
കണ്ണൂര്‍: എ.ഡി.345 മാര്‍ച്ച് 7 ന് ദക്ഷിണ മെസപ്പൊട്ടാമിയായിലെ കിനായി ഗ്രാമത്തില്‍നിന്നും ഏഴില്ലം എഴുപത്തിരണ്ട് കുടുംബങ്ങളില്‍പ്പെട്ട നാനൂറോളം വരുന്ന യഹൂദ-ക്രിസ്ത്യാനികള്‍ കിനായി തോമായുടെയും ഉറഹാ മാര്‍ യൗസേപ്പു മെത്രാന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലേക്കു നടത്തിയ ക്‌നാനായ പ്രേഷിത കുടിയേറ്റത്തിന്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കമാകും. കുടിയേറ്റ അനുസ്മരണദിനാചരണങ്ങള്‍ക്കു മുന്നോടിയായി അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെ അതിരൂപയുടെ എല്ലാ പ്രദേശങ്ങളിലും എത്തിച്ചേരുന്ന വിധത്തില്‍ സംഘടിപ്പിക്കുന്ന പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്ര രാവിലെ 8.30 ന് കോട്ടയം അതിരൂപതയുടെ മലബാര്‍ റീജിയണ്‍ കേന്ദ്രമായ ശ്രീപുരം ബിഷപ്‌സ് ഹൗസില്‍ വച്ച് അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കെ. സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി വൈസ് പ്രസിഡന്റ് ബാബു കദളിമറ്റം, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോയി കട്ടിയാങ്കല്‍, ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസ് നെടുങ്ങാട്ട്, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ പാറയില്‍, കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോക്കി ജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. സന്ദേശയാത്രയുടെ ആദ്യദിനമായ ഇന്ന് രാജപുരം ഫൊറോനയിലെ കാഞ്ഞങ്ങാട്, ഒടയഞ്ചാല്‍, ചുള്ളിക്കര, കള്ളാര്‍ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് മാലക്കല്ലില്‍ സമാപിക്കും. തുടര്‍ന്ന് മടമ്പം, പെരിക്കല്ലൂര്‍, ചങ്ങലേരി, ചുങ്കം, പടമുഖം, ഉഴവൂര്‍, പിറവം, കൈപ്പുഴ, കിടങ്ങൂര്‍, മലങ്കര, കടുത്തുരുത്തി, ഇടയ്ക്കാട്, ഫൊറോനകളിലൂടെ സഞ്ചരിച്ച് മാര്‍ച്ച് 7-ാം തീയതി വൈകുന്നേരം 5 മണിക്ക് കോട്ടയം അതിരൂപതാ ആസ്ഥാനത്ത് എത്തിച്ചേരുമ്പോള്‍ ക്രിസ്തുരാജ കത്തീഡ്രല്‍ അങ്കണത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കിനായി തോമായുടെയും ഉറഹാ മാര്‍ യൗസേപ്പിന്റെയും പ്രതിമ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അനാച്ഛാദനം ചെയ്യും. കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ പാറയില്‍, കെ.സി.സി അതിരൂപതാ ഭാരവാഹികളായ ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, തോമസ് അരയത്ത്, ബാബു കദളിമറ്റം, സ്റ്റീഫന്‍ കുന്നുംപുറം, സൈമണ്‍ പാഴുകുന്നേല്‍, ഷാജി കണ്ടച്ചാംകുന്നേല്‍, തോമസ് അറക്കത്തറ എന്നിവര്‍ സന്ദേശയാത്രയ്ക്കു നേതൃത്വം നല്‍കും.