ചിക്കാഗോ സെന്റ് തോമസ് രൂപതാ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തിൽ മികച്ച മതബോധന സ്കൂളുകളെ കണ്ടെത്തുന്നതിനായി നടത്തിയ മത്സരത്തിൽ കാറ്റഗറി 1 വിഭാഗത്തിൽ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാതോലിക്ക മതബോധന സ്കൂൾ അവാർഡിന് അർഹരായി . രൂപതാ മതബോധന സ്കൂൾ ഡയറക്ടർ ഫാ . ജോർജ് ദാനവേലിൽ അവാർഡ് വിതരണം ചെയ്തു . സെന്റ് മേരീസ് ഇടവകക്കുവേണ്ടി വികാരി ഫാ . തോമസ് മുളവനാൽ ,സ്കൂൾ ഡയറക്ടർമാരായ സജി പൂത്തൃക്കയിൽ , മനീഷ് കൈമൂലയിൽ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി . സിസ്റ്റർമാരുടെയും അധ്യാപകരുടെയും കൈക്കാരൻമാരുടെയും സാന്നിധ്യത്തിൽ ആണ് അവാർഡ് ഏറ്റുവാങ്ങിയത് . കുട്ടികളിൽ വിശ്വാസ തീക്ഷണത നിലനിർത്തുന്നതിനും വർദ്ധിപ്പിക്കുന്നതിനും മതാധ്യാപകർ ചെയ്തുവരുന്ന സേവനങ്ങളെ ദാനവേലിൽ അച്ഛൻ പ്രശംസിച്ചു . മതബോധന സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ തദവസരത്തിൽ വിതരണം ചെയ്തു. നാഷണൽ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ അലക്സ് ചക്കാലക്കലിന് പ്രത്യേക സമ്മാനം നൽകി . അടുത്ത അധ്യയന വർഷത്തേക്കുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു . ക്രമീകരണങ്ങൾക്ക് അസിസ്റ്റന്റ് വികാരി ഫാ . ജോസഫ് തച്ചാറയും കൈക്കാരൻമാരും നേതൃത്വം നൽകി . സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ).