മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA
പുതിയ നാടുകൾ തേടിയുള്ള കുടിയേറ്റത്തോട് ഒരിക്കലും വിമുഖത കാട്ടാത്തവരാണ് ക്നാനായക്കാർ. കുടിയേറ്റത്തിൻ്റെ കുലപതി ക്നായിത്തോമായുടെ മക്കളുടെ കുടിയേറ്റം ഇന്നും അനുസ്യൂതം തുടർന്നുകൊണ്ടേയിരിയ്ക്കുന്നു. പണ്ട് ഒപ്പം ജോലി ചെയ്തിരുന്നവരേയും, സ്വന്തം ഇടവകയിൽ നിന്നും, UKയിലേക്ക് കുടിയേറിയവരേയും, പ്രിയ സതീർത്ഥ്യരെയുമൊക്കെ, ചേർത്തു നിർത്തി, ബന്ധങ്ങൾക്ക് പൊന്നിൻ്റെ വില നൽകുന്നവരാണ് ക്നാനായക്കാർ. UKയിലെ ക്നാനായക്കാരുടെ വിവരങ്ങൾ കോർത്തിണക്കി ഒരു സമ്പൂർണ്ണ ഡയറക്ടറി പുറത്തിറക്കാനൊരുങ്ങുകയാണ് UKKCA.
പൂർണ്ണമായും British data protection act ൻ്റെ മാനദണ്ഡങ്ങൾ പാലിച്ച് UKയിലെ ക്നാനായ ജനതയുടെ മേൽവിലാസവും, നാട്ടിലെ ഇടവകയും, കുടുംബ ഫോട്ടോയുമൊക്കെ കോർത്തിണക്കുന്ന സുന്ദരമായ ക്നാനായ ഡയറക്ടറി ഇനി ക്നാനായ ഭവനങ്ങൾക്ക് അലങ്കാരമാവും. പത്തു വർഷങ്ങൾക്കു മുമ്പാണ് UKKCA ഡയറക്ടറി പ്രകാശനം ആദ്യമായി ചെയ്തിരുന്നത്. പത്തു വർഷങ്ങൾക്കൊണ്ട് നമ്മുടെ കുട്ടികളിൽ വന്ന രൂപമാറ്റം, ബഹുഭൂരിപക്ഷവും പുതിയ ഭവനങ്ങളിലേക്ക് മാറിയതുകൊണ്ട് മേൽവിലാസത്തിൽ വന്ന മാറ്റം, കൗമാരത്തിലെത്തിയ കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധന, വിവാഹപ്രായത്തിലേക്ക് കടന്ന യുവജനങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളുടെ ബാഹുല്യം, എന്നിവയൊക്കെയാണ് പുത്തൻ ഡയറക്ടറി യിലേക്കുള്ള വഴി തുറന്നത്.
നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വെറും രണ്ടു മിനിട്ടുകൾ കൊണ്ട് മൊബൈൽ ഫോണിൽ നിന്നു പോലും രെജിസ്ട്രേഷൻ പൂർത്തിയാക്കാനാവുന്ന രീതിയിലാണ് ഡയറക്ടറി യിലേക്കുള്ള വിവരങ്ങൾ കൈമാറാനാവുന്നത്. ഓരോ യൂണിറ്റിലേയും ഭാരവാഹികൾ അയച്ചുതരുന്ന online link ലൂടെ വളരെ ലളിതമായി വിവരങ്ങൾ കൈമാറാനാവും.ഇനി UKയിലെ ക്നാനായക്കാർ ഒരുമിച്ച് ഒറ്റ ബുക്കിൽ മാതൃ ഇടവകകളിൽ നിന്നു വന്നവർ ഏത് യൂണിറ്റിലാണെന്നറിയുവാനുംഒരേ കലാലയങ്ങളിൽ ഒരുമിച്ച് പഠിച്ചവരെ കാണുവാനും, സൗഹൃദങ്ങൾ ഊട്ടി ഉറപ്പിക്കുവാനും ഇനി ഡയറക്ടറിയുടെ താളുകൾ മറിച്ചാൽ മതി. ഒപ്പം ഡിജിറ്റൽ സങ്കേതിക വിദ്യയിലൂടെ വിരൽത്തുമ്പിലും.UKKCA സമ്പൂർണ്ണ ഡയറക്ടറി 2021 അലങ്കരിക്കട്ടെ ഇനി ക്നാനായ ഭവനങ്ങളിൽ.