Breaking news

തിരിച്ചറിവിന്റെ നോമ്പുകാലം, ഫാ. ജെയിസൺ കൂട്ടക്കൈതയിൽ ഒ.എസ്.എച്ച്.

അവിസ്മരണീയ കായിക നേട്ടങ്ങളെ സ്വപ്‌നംകാണുന്ന ഓരോ കായികതാരത്തിന്റെയും വിദൂര സ്വപ്‌നമാണ് 4 വർഷത്തിൽ ഒരിക്കൽ നടക്കുന്ന കായികമാമാങ്കമായ ഒളിംപിക്‌സിൽ പങ്കെടുക്കുകയെന്നത്. ആ സ്വപ്‌നസാഫല്യത്തിനായി വർഷങ്ങൾ നീളുന്ന അച്ചടക്കം നിറഞ്ഞ പരിശീലനത്തിലൂടെ ശരീരത്തിനെയും മനസ്സിനെയും പാകപ്പെടുത്തി ലോകകായികമത്സരത്തിൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി അഹോരാത്രം അധ്വാനിച്ച്, പല വ്യക്തിതാല്പര്യങ്ങളും ശാരീരിക ഇഷ്ടങ്ങളും തൃണവത്ഗണിക്കുന്നു.
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഉയിർപ്പുതിരുനാളിന് ഒരുക്കമായുള്ള നോമ്പുകാലത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. കത്തോലിക്കാ സഭയിൽ നോമ്പാചരണം പല പേരുകളിൽ അറിയപ്പെടുന്നു. 3 നോമ്പ്, 8 നോമ്പ്, 15 നോമ്പ്, 25 നോമ്പ്, 50 നോമ്പ്…. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 50 നോമ്പ് എന്നറിയപ്പെടുന്ന വലിയ നോമ്പ്. തന്റെ പരസ്യജീവിതത്തിനൊരുക്കമായി 40 ദിനരാത്രങ്ങൾ മരുഭൂമിയിൽ ഉപവസിച്ച് ശക്തിപ്രാപിച്ച ഈശോയെ (മത്താ 4:1-2) അനുകരിച്ചാണ് ക്രൈസ്തവർ നോമ്പനുഷ്ഠിക്കുക. പൗരസ്ത്യ സഭകളിൽ വലിയനോമ്പ് പേത്തർത്തായ്ക്കു ശേഷമുള്ള വിഭൂതിതിങ്കൾ മുതൽ ഉയിർപ്പു ഞായർ വരെ 50 ദിവസവും, പാശ്ചാത്യസഭയിൽ വിഭൂതി ബുധൻ മുതൽ ഉയിർപ്പു ഞായർ വരെ 40 ദിവസം (ഞായർ കർത്താവിന്റെ ദിവസമാകയാൽ നോമ്പുകാലത്തിലെ ഞായറുകൾ നോമ്പിൽ ഉൾപ്പെടില്ല.) വലിയ നോമ്പായി നിശ്ചയിച്ചിരിക്കുന്നു.
പഴയനിയമത്തിൽ ഉല്പത്തിയുടെ പുസ്തകത്തിൽ നോഹയുടെ പേടകം 40 ദിനരാത്രങ്ങൾ ദൈവപരീക്ഷണത്തിന്റെയും ദൈവ പരിപാലനയുടെയും സംരക്ഷണയിൽ ഒഴുകി നടന്നതായി ബൈബിൾ പ്രതിപാദിക്കുന്നു. ബൈബിളിൽ 40 എന്ന സംഖ്യ അർത്ഥങ്ങൾകൊണ്ടും അനുമാനങ്ങൾകൊണ്ടും വളരെ പ്രധാനപ്പെട്ടതാണ്. ഇസ്രായേൽ ജനത്തിന്റെ 40 വർഷത്തെ മരുഭൂവാസത്തിൽ പകൽ മേഘമായും രാത്രി അഗ്നിസ്തംഭമായും ദൈവം തന്റെ സാന്നിധ്യം അറിയിക്കുന്നു. 40 ദിവസം കഴിയുമ്പോൾ നിനവേ നഗരം നശിപ്പിക്കപ്പെടും (യോനാ 3,4) എന്ന യോനാ പ്രവാചകന്റെ മുന്നറിയിപ്പിൽ നിനവേ നിവാസികൾ ചാക്കുടുത്ത് ചാരം പൂശി ദൈവകൃപക്കായി യാചിക്കുന്നതായി നാം വായിക്കുന്നു. 40 വർഷമാണ് മോശ ഈജിപ്തിൽ കഴിഞ്ഞത്. 40 ദിവസമാണ് ഏലിയാ പ്രവചാകൻ ഭക്ഷണവും വെള്ളവുമില്ലാതെ ഹോറെബ് മലയിൽ ജീവിച്ചത്. ഇനിയും പുതിയ നിയമത്തിൽ ഈശോ 40 ദിവസം മരുഭൂമിയിൽ ഉപവസിച്ച് ആത്മീയ ശക്തിപ്രാപിച്ച് പിശാചിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുന്നതായി നാം കാണുന്നു (മത്താ. 4:1-11). ശരീരത്തിന്റെ അധികാരത്തിന്റെ അംഗീകാരത്തിന്റെ പ്രലോഭനങ്ങൾക്ക് ഈേേശാ കീഴ്‌പ്പെടുന്നില്ല.
നോമ്പും ഉപവാസവും അനുരഞ്ജനത്തിന്റെ പ്രതീകങ്ങളാണ് ദൈവാശ്രയത്തിൽ ദൈവത്തോട് ചേർന്നിരിക്കാനുള്ള ആത്മീയ ആഹ്വാനമാണ് നോമ്പും ഉപവാസവും. പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവയിലൂടെ ദൈവത്തിനും മനുഷ്യർക്കും പ്രിയപ്പെട്ടവരായി, മാറ്റപ്പെടുത്തേണ്ട ചില സ്വഭാവരീതികളിൽ തിരുത്തലുകൾ വരുത്തി ഉപകാരപ്രദമായ ജീവിതം നയിക്കാനുള്ള വെല്ലുവിളിയാണ് നോമ്പുകാലം. മനുഷ്യനും ദൈവവും സഹജീവികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്നതാണ് നോമ്പിന്റെ അന്തഃസത്ത.
മരുഭൂമിയിലെ മൂന്നു പ്രലോഭനങ്ങളെയും ഈശോ അതിജീവിച്ചത് ആത്മീയ ശക്തിയാലാണ്. തിരുവചന ധ്യാനത്തിലൂടെ, ബൈബിൾ പാരായണത്തിലൂടെ വി. കുർബാന, കുമ്പസാരം മുതലായ കൂദാശാ സ്വീകരണത്തിലൂടെ, കുരിശിന്റെ വഴി, കൊന്തനമസ്‌ക്കാരം തുടങ്ങിയ ഭക്തനുഷ്ഠാനങ്ങളിലൂടെയും, പ്രാർത്ഥന പരിത്യാഗ പ്രവൃത്തികൾ, ആതുര ശുശ്രൂഷ പരസ്‌നേഹ സഹായ സഹകരണങ്ങളിലൂടെയും ദൈവിക ശക്തി സ്വീകരിക്കാനുള്ള ഒരു കാലഘട്ടമാകട്ടഎ നമുക്കേവർക്കും ഈ നോമ്പുകാലം.
മനസ്സിനെയും ശരീരത്തെയും ചിന്തകളെയും വികാരങ്ങളെയും അടിമപ്പെടുത്തുന്ന വസ്തുക്കളെയും തിരസ്‌ക്കരിക്കാൻ മാത്രമല്ല നോമ്പാചരണം, മറിച്ച് ശാരീരിക, മാനസിക, ബൗദ്ധിക, ഭൗതിക, ആഡംബര, മാധ്യമ പ്രലോഭനങ്ങളെ നേരിടാനും ആത്മീയ പ്രതിരോധശക്തി സംഭരിക്കാനുമുള്ള അസുലഭമായ അവസരമാണ് നോമ്പും ഉപവാസവും.
ഇഷ്ടഭോജ്യങ്ങളുടെ തിരസ്‌ക്കരണവും മാംസവർജ്ജനവും മാത്രമല്ല ഉപവാസംകൊണ്ട് അർത്ഥമാക്കുന്നത്. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും കരുതലോടെ ഉപയോഗിക്കുന്നതും അപരനെ അംഗീകരിക്കുന്നതും ബഹുമാനിക്കുന്നതും സഹായിക്കുന്നതും സ്‌നേഹിക്കുന്നതും സാമ്പത്തിക ഞെരുക്കങ്ങളിൽപ്പെട്ടവർക്ക് കരുതലായി കൂടെയുണ്ട് എന്ന ബോധ്യംനൽകലും ഉപവാസത്തിന്റെ നന്മവശമാണ്. ഉപവസിക്കുക എന്നാൽ കൂടെ ആയിരിക്കുക. ആപത്ഘട്ടത്തിലും പ്രയാസങ്ങളിലും താങ്ങും തണലുമായി ഒപ്പമുണ്ടാകുക. കുറവുകളെ തിരിച്ചറിഞ്ഞ്, മാറ്റേണ്ടവയെ തിരുത്താൻ ശ്രമിച്ച് പുതിയ മനുഷ്യരാകാൻ ഉള്ള ഒരുക്ക കാലഘട്ടമാണ് നോമ്പും ഉപവാസവും. പോറലുകൾ വീണ ബന്ധങ്ങളും, അവഗണനയാലും ഒറ്റപ്പെടുത്തലുകളാലും കണ്ണികൾ അകന്നുപോയ ശുദ്ധ ഹൃദയങ്ങളും വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത കൂട്ടിച്ചേർക്കലുകളെയും ഹൃദ്യതയുടെ, പങ്കുവയ്ക്കലിന്റെ, ക്ഷമയുടെ, കൂട്ടായ്മയുടെ സ്ഫടികത്തിൽ വിളക്കിച്ചേർക്കാനുള്ള സുവർണ്ണാവസരമാണ് നോമ്പുകാലം.
പ്രലോഭനങ്ങൾ നിറഞ്ഞ നമ്മുടെ ജീവിതയാത്രയിൽ, കാലിടറാതെ പ്രതീക്ഷയുടെ നന്മയുടെ പക്ഷംപിടിച്ച്, പ്രതിസന്ധികളിൽ ദൈവത്തിലാശ്രയിച്ച് അനുഭവത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കുടുംബബന്ധത്തിലെയും സുഹൃദബന്ധത്തിലെയും വിള്ളലുകൾ തുന്നിച്ചേർത്ത് ക്രിസ്തുവിൽ നവീകരിക്കപ്പെട്ടവരാകുവാൻ ഈ നോമ്പുകാലം നമ്മെ ഓരോരുത്തരേയും ആത്മീയമായും ശാരീരികമായും ബൗദ്ധികമായും ദൈവം ശക്തിപ്പെടുത്തട്ടെ.

Facebook Comments

knanayapathram

Read Previous

മാറിടം നൂറ്റ്യാനിക്കുന്നേല്‍ (വെളിയംകുളത്തേൽ) ജയിംസ് മാത്യു (62) നിര്യാതനായി. Live funeral telecasting available

Read Next

ഡി കെ സി സി ചെയർമാൻ ബെന്നി വാച്ചാച്ചിറ രാജിവെച്ചു. ഡി കെ സി സി യുടെ പുതിയ ജനറൽ കൗൺസിൽ മാർച്ച് 19 ന്