
കടുത്തുരുത്തി: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികനും കടുത്തുരുത്തി സെന്റ് മേരീസ് ഇടവകാംഗവുമായ ഫാ. തോമസ് കുന്നശ്ശേരില്‍ (91) നിര്യാതനായി . തോമസച്ചൻ്റെ ഭൗതികശരീരം വെള്ളിയാഴ്ച (19/11/21) രാവിലെ 7.30 ന് വിയാനി ഹോമിൽ , അതിനു ശേഷം 9 മണിക്ക് പാഴുത്തുരുത്തിലെ സ്വഭവനത്തിൽ എത്തിക്കുന്നതും 10.30 ന് മൃതസംസ്കാര ശൂശ്രൂഷയുടെ ഒന്നാം ഭാഗം ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 11.30 ന് കടുത്തുരുത്തി സെൻ്റ് മേരീസ് പള്ളി (വലിയ പള്ളി) യിൽ പൊതുദർശനത്തിനു വയ്ക്കുന്നതും 2 മണിക്ക് പരിശുദ്ധ കുർബാനയും മൃതസംസ്കാര ശൂശ്രൂഷകളും അതിരൂപത സഹായമെത്രാൻമാരായ മാർ ജോസഫ് പണ്ടാരശേരി പിതാവിൻ്റെയും ഗീവർഗീസ് മാർ അപ്രേം പിതാവിൻ്റെയും കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതുമായിരിക്കും.
കുന്നശ്ശേരില്‍ കിഴക്കേക്കുറ്റ് കോര- ഏലി ദമ്പതികളുടെ നാലാമത്തെ പുത്രനായി 1930 മെയ് 26 നു ജനിച്ചു. പാലകര സെന്റ് ആന്റണീസ്, കടുത്തുരുത്തി സെന്റ് മൈക്കിള്‍സ്, കുറവിലങ്ങാട് സെന്റ് മേരീസ് എന്നിവിടങ്ങില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോട്ടയം രൂപതാ മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനം ആരംഭിച്ചു. ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ പരിശീലനം പൂര്‍ത്തിയാക്കി 1958 മാര്‍ച്ച് 14 നു മാര്‍ തോമസ് തറയില്‍ പിതാവില്‍നിന്നു വൈദിക പട്ടം സ്വീകരിച്ചു. താമരക്കാട്, തേറ്റമല, നീറിക്കാട്, കുറുപ്പന്തറ, വെളിയനാട്, കരിപ്പാടം, പുന്നത്തുറ, ചാമക്കാല, കടുത്തുരുത്തി, മാറിക, മേമ്മുറി എന്നീ ഇടവകകളില്‍ വികാരിയായും അതിരൂപതാ ഭക്തസംഘടനകളുടെയും മിഷ്യന്‍ലീഗിന്റെയും ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ശുശ്രൂഷയില്‍നിന്നു വിരമിച്ച ശേഷം ആദ്യവര്‍ഷങ്ങളില്‍ വിയാനിഹോമിലും തുടര്‍ന്നു സ്വഭവനത്തിലും വിശ്രമജീവിതം നയിക്കുകയായിരുന്നു ബഹു. തോമസച്ചന്‍.
സഭാവിശ്വാസത്തില്‍ ഉറച്ച ബോദ്ധ്യവും സഭയോടും സഭാപഠനങ്ങളോടും വിശ്വസ്തതയും പുലര്‍ത്തി തന്റെ കടമകള്‍ പൂര്‍ണ്ണതയോടെ നിറവേറ്റി വൈദികഗണത്തിനു മാതൃകയും വിശ്വാസികള്‍ക്കു അദ്ധ്യാപകനും പിതാവുമായി ബഹു. തോമസച്ചന്‍ ശുശ്രൂഷ ചെയ്തു. നര്‍മ്മം കലര്‍ന്ന സംസാരവും ആശയസമ്പുഷ്ടമായ സുവിശേഷ പ്രഘോഷണവും ബഹു. അച്ചന്റെ പ്രത്യേകതയായിരുന്നു. ബഹു. തോമസച്ചന്റെ ദേഹവിയോഗത്തില്‍ കുടുംബാംഗങ്ങളോടുള്ള അനുശോചനം അറിയിക്കുന്നു. സംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.