Breaking news

പിന്നോക്കാവസ്ഥയിലുള്ളവരുടെ മുഖ്യധാരാവത്ക്കരണത്തിലൂടെയാണ് സ്വാതന്ത്ര്യം അര്‍ത്ഥ പൂര്‍ണ്ണമാകുന്നത് – മന്ത്രി വി.എന്‍ വാസവന്‍

കോട്ടയം: പിന്നോക്കാവസ്ഥയിലുള്ളവരുടെ മുഖ്യധാരാവത്ക്കരണത്തിലൂടെയാണ് സ്വാതന്ത്ര്യം അര്‍ത്ഥ പൂര്‍ണ്ണമാകുന്നതെന്ന് സഹകരണ രജിസ്‌ട്രേഷന്‍ സാംസ്‌ക്കാരിക സിനിമ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും വിമുക്ത ഭടന്മാരെ ആദരിക്കല്‍ ചടങ്ങിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യപുരോഗതിയ്ക്കായുള്ള പരിശ്രമങ്ങള്‍ തുടരണമെന്നും അതിനിടയില്‍ ഉയര്‍ന്ന് വരുന്ന വിഭാഗിയ ചിന്തകളെ ചെറുത്ത് തോല്‍പ്പിച്ചുകൊണ്ട് ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന ആശയം സാക്ഷാത്ക്കരിക്കുവാന്‍ കൂട്ടായ ചുവടുവയ്പ്പുകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ധീരരക്തസാക്ഷികള്‍ നേടിത്തന്ന സ്വാതന്ത്ര്യം കാത്തു സൂക്ഷിച്ചുകൊണ്ട് രാഷ്ട്രത്തിന്റെ അഖണ്ഡതയും ശ്രേയസ്സും ഉയര്‍ത്തിപ്പിടിക്കുവാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് പടികര, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ റ്റി.സി റോയി, ഷൈനി ഫിലിപ്പ്, ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. നിധിന്‍ പുല്ലുകാടന്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് പ്രവര്‍ത്തന മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട തൊണ്ണൂറ്റിയാറ് ഭടന്മാരെ മന്ത്രി വി.എന്‍ വാസവനും മാര്‍ മാത്യു മൂലക്കാട്ടും ചേര്‍ന്ന് ആദരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ ദിന ചിന്തകളെ ആസ്പദമാക്കി നടത്തപ്പെട്ട സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. കോട്ടയം സേഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്വാശ്രയസംഘങ്ങളില്‍ നിന്നായുള്ള അഞ്ഞൂറോളം പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.

Facebook Comments

knanayapathram

Read Previous

കീഴൂര്‍ ചമ്പന്നിയില്‍ എല്‍സി കുര്യന്‍ (84) നിര്യാതയായി. Live funeral telecasting available

Read Next

കല്ലറ കണിയാംപറമ്പിൽ K M ചാക്കോ (84) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE