ഡോ.മേരി കളപ്പുരക്കൽ
(കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്,തെള്ളകം , കോട്ടയം )
ജീവിതത്തിലേക്ക് തിരിച്ചുവരുകില്ലെന്ന് വൈദ്യ ശാസ്ത്രം വിധി എഴുതിയ രോഗികളെ വീണ്ടും ഐസിയുവിലും വെന്റിലേറ്ററിലും കിടത്തണോ? മരണം കാത്ത് കിടക്കുന്ന രോഗികൾക്ക് വീട്ടുകാരുടെ സാന്നിധ്യം നൽകണം .
ഏറ്റവും ഭാഗ്യമുള്ള മരണം എങ്ങനെയാണ്? ഉറ്റവരുടെയും, ഉടയവരുടേയും സ്‌നേഹമേറ്റ് പ്രീയപ്പെട്ടവർ നൽകുന്ന അവസാന തുള്ളി ദാഹജലം കുടിച്ച് ദൈവത്തെ സ്മരിച്ചുള്ള മരണം. മരണാസന്നനായ എത്രപേർക്ക് അവർ ആഗ്രഹിക്കുന്ന മരണം ലഭിക്കുന്നുണ്ടാവും?
പലരും ഐസിയുവിലെ ശരീരം മരവിക്കുന്ന തണുപ്പിൽ ഏകാന്തമായി ജീവൻ വെടിയും.തിരിച്ചുവരുകില്ലന്ന് ഉറപ്പായ രോഗികളെ ഒരിക്കലും ഐസിയുവിലും, വെന്റിലേറ്ററിലും കിടത്തരുത്. ഇവർക്ക് വീട്ടുകാരുടെ സാമീപ്പ്യം ഉറപ്പാക്കുക. രോഗിയുടെ കയ്യിൽ പിടിച്ച്, തലോടി ഉറ്റവർ അടുത്തുള്ളത് മരണം കാത്തുകിടക്കുന്നവർക്ക് വലിയ സ്വാന്തനമാണ് നൽകുന്നത്.
രോഗിയുടെ മതാചാരപ്രകാരമുള്ള പ്രാർത്ഥനയോക്കെനടത്തി, ശാന്തമായി അവർ മരിക്കണം. മരണക്കിടക്കയിലാണെങ്കിലും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തണം. അതിനു നമ്മൾ അവരെ ആദരിക്കണം, സ്‌നേഹിക്കണം, അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കണം. കൂടാതെ നമ്മൾ അടുത്തുണ്ടെന്ന് അവരെ ബോധ്യപ്പടുത്തണം. മക്കൾ, മരുമക്കൾ, കൊച്ചുമക്കൾ… ഇവരുടെയെല്ലാം സാന്നിധ്യം രോഗിക്ക് ആശ്വാസം പകരും.ഐസിയുവിലാണെങ്കിൽ രോഗി കാണുന്നത് അപരിചിത മുഖങ്ങളാണ്. ആ മുറിക്കുള്ളിലെ ഏകാന്തതയും, നിശബ്ദതയും അവരുടെ മനസ്സിൽ വല്ലാതെ ഭയം നിറയ്ക്കും. ഉപകരണങ്ങളുടെ ശബ്ദം പോലും അവരെ ഭയപ്പെടുത്തും. അടുത്തു കിടക്കുന്ന രോഗി മരിക്കുന്നത് നേരിൽ കാണുക എന്ന ഭീകരാവസ്ഥക്കുകൂടി പലപ്പോഴും സാക്ഷ്യം വഹിക്കേണ്ടിവരും. ഭക്ഷണം നല്കുന്നതാട്ടെ നഴ്സുമാർ. ചിലപ്പോൾ ട്യൂബിലൂടെയാകും അതു നൽകുക. വീട്ടിൽ മക്കളുടെ സ്‌നേഹം നിറഞ്ഞ നിർബന്ധത്തിനും സ്പര്ശനത്തിനും നോട്ടത്തിനും വഴങ്ങി ഭക്ഷണം കഴിക്കുക എന്ന അനുഭവം രോഗിക്ക് ഐസിയുവിൽ ലഭിക്കുകയില്ല. ഇതു കേൾക്കുമ്പോൾ നിങ്ങൾ കരുതും ഞാൻ ഐസിയുവിന് എതിരാണെന്ന്. ഒരിക്കലും അല്ല. ഒരു ചെറുപ്പക്കാരന് അപകടം സംഭവിച്ചു എന്നു കരുതുക, അയാളെ ഐസിയുവിൽ കിടത്തി, ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിക്കണം. അതിൽ തർക്കമില്ല. ഇനി രക്ഷയില്ല എന്നു ഡോക്ടർമാർ വിധി ഏഴുതിയ രോഗികളെ പ്രത്യേകിച്ച് പ്രായാധിക്യത്താൽ മരണാസന്നരായ രോഗികൾ, മാറാ രോഗം ബാധിച്ചവർ, ക്യാൻസറിന്റെ അവസാനഘട്ടമെത്തിയവർ എന്നിവരെ ഐസിയുവിലും വെന്റിലേറ്ററിലും കിടത്തരുത് എന്നാണ് എന്റെ അഭിപ്രായം.
ചിലപ്പോൾ വിദേശത്തുള്ള മക്കൾ പറയും അവർ വരുന്നതു വരെ വെന്റിലേറ്ററിൽ കിടത്താൻ. വെന്റിലേറ്റർ സഹായത്തോടെ കൂടുതൽ ദിവസങ്ങൾ രോഗിയെ ജീവിപ്പിക്കുമ്പോൾ രോഗിയുടെ ശരീരം ചീർക്കുകയും, നിറം മാറുകയും അങ്ങനെ ചെറിയ രൂപമാറ്റം സംഭവിക്കുയും ചെയ്തേക്കാം. അതിലും എത്രയോ നല്ലതാണ് രോഗി മരിച്ചശേഷം മക്കൾ വരുന്നതുവരെ മോർച്ചറിയിൽ വെക്കുന്നത്. മരണാസന്നരായ രോഗികൾക്കുവേണ്ടത് സ്വാന്തനചികിൽയാണ്. അവക്ക് ശാന്തമായി കിടക്കാൻ ഒരു മുറി വേണം. സ്വന്തക്കാർക്ക് വരാനുള്ള സൗകര്യം വേണം. രോഗിക്ക് സംസാരിക്കാൻ കഴിയില്ലങ്കിലും പ്രീയപ്പെട്ടവരുടെ സാന്നിധ്യം അവർക്ക് സന്തോഷവും, സമാധാനവും, സംതൃപ്ത്തിയും നൽകും. ഞാൻ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുവാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. ഇന്ന് പാലിയേറ്റീവ് കെയർ എന്നത് രോഗീപരിചരണത്തിന്റെ മറുവാക്കായി മാറികഴിഞ്ഞു. രോഗിയുടെയും, വീട്ടുകാരുടേയും ആശങ്ക പരിഹരിക്കാൻ സ്വാന്തനചികിലിൽസകൾക്ക് കഴിയും. ആശുപത്രികളിൽ മാത്രമല്ല വീടുകളിൽ നേരിട്ടെത്തി രോഗികളെ പരിചരിക്കുന്ന ഹോം കെയർ സംവിധാനവും പാലിയേറ്റീവ് കെയറിന്റെ അഭിവാജ്യഘടകമാണ്. രോഗിയെ പരിചരിക്കണ്ട വിധം, വീടിന്റയും പരിസരത്തിന്റയും ശുചിത്വം തുടങ്ങി എല്ലാ കാര്യാങ്ങളും പാലിയേറ്റീവുകാർ ശ്രദ്ദിക്കും. ഞങ്ങളുടെ ടീം ഒരുപാട് വീടുകളിൽ പോകാറുണ്ട്. അവിടെയല്ലാം രോഗികൾക്കും, വീട്ടുകാർക്കും ഞങ്ങൾ വരുന്നത് വലിയ ആശ്വാസമാണ്. പലപ്പോഴും രോഗിയും ബന്ധുക്കളും തമ്മിലുള്ള പിണക്കങ്ങളൊക്കെ ഞങ്ങൾ സംസാരിച്ചുതീർക്കും. അങ്ങനെ വേണ്ടപ്പെട്ടവർക്ക് നല്ല ഓർമകൾ സമ്മാനിച്ചാണ് രോഗി വിടവാങ്ങുന്നത്. ഞാൻ ജർമനിയിൽ നിന്നാണ് വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം എടുത്തത്,അഞ്ചു വർഷം അവിടെ ജോലി ചെയ്യുവാനും സാധിച്ചിട്ടുണ്ട്. അവിടെ അനാവശ്യമായി രോഗികളെ ആശുപത്രിയിൽ കിടത്താറില്ല. രോഗിക്കും വീട്ടുകാർക്കും വീട്ടിൽ പോകണമെന്നുണ്ടെങ്കിൽ അവരെ വിടും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് വേണ്ടുന്ന സാധനങ്ങളും ഞങ്ങൾ എത്തിക്കാറുണ്ട്. പറന്നകലുന്ന ജീവന് ആശ്വാസവും സ്വാന്തനവും പകരുന്നതിനപ്പുറം പുണ്യം മറ്റൊന്നില്ല.