
മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
UKKCA യുടെ എല്ലാ യൂണിറ്റു കളിലേയും അംഗങ്ങൾ ഒരു മാലയിലെ മുത്തുകൾ പോലെ ഒത്തു ചേരുന്ന കൺവൻഷൻ റാലി മുൻ വർഷങ്ങളിലേതും മികച്ചതാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഒരു പ്രവാസി നാട്ടിൽ ആയിരക്കണക്കിന് മലയാളികൾ ഒരുമയോടെ, ഒരു മനസ്സോടെ, ഒത്തുചേരുന്ന അപൂർവ്വ നിമിഷങ്ങൾക്കാണ് അണിയറയിൽ ഒരുക്കങ്ങൾ പൂർത്തിയാവുന്നത്. യൂണിറ്റുകളിലെ കുടുംബങ്ങളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ,
25 വരെ,50 വരെ,50 ന് മുകളിൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന മൂന്നു യൂണിറ്റുകളെ തെരെഞ്ഞെടുക്കാനുള്ള മത്സരവേദിയാകുന്നു എന്നത് സമുദായ റാലി വിഴിവാർന്ന താകാൻ കാരണമാകും.
ഓരോ വിഭാഗത്തിലെയും വിജയികൾക്ക് ട്രോഫികൾക്കു പുറമേ യഥാക്രമം 350 പൗണ്ട്, 250 പൗണ്ട്, 150 പൗണ്ട് കാഷ് പ്രൈസുകളുമുണ്ട്. കുറച്ച് നാളുകൾ മുമ്പു മാത്രം അംഗങ്ങൾക്കിടയിൽ നടത്തിയ മത്സരത്തിലൂടെ രൂപകൽപ്പന ചെയ്യപ്പെട്ട UKKCA പതാക എല്ലാ യൂണിറ്റിലേയും ഭാരവാഹികൾ വഹിക്കുന്നത് റാലിക്ക് ഏറെ പുതുമയും ചാരുതയുമേകുമെന്നാണ് പ്രതീക്ഷ.യൂണിറ്റിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചുള്ള പങ്കാളിത്തം, മത്സരത്തിലെ മാർക്ക് നേടാനുള്ള ഒരു നിബന്ധനയായതിനാൽ പരമാവധി അംഗങ്ങളെ പങ്കെടുക്കാനും, കോച്ചുകൾ ബുക്ക് ചെയ്യാനും ഭാരവാഹികൾ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഒരേപോലുള്ള വസ്ത്രധാരണം മറ്റൊരു നിബന്ധനയായതിനാൽ, യൂണിറ്റിലെ മുഴുവൻ അംഗങ്ങൾക്കും ഒരേ നിറത്തിലുള്ള സാരികളും ഷർട്ടുകളും മാത്രമല്ല മുത്തുക്കുടകൾ പോലും കൊണ്ടു വന്നവരാണ് എല്ലാ വലിയ യൂണിറ്റുകളും.
തകർക്കാനാവാത്ത വിശ്വാസവും’ തലമുറകൾ താലോലിയ്ക്കുന്ന പാരമ്പര്യവും കൈമുതലാക്കി, തകർക്കാൻ ശ്രമിച്ചവരുടെ മുന്നിൽ തലയെടുപ്പോടെ നിന്നവർ അഭിമാനത്തോടെ, അടിവെച്ച് മുന്നേറുന്ന അപൂർവ്വ നിമിഷങ്ങൾക്ക് ചെൽറ്റൻ ഹാമിലെ ജോക്കി ക്ലബ്ബ് വീണ്ടുമൊരിക്കൽ കൂടി സാക്ഷിയാവുകയാണ്. UKKCA അഡ്വൈസറും, മുൻ UKKCA ജനറൽ സെക്രട്ടറിയുമായ സാജു ലൂക്കോസ് പാണപറമ്പിലിൻ്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് കൺവൻഷൻ റാലിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.