Breaking news

അന്ന് കിണറിന്റെ അടിത്തട്ടിൽ ഇന്ന് പ്ലാവിന്റെ മുകളിൽ അലക്സ് സാർ എന്നും വ്യത്യസ്തനാണ്

കടുത്തുരുത്തി ∙ കോവിഡും അവധിക്കാലവും അല്ലായിരുന്നെങ്കിൽ പൂഴിക്കോൽ സെന്റ് ലൂക്ക്സ് എൽപി സ്കൂളിലെ കുട്ടികൾക്ക് ഇന്നലെ മറക്കാനാവാത്ത ദിനമാകുമായിരുന്നു. സ്കൂളിനു മുകളിലേക്ക് അപകടഭീഷണിയായി നിന്ന പ്ലാവിന്റെ ശിഖരം വെട്ടിമാറ്റിയത് അവരുടെ സ്വന്തം ഹെഡ്മാസ്‌റ്ററായിരുന്നു. തൊഴിലിന്റെ മഹത്വം പറഞ്ഞല്ല, പ്രവൃത്തിയിൽത്തന്നെ കാണിച്ചു കൊടുക്കാൻ ഏറ്റവും യോഗ്യനും അവരുടെ ഹെഡ്മാസ്റ്റർ തന്നെ. കാരണം അധ്യാപകനാകുന്നതിനു മുൻപ് അദ്ദേഹം കൂലിപ്പണിക്കാരനായിരുന്നു!കോതനല്ലൂർ പുലിയിളക്കുന്നേൽ അലക്സ് ലൂക്കോസാണ് വീട്ടിൽനിന്നു കയറും കോടാലിയും വാക്കത്തിയുമായി എത്തി പ്ലാവിൽ കയറി ശിഖരം വെട്ടിനീക്കിയത്. കഴിഞ്ഞ ഒന്നാം തീയതിയാണ് അലക്സ് (51) ഹെഡ്മാസ്റ്ററായി സ്കൂളിൽ ചുമതലയേറ്റത്. സമീപ പുരയിടത്തിലെ പ്ലാവിന്റെ വലിയ ശിഖരം ചക്കകൾ സഹിതം സ്കൂൾ കെട്ടിടത്തിന്റെ മുകളിലേക്കു ചാഞ്ഞുനിൽക്കുകയായിരുന്നു. ദിവസവും മഴയും കാറ്റും ഉള്ളതിനാൽ ശിഖരം ഒടിഞ്ഞു കെട്ടിടം തകരുമെന്ന ഭീഷണിയുണ്ടായിരുന്നു.പ്ലാവിന്റെ ഉടമയോട് ഇതു വെട്ടിനീക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ക്വാറന്റീനിലായതിനാൽ സാധിച്ചില്ല. മരംവെട്ടുകാരനെ സമീപിച്ചെങ്കിലും 2,500 രൂപ ആവശ്യപ്പെട്ടു. അത്രയും പണം നൽകാൻ ഇല്ലാത്തതിനാൽ ഹെഡ്മാസ്റ്റർ തന്നെ പ്ലാവിൽ കയറി കമ്പു വെട്ടാൻ തീരുമാനിക്കുകയായിരുന്നു. സ്കൂളിലെ 4 അധ്യാപികമാരും സഹായത്തിനെത്തി.പൂഴിക്കോലിൽ എത്തുന്നതിനു മുൻപു ചാമക്കാലാ സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു അലക്സ്. അവിടെ സ്കൂളിലെ കിണർ വൃത്തിയാക്കിയിരുന്നതും ഉള്ളിൽ ഇറങ്ങി ചെളി നീക്കിയിരുന്നതുമെല്ലാം അലക്സ് തന്നെ. ജോലി ലഭിക്കുന്നതിനു മുൻപു താൻ കൂലിപ്പണിക്കാരനായിരുന്നെന്ന് അലക്സ് പറഞ്ഞു. പഠനച്ചെലവ് കണ്ടെത്തിയിരുന്നതും കൂലിപ്പണിയെടുത്താണ്.പുലിയിളക്കുന്നേൽ അലക്സ് ലൂക്കോസ് സാറിന് ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങൾ നേരുന്നതോടൊപ്പം ഇതുപോലെ കൂടുതൽ കൂടുതൽ ജനനന്മക്കായി പ്രവർത്തനങ്ങൾ അദ്ദേഹത്തിൽ നിന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു

Facebook Comments

knanayapathram

Read Previous

മടമ്പം ചടനാക്കുഴിയില്‍ ഡോ . ഷിജു എബ്രഹാമിന്റെ കണ്ടുപിടുത്തം സംബന്ധിച്ച ശാസ്‌ത്ര ലേഖനം ലണ്ടനിലെ പ്രശസ്ത മാസികയിൽ

Read Next

അല്‍മാസ്സ് കുവൈറ്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാഹിത്യരചനാ മത്സരം ‘തൂലിക 2021’