ലണ്ടൻ ,കാനഡ -സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് മിഷൻറെ ആഭിമുഖ്യത്തിൽ, ഡെൻഫീൽഡ് പാർക്കിൽ വച്ച് ആഗസ്റ്റ് 21 -ന് ഫാമിലി പിക്നിക്കും ,ഓണാഘോഷവും നടത്തി .ഓണത്തിൻറെ ഓർമ്മയുണർത്തുന്ന അത്തപ്പൂക്കളത്തോടെ പിക്നിക് ആരംഭിച്ചു .വളരെ നാളുകളായി നീണ്ടുനിന്ന കോവിഡ് 19 ലോക്ക് ഡൗണിന് അല്പം ഇളവുവന്ന സാഹചര്യത്തിലാണ് മിഷനിലെ അംഗങ്ങൾക്ക് തമ്മിൽ കാണാനും ,സൗഹൃദം പുതുക്കാനും ,ബന്ധങ്ങൾ ഉഷ്മളമാക്കാനുമായി ഈ കൂട്ടായ്മ കൈക്കാരൻമാരുടെയും ,പാരിഷ് കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ ക്രമീകരിച്ചത് . പത്തുമണിയോടെ ആരംഭിച്ച പിക്നിക്കിൽ കുട്ടികൾക്കായി ഓണക്കാലത്തിൻറെ ഓർമയുണർത്തുന്ന പല നാടൻ കളികളും ,ദമ്പതികൾക്കും ,മുതിർന്നവർക്കുമായി നർമ്മരസം കലർന്ന വിവിധ പരിപാടികളും പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ ക്രമീകരിച്ചു .ഓരോ കളികളിലും പങ്കെടുക്കുന്നതിൽ ഏവരും വളരെ ഉത്സാഹം പ്രകടിപ്പിച്ചു .ഉച്ചസമയത്ത് നൽകിയ വിഭവസമൃദ്ധമായ ഓണസദ്യ ഗൃഹാതുരത്വം വിളിച്ചോതുന്നതായിരുന്നു.കേരളസംസ്കാരത്തെ പ്രതിനിധീകരിക്കുന്ന വേഷവിധാനങ്ങളണിഞ്ഞാണ് ഏവരും പരിപാടികളിൽ പങ്കെടുത്തത് .ഓണാഘോഷത്തെ അവിസ്മരണീയമാക്കിക്കൊണ്ടു യുവതികൾ അവതരിപ്പിച്ച തിരുവാതിര പരിപാടികൾക്ക് മാറ്റുകൂട്ടി .മിഷൻ ഡയറക്ടർ ഫാദർ പത്രോസ് ചമ്പക്കര ഓണസന്ദേശം നൽകുകയും ,വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ നൽകുകയും ചെയ്തു.സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് റിയൽ സ്‌നാക്‌സ് കമ്പനി ഉടമയായ ശ്രീ .ജോജി തോമസ് വണ്ടൻമാക്കലായിരുന്നു.ഓണാഘോഷവും ,ഫാമിലി പിക്‌നിക്കും വൻവിജയമാക്കാൻ സഹകരിച്ച എല്ലാ കുടുംബാംഗങ്ങൾക്കും ,വിവിധ കമ്മിറ്റി അംഗങ്ങൾക്കും ഡയറക്ടർ ഫാദർ പത്രോസ് ചമ്പക്കരയും ,കൈക്കാരൻമാരും ,പാരിഷ് കൗൺസിൽ അംഗങ്ങളും നന്ദിയറിയിച്ചു.