Breaking news

സാഹോദര്യത്തില്‍ അധിഷ്ഠിതമായ സേവന മനോഭാവം ഇന്നിന്റെ ആവശ്യകത – മന്ത്രി വി.എന്‍ വാസവന്‍

കോട്ടയം: കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ സാഹോദര്യത്തില്‍ അധിഷ്ഠിതമായ സേവന മനോഭാവം ഇന്നിന്റെ ആവശ്യകതയാണെന്ന്് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍.  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ 10 ത്രിതല പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ ആവശ്യകത മനസ്സിലാക്കി പരസ്പരം സഹായിക്കുവാനുള്ള മനസ്ഥിതി എല്ലാവരിലും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എല്ലാവരിലേയ്ക്കും സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലൂടെ കെ.എസ്.എസ്.എസ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ബിന്‍സി സെബാസ്റ്റിയന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം മുനിസിപ്പാലിറ്റി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി, കുമരകം, അയ്മനം, അതിരമ്പുഴ, കല്ലറ, നീണ്ടൂര്‍, ഉഴവൂര്‍, കടുത്തുരുത്തി, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കുമായിട്ടാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. 10 ത്രീതല പഞ്ചായത്തുകള്‍ക്കായി 20 വീതം പള്‍സ് ഓക്‌സി മീറ്ററുകളും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിക്കും അതിരമ്പുഴ ഗ്രാമപഞ്ചായത്തിനുമായി ഒന്നുവീതം ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുമാണ് വിതരണം ചെയ്തത്. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി, അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരിമഠം, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി മെമ്പര്‍ പി.ഡി ബാബു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Facebook Comments

knanayapathram

Read Previous

പുളിഞ്ഞാൽ വേളായിൽ (തോട്ടപ്പള്ളിൽ) ലൂക്കാ (69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

അള്‍ജീരിയായിലെ വത്തിക്കാന്‍ സ്ഥാനപതിയായി മാര്‍ കുര്യന്‍ വയലുങ്കല്‍ സ്ഥാനമേറ്റെടുത്തു –