കോട്ടയം : ജലസ്രോതസുകളുടെ സംരക്ഷണം സാമൂഹിക ഉത്തരവാദിത്വമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. മാര്‍ച്ച് 22 അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ജലദിനാചരണത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജല മലിനീകരണം തടയുന്നതോടൊപ്പം പ്രകൃതി വിഭവങ്ങളെ ഭാവിതലമുറയ്ക്കായി കരുതി ഉപയോഗിക്കേണ്ടതാണെന്ന തിരിച്ചറിവും ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ റോസമ്മ സോണി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ലിസി കുര്യന്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ‘ജലസംരക്ഷണം ഇന്നിന്റെ ആവശ്യകത’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിന് ഹരിത കേരള മിഷന്‍ കോട്ടയം ജില്ലാ കോര്‍ഡിനേറ്റര്‍ രമേശ് പി നേതൃത്വം നല്‍കി. കൂടാതെ ജല സംരക്ഷണ പ്രതിജ്ഞയും ലഘുലേഖകളുടെ വിതരണവും നടത്തപ്പെട്ടു.