Breaking news

പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കൂട്ടിക്കല്‍ പഞ്ചായത്തിലെ ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കി കോട്ടയം അതിരൂപത

കോട്ടയം:  പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തിലെ ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കി കോട്ടയം അതിരൂപത. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ദുരിതം നേരിട്ട ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കിയത്. പ്രളയ മണ്ണിടിച്ചില്‍ ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കു മാറ്റപ്പെട്ട പ്രദേശത്തെ ആളുകള്‍ക്ക് ഭക്ഷ്യകിറ്റുകളും കോവിഡ് പ്രതിരോധ കിറ്റുകളും ശുചീകരണ കിറ്റുകളും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. കോട്ടയം അതിരൂപത സഹായ മെത്രന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവിന്റെ നേതൃത്വത്തില്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെ പൂവഞ്ചി, കൂട്ടിക്കല്‍, ഏന്തയാര്‍, കാവാലി, ഇളങ്കാട്, പ്ലാപ്പള്ളി എന്നീ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയും ചെയ്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ സിജോ തോമസ്, ഷൈല തോമസ്, അനീഷ് കെ.എസ് എന്നിവര്‍ സന്നിഹിതരായിരുന്നു. പഞ്ചായത്തിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.എസ്.എസ്.എസ് രാജ്യാന്തര ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന ഓക്‌സ്ഫാം ഇന്‍ഡ്യയുമായി സഹകരിച്ച് ദുരന്ത നിവാരണ കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കും. കൂടാതെ പ്രളയ ദുരിതം നേരിട്ട കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആളുകള്‍ക്ക് വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും സഹകരണത്തോടെ വീടുകളുടെ ശുചീകരണം, വസ്ത്രങ്ങളുടെ വിതരണം, ഭക്ഷ്യകിറ്റുകളുടെ വിതരണം, കോവിഡ് പ്രതിരോധ കിറ്റുകളുടെ വിതരണം അടിസ്ഥാന സൗകര്യ വികസനം, കിണറുകളുടെയും കുളങ്ങളുടെയും ശുചീകരണവും സംരക്ഷണവും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വരുംദിനങ്ങളില്‍ ലഭ്യമാക്കും.

Facebook Comments

knanayapathram

Read Previous

സ്ട്രോക്ക് ഓൺ ട്രെന്റിൽ ക്നാനായ മാസ്സ് സെന്ററിന് ഗംഭീര തുടക്കം

Read Next

ഒർലാണ്ടോയിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്‌തു