Breaking news

ആസ്ഥാന മന്ദിരത്തിൽ ആവേശം അലകടലായെത്തിയ ആഘോഷ ദിനമാക്കി, UKKCA യുടെ ക്നായിതൊമ്മൻ പ്രതിമാസ്ഥാപനം

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

ക്നാനായ കുടിയേറ്റ ചരിത്രത്തിന് നിറപ്പകിട്ടാർന്ന ഏടുകൾ നൽകി ക്നാനായ കുടിയേറ്റ കുലപതി ക്നായിത്തോമായുടെ അർദ്ധകായ വെങ്കല പ്രതിമ UKKCA ആസ്ഥാന മന്ദിരത്തിൽ സ്ഥാപിച്ചു. മുത്തുക്കുടകളും, പൂക്കളും, തോരണവും, ബലൂണുകളും അലങ്കരിച്ച ആസ്ഥാന മന്ദിരം ഒക്ടോബർ രണ്ടിലെ പുലരി മുതൽ ഉത്സവ പ്രതീതിയിൽ അണിഞ്ഞൊരുങ്ങി, ആറാടി നിന്നു. വികാരി ജനറാൾ ഫാ സജി മലയിൽ പുത്തൻപുരയിൽ, ഫാ ജിൻസ് കണ്ടക്കാട്ട്, എന്നിവർ ചേർന്ന് അർപ്പിച്ച ഭക്തി സാന്ദ്രമായ ദിവ്യബലിയോടെ പ്രതിമാസ്ഥാപന ആഘോഷങ്ങൾക്ക് തുടക്കമായി. ദിവ്യബലിക്കു ശേഷം പാച്ചോർ വിതരണം ചെയ്തു.UKKCA യുടെ ജോയൻ്റ് ട്രഷററും, പ്രതിമാസ്ഥാപനത്തെ ആഘോഷങ്ങളുടെ കൺവീനറുമായ എബി കുടിലിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി വിവരങ്ങളും, UKKCA ട്രഷറർ മാത്യു പുളിക്കത്തൊട്ടിയിൽ ആമുഖ പ്രസംഗവും നടത്തി. ജനറൽ സെക്രട്ടറി ജിജി വരിക്കാശ്ശേരിൽ സ്വാഗതം നേർന്ന് സംസാരിച്ചു. UKKCA പ്രസിഡൻ്റ് തോമസ് വാരി കാട്ട് അധ്യക്ഷ പ്രസംഗവും, വൈസ് പ്രസിഡൻ്റ് ബിജി മാംകൂട്ടത്തിൽ ക്നായിത്തൊമ്മൻ പ്രതിമാസ്ഥാപനത്തിൻ്റെ നാൾവഴികളെക്കുറിച്ചും സംസാരിച്ചു. UK ക്നാനായ വുമൺസ് ഫോറം പ്രസിഡൻ്റ് ഡാർളി ടോമി പുളിമ്പാറയിൽ, UKKCYL പ്രസിഡൻ്റ് ടോം വഞ്ചിത്താനത്ത് എന്നിവർ ആശംസകൾ നേർന്നു. UKKCA ജോയൻറ് സെക്രട്ടറി ലൂബി വെള്ളാപ്പള്ളിയാണ് ക്യതഞ്ജത പ്രകാശിപ്പിച്ചത്.ആവേശം അണപൊട്ടിയെത്തിയ നിമിഷങ്ങൾ സാക്ഷിനിർത്തിയാണ് ക്നായിത്തോമാ പ്രതിമയെ ആസ്ഥാന മന്ദിരത്തിലേക്ക് ആനയിച്ചത്. കടുത്തുരുത്തി, ഉദയംപേരൂർ, കൊടുങ്ങല്ലൂർ എന്നീ ക്നാനായ കുടിയേറ്റ ചരിത്രമുറങ്ങുന്ന സ്ഥലങ്ങളിലെത്തിച്ച ശേഷമാണ് ക്നായിത്തൊമ്മൻ പ്രതിമ UK യിലെത്തിയത്. 72 കുടുംബങ്ങളുടെയും 72 പദവി കളുടെയും പ്രതീകമായി 72 കിലോ തൂക്കത്തിലാണ് വെങ്കല പ്രതിമ തീർത്തത്. ഏഴ് തിരികൾ കത്തിനിന്ന മിനോറ വിളക്കിൻ്റെ പ്രഭയിലേക്ക് ഏഴ് സെൻട്രൽ കമ്മറ്റിയംഗങ്ങൾ ചേർന്ന് ഗോത്രപിതാവിൻ്റെ പ്രതിമ വഹിച്ചപ്പോൾ ആസ്ഥാന മന്ദിരം നട വിളികളിലും " ഒത്തു തിരിച്ചവരി" ലും പ്രകമ്പനം കൊണ്ടു.

കുടിയേറിയ നാടുകളിലെ സംസ്ക്കാരങ്ങളിലും സൗകര്യങ്ങളിലും, സമ്പന്നതയിലും കുത്തിയൊലിച്ച് പോകുന്നതല്ല ക്നായത്വം എന്ന് ഉറക്കെ പ്രഖ്യാപിച്ച് UKKCA പ്രസിഡൻ്റിനൊപ്പം നൂറുകണക്കിന് ആളുകൾ ഒന്നു ചേർന്ന് രക്തം നൽകി ജീവൻ നൽകി തലമുറതലമുറ കൈമാറി ക്നാനായ ദീപം അണയാതെ കാക്കുമെന്ന ഒരുമയുടെ ശംഖു നാദം മുഴക്കിയപ്പോൾ സൂര്യനസ്തമിക്കാത്ത നാട്ടിലെ നീലാകാശത്തിൽ നിന്നും പെയ്തിറങ്ങിയത് പെരുമഴ.
ക്നാനായ നവദമ്പതികൾക്ക് ഒരുക്കിയ സ്വീകരണ ചടങ്ങുകൾക്ക്, UKKCA യുടെ ഉപദേശകരായ തോമസ് തൊണ്ണംമാവുങ്കൽ, സാജു പാണാപറമ്പിൽ എന്നിവർ നേതൃത്വം നൽകി. പരിപാടികളുടെ വിജയത്തിനായി തുടക്കം മുതൽ പൂർണ്ണ പിന്തുണയുമായി പോഷക സംഘടനകളായ വുമൺസ് ഫോറവും, UKKCYLയും ഉണ്ടായിരുന്നു. ക്നായിത്തോമായുടെ കപ്പൽയാത്ര മുതൽ ക്നാനായ ആചാരങ്ങൾ വരെ കോർത്തിണക്കിയും ഒപ്പം ചടുല ന്യത്തചുവടുകൾ കൊണ്ട് അമ്പരപ്പിച്ചും UKKCYL അവതരിപ്പിച്ച സ്വാഗതന്യത്തത്തിൻ്റെ ആവേശം കാണികളിൽ നടവിളികളായി പടർന്നു കയറി. ആതിഥ്യ മര്യാദയിൽ ക്നാനായ വനിതകളെ വെല്ലാനാരും ഇനിയും ജനിച്ചിട്ടില്ലെന്ന് തെളിയിച്ച് വുമൺസ് ഫോറം നാട്ടിൻ പുറത്തെ ചായക്കടയിലെ ചൂട് വിഭവങ്ങളുമായെത്തി.
UKKCA സ്റ്റാർ സിംഗേഴ്‌സിൻ്റെ ഗാനമേള, DG ഒക്കെയായി ആലോഷങ്ങൾ അവസാനിക്കാതെ സുവർണ്ണ ദിനമായി October 2.

Facebook Comments

knanayapathram

Read Previous

മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലിക്ക് ക്നാനായ റീജിയണിൽ തുടക്കമായി

Read Next

സ്വയം പര്യാപ്തതയില്‍ അധിഷ്ഠിതമായ ഉപവരുമാന പദ്ധതികളിലൂടെ മെച്ചപ്പെട്ട ജീവിത സാഹചര്യം നേടിയേടുക്കുവാന്‍ കഴിയും – മാര്‍ മാത്യു മൂലക്കാട്ട്