Breaking news

മലയാളത്തിന്റെ മാസ്മരഗായകൻ മധു ബാലകൃഷ്ണനൊപ്പം, മൂന്നു രാജാക്കൻമാരുടെ പള്ളിമുറ്റത്ത് പാടിത്തുടങ്ങിയ ക്നാനായക്കാരുടെ സ്വന്തം ഗായകൻ പിറവം വിൽസനും, മെലഡിയുടെ മഹാറാണി ചിത്രാ അരുണും , UKKCA കൺവൻഷൻ സ്വാഗത ഗാനത്തിന് പ്രിയഗായകരുടെ ത്രിവേണീസംഗമം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA

ജൂലൈ രണ്ടിന് ചെൽറ്റൻ ഹാമിലെ ജോക്കി ക്ലബ്ബ് ക്നായിത്തൊമ്മൻ നഗറായി മാറുമ്പോൾ, ക്നാനായ യുവജനങ്ങൾ സ്വാഗത നൃത്തത്തിൽ ഇന്ദ്രജാലം തീർക്കുമ്പോൾ, സ്വാഗത ഗാനാലാപകരിൽ ക്നാനയക്കാരുടെ അനുഗ്രഹീത ഗായകൻ പിറവം വിൽസണും. UKKCA കൺവൻഷനു വേണ്ടി ഇത് അഞ്ചാം തവണയാണ് പിറവം വിൽസൺ സ്വാഗത ഗാനമാലപിയ്ക്കുന്നത്. ക്‌നാനായക്കാരിലെ പ്രശസ്തനായ ഗായകൻ എന്ന പിറവം വിൽസൻ്റെ കിരീടത്തിന് കഴിഞ്ഞ ഇരുപത്തിരണ്ട് വർഷങ്ങളായി മറ്റ് അവകാശികളില്ല. ആരാണ് പിറവം വിൻസൺ എന്ന ചോദ്യത്തിന് ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്നും മുഴങ്ങുന്ന “ആരാധനയ്ക്കേറ്റം യോഗ്യനായവനേ ” എന്ന ഗാനമാലപിച്ചയാൾ എന്നതാവും ഏറെ ലളിതമായ ഉത്തരം.4500 ലധികം ക്രൈസ്തവ ഭക്തിഗാനങ്ങളാണ് പിറവം വിൽസൻ്റെ ശബ്ദമാധുര്യത്തിൽ പിറന്നു വീണത്. മനസ്സൊരു സക്രാരി യായി, ബലിയർപ്പിയ്ക്കാൻ വരുവിൻ, ബലിയർപ്പിയ്ക്കുന്ന സമയം, സ്നേഹം അപ്പമായി മുറിയുമീ, ആരാധനയെന്നും ഈശോയ്ക്കു മാത്രം, അങ്ങനെയെത്രയെത്ര സുന്ദര ഗാനങ്ങളാണ് പിറവം വിൽസൺ ക്രിസ്തീയ ഭക്തിഗാന ശാഖയ്ക്ക് നൽകിയത്? റവ ഫാ തോമസ് കരിമ്പിൻ കാലായിൽ പിറവം പൂജരാജാക്കൻമാരുടെ പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിച്ചപ്പോൾ പള്ളിയിൽ ഒരു പുതിയ ഗായക സംഘമുണ്ടാക്കിയതാണ് പിറവം വിൽസൺ എന്ന ഗായകന്റെ പിറവിക്ക് നിദാനമായത്. പിറവം കുടിലിൽ കുടുംബാംഗമായ വിൽസൻ്റെ ഭാര്യ UKയിലെ നോർത്താംപ്റ്റണിൽ എത്തിയിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളൂ.

മലയാളം, തമിഴ് ,തെലുങ്ക്, കന്നട ഭാഷകളിലെ നിരവധി സിനിമകൾക്കായി ഗാനമാലപിച്ച മധു ബാലകൃഷ്ണൻ അസാധാരണ ശബ്ദ സൗകുമാര്യത്തിന് ഉടമയാണ്.വാൽക്കണ്ണാടി എന്ന സിനിമയ്ക്കു വേണ്ടി ആലപിച്ച “അമ്മേ അമ്മേ ” എന്ന ഗാനം 2002 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് അർഹനാക്കി. 2006 ൽ തമിഴ്നാട് സർക്കാരിൻ്റെ ഏറ്റവും നല്ല ഗായകനുള്ള അവാർഡും, 2007 ൽ തമിഴ്നാട് സർക്കാരിൻ്റെ കലൈമാമിനി അവാർഡും, നേടിയ മധു ബാലകൃഷ്ണനെ 2017ൽ അമേരിക്കയിലെ ഇൻറർനാഷണൽ തമിഴ് യുണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.

മലയാളത്തിലും തമിഴിലും നിരവധി സിനിമകൾക്കു വേണ്ടി ഗാനമാലപിച്ച ചിത്രാ അരുൺ, സംഗീതത്തിലെ ബിരുദാനന്ദര ബിരുദം ഒന്നാം റാങ്കോടെയും ബിരുദം രണ്ടാം റാങ്കിലും പാസ്സായ ഗായികയാണ്. K J യേശുദാസ്, P ജയചന്ദ്രൻ, ഉണ്ണിമേനോൻ, Mജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ എന്നിവരോടൊപ്പം വിവിധ രാജ്യങ്ങളിൽ സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. ഭക്തിഗാനങ്ങളിലൂടെയാണ് ചിത്ര അരുൺ കൂടുതൽ ശ്രദ്ധേയയായത്. 3500 ലധികം ക്രൈസ്തവ ഹൈന്ദവ ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. റാണീ പത്മിനി എന്ന സിനിമയിലെ “ഒരു മകര നിലാവായി”, രക്ഷാധികാരി ബിജു എന്ന സിനിമയിലെ “ഞാനീ ഊഞ്ഞാലിൽ “, ക്രൈസ്തവ ഭക്തിഗാനമായ” ദൈവം തന്നതല്ലാതൊന്നും ഇല്ലയെൻ്റെ ജീവിതത്തിൽ ” എന്നീ ഗാനങ്ങൾ ചിത്രയെ ഏറെ ശ്രദ്ധേയയാക്കി.

പൂക്കാലമെത്തുമ്പോൾ പൂവാടികളിൽ പറന്നെത്തുന്ന പൂത്തുമ്പികളെപ്പോലെ, കൺവൻഷനെത്തുമ്പോൾ ഒഴുകിയെത്തുന്ന ക്നാനായ ജനത്തിനെ ആവേശത്തിരകളിലാറാടിയ്ക്കാൻ അനുഗ്രഹീത ഗായകർ ആലപിയ്ക്കുന്ന “നട വിളിഭേരികൾ ഉയരുകയായി, മാർത്തോമൻ ശീലുകൾ ഒഴുകുകയായി” എന്നു തുടങ്ങുന്ന ഗാനം അവസാന മിനുക്കുപണികളിലാണ്.

Facebook Comments

knanayapathram

Read Previous

KKWF , കുവൈറ്റ് KCYL സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

Read Next

– ഉള്‍ക്കാഴ്ച  – നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സാമൂഹിക അവബോധ പഠനശിബിരം സംഘടിപ്പിച്ചു