞെടുത്ത പതാക ക്നാനായ സമുദായ അംഗങ്ങൾക്കായി സമർപ്പിച്ചു.
ഈ പതാകയുടെ പ്രധാന ആകർഷണം അതിലെ ദാവീദ് രാജാവിൻ്റെ നക്ഷത്രമാണ്. ക്നാനായക്കാരുടെ യഹൂദ പാരമ്പര്യമാണ് സ്റ്റാർ ഓഫ് ഡേവിഡ് സൂചിപ്പിയ്ക്കുന്നത്. യഹൂദരാണ് ദാവീദിൻ്റെ നക്ഷത്രം ആദ്യമായാ അവരുടെ ഔദ്യോഗിക ചിഹ്നമായി തെരെഞ്ഞെടുത്തത്. ദാവീദിൻ്റെ നക്ഷത്രം ശക്തമായ ദൈവീക സാന്നിധ്യത്തിൻ്റെയും, സംരക്ഷണത്തിൻ്റെയും അടയാളമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിലും ഉപരിയായി AD 345 ൽ കൊടുങ്ങല്ലൂരിൽ ക്നായിത്തൊമ്മൻ വന്നിറങ്ങിയ കപ്പലിലെ പതാക സ്റ്റാർ ഓഫ് ഡേവിഡ് പതാകയായിരുന്നുവെന്ന് ചരിത്രകാരൻമാർ അഭിപ്രായ പ്പെടുന്നു.
പതാകയിൽ ഉപയോഗിച്ചിരിയ്ക്കുന്ന നീലനിറം നീലാകാശത്തെയും നീലക്കടലിനെയുമാണ് സൂചിപ്പിയ്ക്കുന്നത്. ക്വിനായി യിൽ നിന്ന് കൊടുങ്ങല്ലൂരിലെത്തിയ പൂർവ്വപിതാവിൻ്റെ കപ്പൽയാത്രയേയും, നീലാകാശത്തിൻ്റെ കീഴിൽ ലോകമെങ്ങും വ്യാപിച്ച ക്നാനായ കുടിയേറ്റത്തെയുമാണ് നീല നിറം സൂചിപ്പിക്കുന്നത്. വിളഞ്ഞ വയലുകളെയും സമ്പൽ സമൃദ്ധിയെയുമാണ് സ്വർണ്ണ നിറം സൂചിപ്പിയ്ക്കുന്നത്. ദൈവം പൂർവ്വപിതാക്കൻമാർക്ക് നൽകിയ വാഗ്ദത്ത ഭൂമിയായ തേനും പാലുമൊഴുകുന്ന കാനാൻ ദേശമാണ് സ്വർണ്ണ നിറം പ്രതിനിധീകരിയ്ക്കുന്നത്.
AD 345 ൽ പൂർവ്വികർ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ കപ്പലിനെ അനുസ്മരിപ്പിച്ച് ഒരു പായ്ക്കപ്പലും ആ കപ്പലിൽ AD 345 എന്നും പതാകയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഈ-കപ്പലിൽ രണ്ട് കൊടികളാണുള്ളത്, ഒന്നിൽ ക്രൈസ്തവ വിശ്വാസത്തെെ സൂചിപ്പിച്ച് കുരിശടയാളവും രണ്ടാമത്തേതിൽ യഹോവ നിർദ്ദേശിച്ച രീതിയിൽ നിർമ്മിച്ച വിളക്കായ മെനോറയും അടയാളപ്പെടുത്തിയിട്ടുണ്ട്.
ക്നായിത്തോമയോടൊപ്പം കൊടുങ്ങല്ലൂരിലെത്തിയ ഏഴ് ഗോത്രങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഏഴ് പായകളും എഴുപത്തിരണ്ട് കുടുംബങ്ങളെ പ്രതിനിധീകരിച്ച് കപ്പലിൻ്റെ ഒരു വശത്ത് 36 നക്ഷത്രങ്ങളുമുണ്ട്.
ഏറ്റവും മുകളിൽ ഇടതു വശത്തായി UKKCA യുടെ ലോഗോയാണ്. മറ്റ് ക്നാനായ സംഘംടനകൾക്ക് ഈ പതാക ഉപയോഗിക്കാൻ UKKCA ലോഗോയുടെ സ്ഥാനത്ത് സ്വന്തം ലോഗോ ഉൾപ്പെടുത്തിയാൽ മതിയാകും. പതാക രൂപകൽപ്പന മത്സരത്തിൽ ആവേശപൂർവ്വം പങ്കെടുത്ത എല്ലാവർക്കും UKKCA സെൻട്രൽ കമ്മറ്റി നന്ദി അറിയിക്കുന്നു.