
കോട്ടയം: എ.ഡി.345 മാര്‍ച്ച് 7 ന് ദക്ഷിണ മെസപ്പൊട്ടാമിയായിലെ കിനായി ഗ്രാമത്തില്‍നിന്നും ഏഴില്ലം എഴുപത്തിരണ്ട് കുടുംബങ്ങളില്‍പ്പെട്ട നാനൂറോളം വരുന്ന യഹൂദ-ക്രിസ്ത്യാനികള്‍ കിനായി തോമായുടെയും ഉറഹാ മാര്‍ യൗസേപ്പു മെത്രാന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലേക്കു നടത്തിയ ക്നാനായ പ്രേഷിത കുടിയേറ്റത്തിന്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് പ്രൗഢോജ്ജ്വല സമാപനം. കുടിയേറ്റ അനുസ്മരണദിനാചരണങ്ങള്‍ക്കു മുന്നോടിയായി അല്‍മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെ അതിരൂപയുടെ എല്ലാ പ്രദേശങ്ങളിലും എത്തിച്ചേരുന്ന വിധത്തില്‍ സംഘടിപ്പിച്ച പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്ര ക്നാനായ സമൂദായത്തിന്റെ വിശ്വാസതീഷ്ണതയുടേയും ഇഴയടുപ്പത്തിന്റെയും നേര്‍സാക്ഷ്യമായി.
പതിനാലു ഫൊറോനകളുടേയും ഗംഭീരവരവേല്പിനുശേഷം വൈകുന്നേരം 5 മണിക്ക് ക്രിസ്തുരാജ കത്തീഡ്രല്‍ അങ്കണത്തില്‍ സന്ദേശയാത്ര എത്തിച്ചേര്‍ന്നപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കിനായി തോമായുടെയും ഉറഹാ മാര്‍ യൗസേപ്പിന്റെയും പ്രതിമ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് നടത്തപ്പെട്ട പ്രേഷിത കുടിയേറ്റ അനുസ്മരണദിനാചരണ സമ്മേളനത്തില്‍ അതിരൂപതാ സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കല്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഫാ. തോമസ് ആനിമൂട്ടില്‍, ബിനോയി ഇടയാടിയില്‍, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സന്ദേശയാത്രയ്ക്ക് യുവതീയുവാക്കളും കുട്ടികളും ഒന്നുചേര്‍ന്ന് വാദ്യമേളങ്ങളുടേയും ക്നാനായക്കാരുടെ പരമ്പരാഗത കലയായ മാര്‍ഗ്ഗംകളിയുടേയും ഫ്ളാഷ് മോബിന്റെയും നടവിളികളുടേയും പുരാതനപ്പാട്ടുകളുടെയും അകമ്പടിയോടെ ആവേശോജ്ജ്വല സ്വീകരണമാണു സംഘടിപ്പിരുന്നത്. കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ പാറയില്‍, കെ.സി.സി അതിരൂപതാ ഭാരവാഹികളായ ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, തോമസ് അരയത്ത്, ബാബു കദളിമറ്റം, സ്റ്റീഫന്‍ കുന്നുംപുറം, സൈമണ്‍ പാഴുകുന്നേല്‍, ഷാജി കണ്ടച്ചാംകുന്നേല്‍, തോമസ് അറക്കത്തറ എന്നിവര്‍ സന്ദേശയാത്രയ്ക്കു നേതൃത്വം നല്‍കി.

