കോട്ടയം: കോവിഡ് പ്രതിസന്ധി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും അഞ്ച്് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കിയിരിക്കുകയാണ് കോട്ടയം അതിരൂപത. 2018 ലെ അതിരൂക്ഷ പ്രളയത്തെ തുടര്‍ന്ന് ഭവനങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി അതിരൂപത സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത്. പ്രളയത്തെ തുടര്‍ന്ന് സ്ഥലവും വീടും നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും 5 സെന്റ് സ്ഥലവും ഭവന നിര്‍മ്മാണത്തിനായി 3 ലക്ഷം രൂപാ വീതവും ലഭ്യമാക്കിയാണ് ചൈതന്യ മെഡോസ് എന്ന പേരില്‍ ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കിയത്. കൂടാതെ ഓരോ കുടുംബത്തിനും കൃഷി ആവശ്യത്തിനായി മൂന്ന് സെന്റ് സ്ഥലവും വ്യവസ്ഥകള്‍ക്ക് വിധേയമായി ലഭ്യമാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കരിങ്കുന്നം ഗ്രാമപഞ്ചായത്തിലാണ് സ്ഥലവും വീടുകളും ലഭ്യമാക്കിയത്. പദ്ധതിയ്ക്കായി 2 ഏക്കര്‍ 35 സെന്റ് സ്ഥലം സൗജന്യമായി ലഭ്യമാക്കിയത് കോട്ടയം അതിരൂപതയിലെ വൈദികനായ ജേക്കബ് കളപ്പുരയിലാണ്. അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയണിന്റെയും ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തിന്റെയും സഹകരണത്തോടെയാണ് കെ.എസ്.എസ്.എസ് പദ്ധതി നടപ്പിലാക്കി വരുന്നത്. പുതിയ ഭവനങ്ങളുടെ വെഞ്ചിരിപ്പ് കര്‍മ്മവും താക്കോല്‍ ദാനവും കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. ദൈവസ്‌നേഹത്തില്‍ അധിഷ്ഠിതമായ പങ്കുവയ്ക്കലിന്റെയും പരസ്പരസ്‌നേഹത്തിന്റെയും സംസ്‌ക്കാരം സമൂഹത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പുതിയ ഭവനങ്ങളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചുകൊണ്ട് പറഞ്ഞു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നായ പാര്‍പ്പിട സൗകര്യം ലഭ്യമാക്കുന്നതിലൂടെ സഹമനുഷ്യരോടുള്ള കരുതലും സ്‌നേഹവുമാണ് പ്രകടമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ്, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച് വികാരി ഫാ. അലക്‌സ് ഓലിക്കര, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഫാ. വിന്‍സണ്‍ കുരുട്ടുപറമ്പില്‍, ഫാ. റോജി മുകളേല്‍, ഫാ. ഗ്രേയ്‌സണ്‍ വേങ്ങയ്ക്കല്‍, ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍, ഫാ. സൈജു മേക്കര എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കേവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വെഞ്ചരിപ്പ് കര്‍മ്മവും താക്കോല്‍ ദാനവും നടത്തപ്പെട്ടത്. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ കൈപ്പുഴയില്‍ 7 കുടുംബങ്ങള്‍ക്കും ചേറ്റുകുളത്ത് ഒരു കുടുംബത്തിനും വീടും സ്ഥലവും ലഭ്യമാക്കിയതിന്റെ തുടര്‍ച്ചയായിട്ടാണ് പദ്ധതി കരിങ്കുന്നത്ത് നടപ്പിലാക്കിയത്. കൂടുതല്‍ കുടുംബങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലവും വീടും ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോട്ടയം അതിരൂപത.