ചിക്കാഗോ: ഡി കെ സി സി ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട, ഡി കെ സി സി യിലെ കെ സി സി എൻ എ പ്രതിനിധിയായിരുന്ന ബെന്നി വാച്ചാച്ചിറ, ഡി കെ സി സി ചെയർമാൻ സ്ഥാനം, കെ സി സി എൻ എ നാഷണൽ കൗൺസിൽ സ്ഥാനം എന്നിവ രാജിവച്ചു. കോട്ടയം അതിരൂപതാധ്യക്ഷൻ അഭി. മാർ മാത്യു മൂലക്കാട്ട്, കെ സി സി എൻ എ പ്രസിഡണ്ട് ശ്രീ സിറിയക്ക് കൂവക്കാട്ടിൽ, ചിക്കാഗോ കെ സി എസ് പ്രസിഡണ്ട് ശ്രീ തോമസ് പൂതക്കരി എന്നിവർക്കാണ് രാജിക്കത്ത് സമർപ്പിച്ചത്. ചിക്കാഗോയിൽ നിന്നുള്ള നാഷണൽ കൗൺസിൽ അംഗമായതിനെ തുടർന്നാണ് ഡി കെ സി സി ജനറൽ കൗൺസിലിലേക്ക് അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടതും തുടർന്ന് നടന്ന തെരെഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് എത്തിയതും. കോട്ടയം അതിരൂപതയുമായി ചേർന്ന് ഒരു കത്തോലിക്കാ സംഘടനയായി, ആഗോള ക്നാനായ അല്മായ സംഘടനകളെ കോട്ടയം രൂപതയുമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രാധാന കണ്ണിയായി പ്രവർത്തിക്കുക എന്ന സ്ഥാപക ലക്ഷ്യം പൂർത്തിയാക്കുവാൻ, തെരഞ്ഞെടുപ്പിന് ശേഷം നടന്ന സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ സാധിക്കില്ല എന്ന് മനസ്സിലാക്കിയതിനാലും, കെ സി സി എൻ എ, ഡി കെ സി സി യുടെ കത്തോലിക്കാ സംഘടന എന്ന അസ്തിത്വവും, കോട്ടയം അതിരൂപതാധ്യക്ഷൻ മുന്നോട്ട് വച്ച പുതുക്കിയ ഭരണഘടനയും അംഗീകരിക്കുവാൻ വിസമ്മതിച്ചതോടെ, കെ സി സി എൻ എ യുടെ പ്രതിനിധി എന്ന നിലയിൽ ധാർമ്മികമായി തുടരുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കികൊണ്ടാണ് കെ സി സി എൻ എ യിലും കെ സി സി എൻ യിലൂടെ ഡി കെ സി സി യിൽ ലഭിച്ച എല്ലാ സ്ഥാനങ്ങളും രാജിവച്ച് ഒഴിഞ്ഞത് എന്ന് ബെന്നി വാച്ചാച്ചിറ അറിയിച്ചു.
കോട്ടയം അതിരൂപതാധ്യക്ഷന് ലോകമെമ്പാടുമുള്ള ക്നാനായക്കാരുടെമേൽ സഭാമരമായ അധികാരത്തിന് പരിധികൾ ഉണ്ടെങ്കിലും, ക്നാനായ അല്മായ സംഘടനകളിലൂടെ, കെ സി സി യുമായും അതിലൂടെ കോട്ടയം അതിരൂപതയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ വേണ്ടി, കോട്ടയം അതിരൂപതാധ്യക്ഷന്റെ കീഴിൽ ഉണ്ടാക്കിയ ഡി കെ സി സി എന്ന സംഘടനയെ, അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വിരുദ്ധമായി കോട്ടയം അതിരൂപതയുടെ കീഴിൽ നിന്നും മാറ്റുവാൻ വേണ്ടി ചില സ്ഥാപിതലക്ഷ്യക്കാർ നടത്തുന്ന നീക്കങ്ങളെ അംഗീകരിക്കുവാൻ ആകില്ല എന്നും, കോട്ടയം അതിരൂപതയോട് ചേർന്ന് നിൽക്കുന്ന ഒരു ഡി കെ സി സി യെ മാത്രമേ ഒരു ക്നാനായ സമുദായാംഗം എന്ന നിലക്ക് അംഗീകരിക്കുവാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇതുകൊണ്ടു തന്നെയാണ് തെരഞ്ഞെടുപ്പിന് ശേഷം , ഡി കെ സി സി യുടെ ഭരണഘടന സംബന്ധിച്ച് കോട്ടയം അതിരൂപധാധ്യ്ക്ഷനെ പ്രതിയാക്കി ചിലർ കേസ് കൊടുത്തപ്പോഴും , ഡി കെ സി സി ഒരു കത്തോലിക്കാ സംഘടനായാണ് എന്നും, കോട്ടയം അതിരൂപതാധ്യക്ഷന് സംഘടനയിൽ ഭരണഘടനാപരമായ അധികാരങ്ങൾക്ക് അർഹതയുണ്ട് എന്നുമുള്ള നിലപാട് താൻ കോടതിയിലുൾപ്പെടെ സ്വീകരിച്ചത് എന്നും അദ്ദേഹം അറിയിച്ചു. കോട്ടയം അതിരൂപതാധ്യക്ഷന്റെ അധികാര പരിധി ലോകമെമ്പാടും വ്യാപിപ്പിക്കണം എന്ന് പറയുന്നവർ തന്നെ ഡി കെ സി സി യിലെ കോട്ടയം അതിരൂപതാധ്യക്ഷന്റെ അധികാരത്തെ അംഗീകരിക്കാൻ വിമുഖകാണിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കുവാൻ സാധിക്കില്ല എന്നും അദ്ദേഹം അറിയിച്ചു.
പുതിയ ഭരണഘടനപ്രകാരം ഡി കെ സി സി എ യെ അംഗീകരിക്കുവാൻ നൽകിയ സമയത്തിനുള്ളിൽ അത് പൂർത്തിയാക്കാത്ത മേഖലകളിൽനിന്നും ജനറൽ കൗൺസിലിലേക്ക് പ്രതിനിധികളെ അയക്കുവാനുള്ള അധികാരം, അതാത് മേഖലകളിലെ ക്നാനായ മിഷൻ / റീജിയൺ ഡയറക്ടേഴ്‌സിനായിരിക്കും. ഇത്തരത്തിൽ ഡി കെ സി യുടെ കത്തോലിക്കാ ഘടനയെയും, കോട്ടയം അതിരൂപതാധ്യക്ഷന്റെ ഭരണഘടനാപരമായ അധികാരത്തെയും അംഗീകരിക്കാത്ത സംഘടനകളെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ജനറൽ കൗൺസിലിന്റെ മീറ്റിങ്ങ് മാർച്ച് 19 ന് നടത്തപ്പെടും. പുതിയ ജനറൽ കൗൺസിലിൽ നിന്നായിരിക്കും ഡി കെ സി സിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക.