കോട്ടയം: മാര്‍ച്ച് 21 ലോക ഡൗണ്‍സിന്‍ഡ്രോം ദിനം. ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണത്തിലുള്ള വ്യതിയാനത്തെ തുടര്‍ന്ന് ജനിതക വൈകല്യത്തോടെ ജനിക്കുന്നവരെ അനുസ്‌മരിക്കുന്ന ദിനം. ലോക ഡൗണ്‍ സിന്‍ഡ്രോം ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഡൗണ്‍സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്‌ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്‌ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഡൗണ്‍സിന്‍ഡ്രോം നേരിടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കായി സെമിനാറും കുട്ടികള്‍ക്കായി വിവിധ കലാപരിപാടികളും, മത്സരങ്ങളും സംഘടിപ്പിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദിനാചരണത്തില്‍ ഡൗണ്‍ സിന്‍ഡ്രോം നേരിടുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു.