കോട്ടയം: ആരോഗ്യ പ്രവര്‍ത്തകര്‍ സാമൂഹ്യ പ്രതിബദ്ധതയുടെ മാലഖമാരാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ലഭ്യമാക്കിയ പിപിഇ കിറ്റുകളുടെയും മാസ്‌ക്കുകളുടെയും വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് മുന്‍പോട്ട് പോകുവാന്‍ സമൂഹത്തിന് കരുത്തുപകരുവാന്‍ ആരോഗ്യ പ്രവര്‍ത്തകരും ആശാവര്‍ക്കര്‍മാരും നല്‍കി വരുന്ന സേവനങ്ങള്‍ മഹനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോട്ടയം ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗിവ് ടു ഏഷ്യ എന്ന സംഘടനയുടെ സഹകരണത്തോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള കോവിഡ് പ്രതിരോധ കിറ്റുകള്‍ കെ.എസ്.എസ്.എസ് വിതരണം ചെയ്തത്.