ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ 2020 അവാർഡ് സംയുക്തമായി എല്ലാ മത്സരാർത്ഥികൾക്കും നൽകും . ക്നാനായ മാധ്യമ ചരിത്രത്തിൽ ആദ്യമായി ക്നാനായ പത്രം നടത്തിയ ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ ട്വൻറി20 അവാർഡ് ചില സാങ്കേതിക കാരണങ്ങളാൽ അതിൻറെ വോട്ടിംഗ് സിസ്റ്റം തകരാറിലായതിനാൽ മുന്നോട്ട് കൊണ്ടു പോകുവാൻ സാധിച്ചില്ല. അതിനാൽ ആ മത്സരത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ട എല്ലാവർക്കും ഒരേ രീതിയിൽ അവാർഡ് നൽകുവാൻ തീരുമാനിച്ചു എന്ന കാര്യം എല്ലാവരെയും അറിയിക്കുന്നു .ചില സാങ്കേതികമായ കാരണങ്ങളാൽ ആണ് ഇങ്ങനെ സംഭവിച്ചത് വിശദമായ വിവരങ്ങൾ നാളെ ക്നാനായപത്രം പത്രം എഡിറ്റോറിയൽ ആയിട്ട് നിങ്ങളുടെ മുൻപിൽ അറിയിക്കുന്നതാണ്.ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ 2020 അവാർഡ് നേടിയ ഒൻപത് പേർക്കും ക്നാനായപത്രത്തിന്റെ മുഴുവൻ ടീമിന്റെ പേരിലും പ്രിയ വായനക്കാരുടെ പേരിലും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ 2020 അവാർഡ് ലഭിച്ച ഒൻപത് പേരെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ താഴെ വായിക്കാവുന്നതാണ്
മാനവികതയുടെയും മനുഷ്യത്വത്തിന്റെയും പ്രതീകമായി മാവേലിൽ അച്ചൻ( ഫാ. സണ്ണി മാവേലിൽ)
മാനവികതയുടെയും മനുഷ്യത്വത്തിന്റെയും സമര്‍പ്പണ ജീവിതത്തിന്റെയും പ്രതീകമായി ഫാ. സണ്ണി മാവേലിൽ കൂടല്ലൂര്‍ ഇടവകാംഗം ജോസഫിന്റെയും ഏലിക്കുട്ടിയുടെയും ആറ് മക്കളില്‍ മൂന്നാമനായി 1964 ഫെബ്രുവരി 10 ന് ജനിച്ചു. കൂടല്ലൂര്‍ സെന്റ് ജോസഫ് സ്‌കൂള്‍, കിടങ്ങൂര്‍ സെന്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തന്റെ ജീവിതാന്തസ്സ് പൗരോഹിത്യത്തിലേക്കുള്ള വിളിയാണെന്ന് തിരിച്ചറിഞ്ഞ് സെമിനാരി വിദ്യാഭ്യാസം ആരംഭിച്ചു. ഷില്ലോങ്ങിലെ ക്രൈസ്റ്റ് കോളേജിലും ഓറിയന്‍സ് കോളേജിലുമായി വൈദീക പഠനം പൂര്‍ത്തിയാക്കി. മേഖാലയായിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ തന്റെ പുരോഹിത ശുശ്രൂഷ നിര്‍വ്വഹിച്ചു. ഇപ്പോള്‍ മേഖാലയായിലെ രൂറാ രൂപതയുടെ സാമൂഹ്യസേവന വിങ് ആയ BAKDIL (NGO) ന്റെ ഡയറക്ടര്‍ ആയി സേവനം ചെയ്തുവരുന്നു. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ മേഖലയിലെ ഉള്‍നാടന്‍ ഗ്രാമീണരുടെയും ആദിവാസികളുടെയും ഇടയില്‍ ദീര്‍ഘകാലം സേവനം ചെയ്തപ്പോള്‍ മനസ്സിലാക്കിയ ഒരു കാര്യം തന്റെ പൗരോഹിത്യ ശുശ്രൂഷ സുവിശേഷ പ്രഘോഷണത്തിലും, കൂദാശാ നിര്‍വ്വഹണത്തിലും മാത്രം ഒതുക്കി നിര്‍ത്തേണ്ട ഒന്നല്ല എന്നതാണ്. വിശക്കുന്ന വയറിന്, ഒരു നേരത്തെ ആഹാരമില്ലാത്തവര്‍ക്ക്, മലേറിയ എന്ന പകര്‍ച്ചവ്യാധിയാല്‍ ചികിത്സ ലഭിക്കാതെ മരിച്ച് വീഴുന്നവര്‍ക്കും, ഗര്‍ഭിണികളാകുന്ന സ്ത്രീകള്‍ ഗര്‍ഭാവസ്ഥയിലോ പ്രസവ സമയത്തോ മരിച്ചുവീഴുന്ന കാഴ്ചകളും കണ്ട് മനസ്സ് പിടഞ്ഞപ്പോള്‍ അവര്‍ക്ക് വേണ്ടി തന്നാലാവും വിധം എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയും അധികാരികളുടെ അനുവാദത്തോടെയും മദ്രാസ് ലയോള കോളേജില്‍ ചേര്‍ന്ന് MSW പഠിക്കുകയും ഒന്നാം റാങ്കോടെ പാസ്സാകുകയും ചെയ്തു. തുടര്‍ന്ന് UK യിലെ ബര്‍മിംഗാം സിറ്റി കൗണ്‍സിലില്‍ പ്രവൃത്തിപരിചയം നേടുകയും ചെയ്തു. ഗ്രാമീണ പുനരുത്ഥാനത്തിനായി മേഖാലയ ഗവണ്മെന്റിന്റെ സഹായത്തിനായി BAKDIL സോഷ്യല്‍ സര്‍വ്വീസ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. മലേറിയ സ്‌ക്രീനിംഗ്, മലേറിയ ഇറാഡിക്കേഷന്‍ പ്രോഗ്രാം (MEP) , കുടിവെള്ള പദ്ധതി, റോഡുകളോ വാഹന സൗകര്യങ്ങളോ ഇല്ലാത്ത സ്ഥലങ്ങളില്‍ റോഡുകള്‍ സ്ഥാപിച്ചു നല്‍കുക എന്നിവ അവയില്‍ ചിലതുമാത്രം. ജനങ്ങളുടെ പുനരുദ്ധാരണത്തെ ലക്ഷ്യമാക്കി പണികഴിപ്പിച്ച ട്രെയിനിംഗ് സെന്ററില്‍ വിവിധ തരത്തിലുള്ള ക്ലാസ്സുകള്‍ നല്‍കിവരുന്നു. മേസനറി ട്രെയിനിംഗ്, സ്വയംതൊഴില്‍ ചെയ്ത് വരുമാനം ഉണ്ടാക്കുവാനുളള ട്രെയിനിംഗ്, കോഴി, പന്നി ഫാമുകള്‍ ഇവയെക്കുറിച്ചുള്ള അറിവുകള്‍, കൃഷിക്കാര്‍ക്ക് ആവശ്യമായ സാമഗ്രികളും അറിവുകളും പകര്‍ന്ന് കൊടുത്ത് പച്ചക്കറി മുതലായവ സ്വയം കൃഷി ചെയ്യാന്‍ പ്രാപ്തരാക്കുന്നു. കൂടാതെ സ്ത്രീ ശാക്തീകരണ ക്ലാസ്സുകള്‍, യുവജനങ്ങളുടെ പുനരുദ്ധാരണത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി പങ്കുചേര്‍ന്ന് മൈക്രോ ഫിനാന്‍സ് അക്കൗണ്ട് പ്രോഗ്രാം സ്ഥാപിതമാക്കി. BAKDIL ന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മേഖാലയായുടെ പല ഭാഗങ്ങളിലായി അഞ്ച് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇവയ്ക്ക് ആവശ്യമായ ഡോക്ടേഴ്‌സിനെയും, നേഴ്‌സിനേയും മറ്റ് ജോലിക്കാരേയും പ്രദാനം ചെയ്തുകൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ Maternal Death data 100 ശതമാനത്തില്‍ നിന്നും 0 ശതമാനമായി കുറയ്ക്കാന്‍ ഈ സെന്ററുകള്‍ക്ക് സാധിച്ചു. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ 70 ശതമാനം നടപ്പിലാക്കി. അസുഖ ബാധിതര്‍ക്ക് സെന്ററുകളില്‍ എത്തിപ്പെടണമെങ്കില്‍ ദിവസമോ ദിവസങ്ങളോ നടക്കേണ്ട സാഹചര്യത്തില്‍ പലരും വഴിയില്‍വച്ച് മരിക്കുകയായിരുന്നു പതിവ്. ഇതിന് പരിഹാരമായി ഗവണ്മെന്റില്‍ നിന്നും അനുവദിച്ച് മേടിച്ച ആംബുലന്‍സ് രോഗികളെ എത്രയും പെട്ടെന്ന് സെന്ററുകളില്‍ എത്തിക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ സെന്ററിന്റെ പ്രവര്‍ത്തനത്തില്‍ ഏറ്റവും നല്ല സെന്ററിനുള്ള മേഖാലയ സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ ഈ സെന്ററുകള്‍ക്ക് ലഭിച്ചു. ഗവണ്മെന്റിന്റെ അധീനതയിലുള്ള മറ്റ് സെന്ററുകള്‍ക്ക് ഇന്ന് ഈ സെന്റർ മാതൃകയാണ്. സമൂഹത്തില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ട് കഴിവുള്ള യുവതീ യുവാക്കളെ, മെഡിസിന്‍, നഴ്‌സിംഗ്, സോഷ്യല്‍ വര്‍ക്ക് മുതലായ കോഴ്സുകള്‍ പഠിപ്പിക്കാന്‍ രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നു. ഇപ്പോഴത്തെ കോവിഡിന്റെ പശ്ചാത്തലത്തില്‍ BAKDIL ട്രെയിനിംഗ് സെൻ്റർ കോവിഡ് ഐസൊലേഷന്‍ സെന്ററായി പ്രവര്‍ത്തിച്ചുവരുന്നു.മേഖാലയ ഗവണ്മെന്റിന്റെ കോവിഡ് നിയന്ത്രണ അഞ്ചംഗ ടീമില്‍ ഫാ. സണ്ണി മാവേലില്‍ അംഗമാണ്. തന്റെ കഴിഞ്ഞ കാലങ്ങളിലെ സ്തുത്യര്‍ഹസേവനത്തിന് മേഖാലയ ഗവണ്മെന്റിന്റെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. നൂറിലധികം പ്രാവശ്യം മാരകമായ സെറിബ്രല്‍ മലേറിയ പിടിപെട്ട് മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ടെങ്കിലും തന്റെ കര്‍മ്മമേഖലയില്‍ നിന്നും വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഒരു ക്രൈസ്തവ മിഷണറിക്ക് ഇന്ത്യയുടെ ഉള്‍നാടന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍, തന്റെ ജീവനെത്തന്നെ ഏത് നിമിഷവും അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുന്നത് സുവിശേഷം വാക്കുകളില്‍ മാത്രം ഒതുക്കിയാല്‍പോര, ജീവന്‍ കൊടുത്തും അത് നിര്‍വ്വഹിക്കാനും ബാധ്യസ്ഥനാണ് എന്നതുകൊണ്ട് തന്നെ .തന്റെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും M.Phil ഉം തന്റെ പ്രവര്‍ത്തന മേഖലയില്‍ തന്നെ ഡോക്ടറേറ്റും കരസ്ഥമാക്കി. കൂടാതെ North Eastern Hill യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് പ്രൊഫസര്‍ ആയി സേവനം ചെയ്യുന്നു.ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മിഷണറിമാരായി സ്തുത്യര്‍ഹ സേവനം ചെയ്യുന്ന എല്ലാവര്‍ക്കും മാതൃകയും പ്രചോദനവുമാകട്ടെ സണ്ണി അച്ചന്‍. കൂടല്ലൂര്‍ ഇടവകയ്ക്കും മാവേലില്‍ കുടുംബത്തിനും പ്രിയപ്പെട്ടവനായ സണ്ണി അച്ചൻ്റെ മുൻപോട്ടുള്ള പ്രയാണത്തിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം
എൺപത്തഞ്ചിലും നാൽപതിന്റെ ചുറുചുറുക്കോടെ സാമൂഹിക സേവനം തുടരുന്ന മലബാറിന്റെ അമ്മ ഡോ. മേരി കളപ്പുരക്കൽ
കോട്ടയം ജില്ലയിലെ കൂടല്ലൂർ കളപ്പുരക്കൽ ജോസഫിന്റെയും മ്യാലിൽ കൊച്ചന്നയുടെയും മൂത്തമകളായി 1935 ഏപ്രിൽ 30 ന് ജനിച്ച ഡോ. മേരിയുടെ എന്നത്തെയും ആഗ്രഹം മറ്റുള്ളവരെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നതായിരുന്നു .ബിഷപ്പ് തറയിൽ തുടങ്ങിയ കാരിത്താസ് സെക്കുലർ സമർപ്പിത സമൂഹത്തിലെ ആദ്യ അംഗമായി 1957 സെപ്റ്റംബർ 14 ന് മേരി പ്രഥമ വാഗ്ദാനം എടുത്തു . അങ്ങനെ കേരളത്തിലെ ആദ്യത്തെ സെക്കുലർ ഇൻസ്റ്റിറ്റുട്ടും സെക്കുലർ ഇൻസ്റ്റിട്യൂട്ടിലെ ആദ്യ മലയാളി അംഗം എന്ന നിലയിൽ ഡോ. മേരിയും കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിന്റെ ഭാഗമായി മാറി.മേരിയുടെ കഴിവ് തിരിച്ചറിഞ്ഞ ബിഷപ്പ് തോമസ് തറയിൽ ആണ് അവരെ മെഡിസിൻ പഠിക്കാനായി ജർമനിയിലേക്ക് അയച്ചത് . താൻ നട്ടു നനച്ചു വളർത്തിയ സഭയിൽ വരും കാലത്തു ഈ പെൺകുട്ടി വലിയൊരു നിധിയായി മാറുമെന്ന് ദീർഘ ദർശിയായ അദ്ദേഹം മനസിലാക്കിയിരുന്നു . ജർമനിയിൽ സെക്കുലർ ഇന്സ്ടിട്യൂട്ടിൽ താമസിച്ചു പഠിച്ചപ്പോൾ ലഭിച്ച ബോധ്യങ്ങളാണ് നാട്ടിൽ തിരിച്ചെത്തി ഒരു കന്യാസ്ത്രി മടത്തിന്റൈ രീതിയിൽ പ്രവർത്തിച്ചിരുന്ന കാരിത്താസ് സെക്കുലർ ഇന്സ്ടിട്യൂട്ടിനെ യഥാർത്ഥ സെക്കുലർ ഇന്സ്ടിട്യൂട്ടിന്റെ മാതൃകയിൽ പുതുക്കി പണിയുവാൻ മേരിയെ പ്രേരിപ്പിച്ചത് . ജീവിതസ്വപ്നങ്ങളുടെ ഭാണ്ഡവും പേറിയുള്ള മലബാർ കുടിയേറ്റ ജനതയുടെ തുടക്കകാലം. വികസനം എന്ന വാക്ക് നിഘണ്ടുവിൽ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. പ്രകൃതിയോട് പടവെട്ടി പൊരുതി വീഴുകയോ പൊരുതിജയിക്കുകയോ ചെയ്യുന്ന മനുഷ്യർ. പ്രകൃതിയെ കീഴടക്കിയെങ്കിലും കീഴടക്കാനാവാത്തതായി പകർച്ചവ്യാധികളും രോഗങ്ങളുമുണ്ടായിരുന്നു,ഹിംസ്രജന്തുക്കളും വിഷജന്തുക്കളുമുണ്ടായിരുന്നു.രോഗങ്ങളുടെ ഈ ആക്രമണത്തിൽ കുടിയേറ്റജനത നിസഹായരായി നോക്കിനിന്നപ്പോൾ അവരുടെ ദയനീയതയ്ക്ക് പരിഹാരമെന്ന നിലയിലാണ് കോട്ടയം രൂപതാധ്യക്ഷനായിരുന്ന ബിഷപ് തോമസ് തറയിൽ അലക്സ് നഗറിൽ മേഴ്സി ഹോസ്പിറ്റൽ സ്ഥാപിച്ചത്. ഈ ഹോസ്പിറ്റലിന്റെ നേതൃത്വസ്ഥാനത്തേക്ക് ബിഷപ് നിയമിച്ചത് അന്ന് കാരിത്താസ് ആശുപത്രിയുടെ പ്രഥമ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയിരുന്ന ഡോ. മേരി കളപ്പുരയ്ക്കലിനെയായിരുന്നു.ഒരു ഡോക്ടറായി ആശുപത്രിയുടെ കോമ്പൗണ്ടിൽ ഒതുങ്ങുക മാത്രമല്ല തന്റെ കടമയെന്ന് മലബാറിലെത്തിയ ആദ്യ നാളുകളിൽ തന്നെ ഡോ. മേരിക്ക് മനസ്സിലായി. വൈദ്യുതിയില്ല,വഴിയില്ല, ടെലിഫോൺ സൗകര്യങ്ങളോ തപാലാഫീസുകളോ ഇല്ല. ആശുപത്രിയിൽ പോലും വേണ്ടത്ര സൗകര്യങ്ങളില്ല, ഉപകരണങ്ങളില്ല.ചെറിയൊരു തുക മാത്രമേ ഫീസായി നിശ്ചയിച്ചിരുന്നുള്ളൂവെങ്കിലും അതുപോലും കൊടുക്കാൻ അന്നത്തെ കുടിയേറ്റ ജനതയ്ക്ക് കഴിഞ്ഞിരുന്നില്ല. മുടക്കുമുതലെങ്കിലും തിരിച്ചുപിടിക്കാൻ കഴിയാതെ വന്നപ്പോൾ ആശുപത്രി അടച്ചുപൂട്ടിയാലോ എന്നും ചിന്തിച്ചുപോയ അവസരം.ഈ സാഹചര്യത്തിൽ തനിക്ക് പരിചയമുണ്ടായിരുന്ന ജർമ്മനിയിലെ സുഹൃത്തുക്കളുടെ സഹായം തേടാൻ തന്നെ ഡോ. മേരി തീരുമാനിച്ചു . അങ്ങനെ ജർമ്മനിയിലെ സുഹൃത്തുക്കൾ നല്കിയ സാമ്പത്തിക സഹായത്തിന്റെ പിൻബലത്തിലായിരുന്നു പിന്നീട് മേഴ്സി ആശുപത്രിയുടെ വളർച്ച.കുറെക്കൂടി സൗകര്യപ്രദമായ സ്ഥലത്ത് ആശുപത്രി ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്തകൾ ഉയർന്നുവന്നതും അപ്പോഴായിരുന്നു. പയ്യാവൂർ പള്ളിക്കെട്ടിടത്തിൽ വാടകയ്ക്ക് മേഴ്സി ആശുപത്രിയുടെ ഒരു വിങ്ങ് 1975 ൽ ആരംഭിച്ചു. രണ്ടു ആശുപത്രികളും തമ്മിൽ ആറു കിലോമീറ്ററിന്റെ അകലമുണ്ടായിരുന്നുവെങ്കിലും രണ്ടിടങ്ങളിലും മടുപ്പുകൂടാതെ ഡോ. മേരിയെത്തിയിരുന്നത് പലർക്കും അത്ഭുതമായിരുന്നു.മേഴ്സി ആശുപത്രിയിൽ കിടത്തിചികിത്സയുടെ ആവശ്യവും ഇതോടൊപ്പം ഉയർന്നുവന്നു. എന്നാൽ ഒരു ആശുപത്രി കെട്ടിടം പുതുതായി പണിയാൻതക്ക സാമ്പത്തികസ്ഥിതി കോട്ടയം അതിരൂപതയ്ക്കുണ്ടായിരുന്നില്ല, മലബാറിലെ ജനതയ്ക്ക് നല്ല ചികിത്സ ലഭ്യമാകുന്ന ഒരു ആശുപത്രി ഡോ. മേരിയുടെ സ്വപ്നവുമായിരുന്നു.രണ്ടിനുമിടയിൽ മേരി ഒരു തീരുമാനമെടുത്തു. ജർമ്മനിയിലേക്ക് തന്നെ മടങ്ങുക. അവിടെയുള്ള സുഹൃത്തുക്കളെ നേരിൽ ചെന്ന് കണ്ട് സഹായം അഭ്യർത്ഥിക്കുക. അക്കാലത്ത് കൊളോൺ രൂപതയിലെ പല ദേവാലയങ്ങളിലും മലബാറിലെ ആശുപത്രിക്കുവേണ്ടിയുളള മേരിയുടെ സഹായാഭ്യർത്ഥനകൾ ഉയർന്നിട്ടുണ്ട്. അവയുടെയെല്ലാം ഫലമായാണ് ഇന്ന് മേഴ്സി ഹോസ്പിറ്റലിന്റെ വളർച്ച. ജർമ്മനിയിൽ നിന്ന്കടൽ കടന്നെത്തിയ സഹായമാണ് ഹോസ്പിറ്റലിന്റെ ക്വാർട്ടേഴ്സുകളും, ആംബുലൻസ്സും, ആധുനികചികിത്സാ ഉപകരണങ്ങളുമെല്ലാം.ആശുപത്രിയിൽ രോഗികളുടെ എണ്ണം വർദ്ധിക്ച്ച പ്പോൾ കിടത്തിചികിത്സിക്കാൻ ഇടമില്ലാതായ അവസരങ്ങളിൽ സ്വന്തം മുറിയിൽ പോലും രോഗികളെ കിടത്തി ചികിത്സിക്കാൻ ഡോ. മേരി തയ്യാറായതിനെക്കുറിച്ച് അനുഭവസ്ഥർ ഇപ്പോഴും പറയുന്നുണ്ട്. ജാതിയോ മതമോ നോക്കാതെയായിരുന്നു ഡോ. മേരിയുടെ എല്ലാ പ്രവർത്തനങ്ങളും. ആശുപത്രിയിലെ ഭാരപ്പെട്ട ജോലികൾക്കിടയിലും വീടുകളിലെ കിടപ്പുരോഗികളെ തേടിയുള്ള യാത്രകൾക്ക് മേരി മുടക്കം വരുത്തിയിരുന്നില്ല. ആയാത്ര കേരളത്തിലെ സ്വാന്തന ചികിസയുടെ തുടക്കം കൂടിആയിരുന്നു.അക്കാലത്ത് നാലുകിലോമീറ്റർ നടന്നുവേണമായിരുന്നു പോസ്റ്റോഫീസിലെത്താൻ. ഈ സാഹചര്യത്തിലാണ് മേരിയുടെ നേതൃത്വത്തിൽ ആശുപത്രി കെട്ടിടത്തിൽ തന്നെ പോസ്റ്റോഫീസ് ആരംഭിക്കാൻ കാരണമായത്. അതുപോലെ ടെലിഫോൺ പയ്യാവൂരിലെത്തിയതും ഡോക്ടറുടെ പരിശ്രമഫലമായിട്ടായിരുന്നു.അലക്സ്നഗർ മേഴ്സി ഹോസ്പിറ്റലിലേക്ക് രോഗികൾക്ക് എത്തിച്ചേരാൻ തടസമായി നിന്നത് പാലത്തിന്റെ അഭാവമായിരുന്നു. അപകടത്തിൽപെട്ടവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതുകൊണ്ട് പലരും മരണമടഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിൽ ഖിന്നയായിരുന്ന ഡോ.മേരിയുടെ പരിശ്രമഫലമായിട്ടാണ് അഞ്ചുലക്ഷം രൂപ മുടക്കി ഒരു തൂക്കുപാലം പണിതത്. മുപ്പതിൽപരം വർഷങ്ങൾക്ക് ശേഷവും രണ്ടു മഹാപ്രളയത്തെ അതിജീവിച്ചും ഇന്നും ആ തൂക്കുപാലം തലഉയർത്തിനില്ക്കുന്നു ഡോ. മേരിയുടെ സ്നേഹം പോലെ… നിസ്വാർത്ഥതയ്ക്ക് തെളിവായി…പാലിയേറ്റീവ് കെയര്‍ ഇന്ന് വ്യവഹരിച്ചുപോരുന്ന വിധത്തിലുള്ള സംഘടിതമായ രൂപമോ പ്രവര്‍ത്തനശൈലിയോ ഉണ്ടായിരുന്നില്ലെങ്കിലും 50 വർഷങ്ങൾക്കു മുൻപ് മലബാറിലെ അവികസിത മേഖലകളില്‍ കിടപ്പുരോഗികള്‍ക്കിടയില്‍ ഡോക്ടര്‍ മേരി നടപ്പാക്കിപോന്നിരുന്നത് ഇന്നത്തെ പാലിയേറ്റീവ് കെയറിന്റെ ആദിരൂപം തന്നെയായിരുന്നു. ചികിത്സ കൊണ്ട് ഭേദപ്പെടുത്താനാവാത്ത രോഗികള്‍ക്ക് സാന്നിധ്യം കൊണ്ടും വാക്കുകള്‍കൊണ്ടും പരിചരണം കൊണ്ടും സൗഖ്യം നല്കുക. മലബാറിലെ കാടും മേടും പിന്നിട്ട് മേരി ചെയ്തിരുന്നത് അതായിരുന്നു.ഡോ.മേരി ആണ് കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ കാരിത്താസ് പാലിയേറ്റീവ് കെയറിനു തുടക്കമിട്ടത്.1970 കള്‍ മുതല്‍ മലബാറില്‍ ഡോ. മേരി ചെയ്തിരുന്ന സേവനങ്ങളുടെ അടിസ്ഥാനത്തില്‍ അവർ “സാന്ത്വനചികിത്സയുടെ മാതാവ് “എന്നും “മലബാറിന്റൈ അമ്മ ” എന്നുമാണ് അറിയപ്പെടുന്നത്. സാമ്പത്തിക പരിമിതികളിൽ പെട്ട് നട്ടം തിരിഞ്ഞ അരനൂറ്റാണ്ട് മുമ്പ് ഒരു വനിത സ്വന്തം ജീവിത സമർപ്പണം വെറും സേവനത്തിലൂടെ മാത്രമല്ല ആശുപത്രികളും, ആതുരസേവന സംവിധാനങ്ങളും പടുത്തുയർത്താൻ നടത്തിയ നിശബ്ദ പ്രയത്‌നം വലിയ ആദരവ് അർഹിക്കുന്നു. മലബാര്‍ ജനതയ്ക്ക് സ്വന്തം ജീവിത സമര്‍പ്പണത്തിലൂടെ ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാനും നാടിന്റെ വികസനത്തിനു സമഗ്രസംഭാവനകള്‍ നല്കാനും ഡോ. മേരി കളപ്പുരയ്ക്കലിന് സാധിച്ചു. വൈദ്യശാസ്ത്രരംഗത്ത് ഏറ്റവും ബുദ്ധിമുട്ടു നിറഞ്ഞ രണ്ടു ഡിപ്പാര്‍ട്ട്‌മെന്റുകളാണ് അത്യാഹിതവിഭാഗവും മരണം കാത്തുകിടക്കുന്ന രോഗികളുടെ പരിചരണവിഭാഗവും. ഈ രണ്ടുമേഖലകളിലും സാധാരണയായി ഒരു ഡോക്ടറും അധികകാലം സേവനം ചെയ്യാറില്ല. പക്ഷേ കഴിഞ്ഞ അമ്പതുവര്‍ഷമായി ഡോ. മേരിയുടെ സേവനം ഈ രണ്ടു തീച്ചുളകളിൽ മാത്രമായിരുന്നു.ഇപ്പോൾ കോട്ടയം കാരിത്താസിൽ വിശ്രമജീവിതം നയിക്കുകയാണ് ഡോ. മേരി കളപ്പുരയ്ക്കൽ.ഒരിക്കലും തന്റെ പ്രവർത്തനങ്ങളെയോ സേവനങ്ങളെയോ പരസ്യപ്പെടുത്താനോ അതുവഴി അംഗീകാരം നേടിയെടുക്കാനോ മേരി ശ്രമിച്ചിരുന്നില്ല. കോട്ടയം രൂപതയുടെ വികസനത്തിന് നല്ലപങ്കു വഹിച്ചിട്ടുള്ള ഡോ.മേരി യെക്കുറിച്ച് മാർ.കുന്നശേരി കുറിച്ചിട്ടിരിക്കുന്നത് ഇപ്രകാരമാണ് “ഒരു കത്തോലിക്കാ രൂപതയുടെ വളർച്ചക്ക് ഇത്രഅധികം സംഭാവനകൾ നൽകിയിട്ടുള്ള ഡോ.മേരിയെ പോലെയുള്ള വനിത കാത്തോലിക്ക സഭയുടെ ചരിത്രത്തിൽ തന്നൈ അപൂർവമായിരിക്കും”.വൈദ്യ ശാസ്ത്ര രംഗത്ത് 50 വർഷവും സമർപ്പിത എന്ന നിലയിൽ 64 വർഷവും പൂർത്തിയാക്കിയ ഡോ . മേരി ജീവിതം കൊണ്ടും പ്രവർത്തനം കൊണ്ടും അടുത്തറിയുമ്പോൾ ആരും അത്ഭുതം കൊള്ളും. ഒരായുസ്സ് കൊണ്ട് ഇത്രയധികം നന്മകൾ സമൂഹത്തിനും സമുദായത്തിനും വേണ്ടി ഡോ . മേരി ഒരുപാടു ചെയ്തിട്ടുണ്ട് . അർഹിക്കുന്നവന് ആവശ്യമായ നന്മകൾ ചെയ്യാൻ മറ്റൊന്നും തടസ്സമാകരുതെന്ന ഡോ . മേരിയുടെ തത്വതീക്ഷ്‌മാണു യാത്രകളിൽ സ്റ്റെതസ്കോപ്പും അത്യാവശ്യ മരുന്നുകളും ബാഗിൽ കരുതാൻ അവരെ പ്രേരിപ്പിക്കുന്നത്
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമർപ്പണത്തിന്റെയും അടയാളമായി സി. സ്നേഹ
കണ്ണൂർ ജില്ലയിൽ ചമതച്ചാൽ ആണ് സി: സ്നേഹയുടെ സ്വദേശം. തേനമാക്കിൽ കുടംബത്തിലെ 6 മക്കളിൽ ഏറ്റവും ഇളയവളാണ് സി: സ്നേഹ . പാവങ്ങളെ സഹായിക്കുവാനും സേവിക്കുവാനുമായി ഒരു മിഷിനറി സിസ്റ്റർ ആകുക എന്നതായിരുന്നു സി. സ്നേഹയുടെ ബാല്യകാല സ്വപ്നം . അതിനായി നഴ്സിംഗിൽ പോസ്റ്റ് ഗ്രാജുവേഷൻ കരസ്ഥമാക്കി . യുദ്ധത്തിൽ തകർന്ന സൗത്ത് സുഡാൻ എന്ന രാജ്യത്തെ ജനങ്ങളുടെ സേവനത്തിനായി സിസ്റ്റർ സ്വയം തിരഞ്ഞെടുത്തു. സിസ്റ്ററിൻ്റെയും മറ്റു കമ്മ്യൂണിറ്റി അംഗങ്ങളുടെയും ജീവന് നിരന്തരമായ ഭീഷണി ഉണ്ടായിരുന്നു “ഞങ്ങൾ ഇവിടെ മരിക്കാൻ വിധിക്കപ്പെട്ടവരാണെങ്കിൽ അങ്ങനെയാകട്ടെ.ഇതായിരുന്നു അവരുടെ ചിന്ത. പരിഭ്രാന്തരും ആക്രമണ സ്വഭാവക്കാരുമായ ദക്ഷിണ സുഡാനികളെ 7 വർഷം പഠിപ്പിക്കുകയുംപരിചരിക്കുകയും അതുവഴി അവരെ സ്നേഹിക്കുവാൻ പഠിപ്പിക്കുകയും ദയാദാലുക്കളായ കഴിവുള്ള നഴ്സുമാരും മിഡ് വൈഫുമാരുമാക്കി മാറ്റി. അതു വഴി മരണനിരക്ക് കുറക്കാൻ സാധിച്ചു . സി. സ്നേഹ 2014 ൽ ഇന്ത്യയിലേക്ക് മടങ്ങി. 2016 ൽ മുംബെ ഹോളി സ്പിരിറ്റ് ഹോസ്പിറ്റലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. 2020 മെയ് 13 നാണ് സി. സ്നേഹക്ക് കോവിഡ് 19 പിടിപ്പെട്ടത്. അത് ഒരു പേടിപ്പെടുത്തുന്ന അവസ്ഥയായിരുന്നു . തന്റെ അവസാനം വന്നുവെന്ന് വരെ കരുതി.18 ദിവസം ആശുപത്രിയിൽ ജീവനുവേണ്ടി പോരാടി. ദൈവാനുഗ്രഹത്താൽ സുഖം പ്രാപിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ഡ്യൂട്ടിയിൽ തിരിച്ചെത്തി. കോവിഡ് 19 ൽ നിന്നും സുഖം പ്രാപിച്ചവരുടെ പ്ലാസ്മ ( Convalescent Plasma) കോവിഡ് രോഗിയുടെ ചികിത്സക്ക് സഹായിക്കുമെന്നുള്ള അറിവ് , ഒരു മരണം എങ്കിലും തടയുമെന്ന തിരിച്ചറിവ് , അതിലൂടെ കടന്നുപോയ സിസ്റ്ററിന്കഷ്ടപ്പാടുകളും വേദനയുമുള്ള COVID രോഗികൾക്ക് തന്റെ പ്ലാസ്മ ദാനം ചെയ്യാൻ തീരുമാനിച്ചു.ഒരു മാസത്തിനുശേഷം സി. സ്നേഹ കോവിഡ് ആന്റിബോഡി, സെറം പ്രോട്ടീൻ, ഹീമോഗ്ലോബിൻ എന്നിവ പരിശോധിച്ചു, അതിന്റെ മൂല്യം അസാധാരണമായി മികച്ചത്. തൻ്റെ കുട്ടിക്കാലം മുതൽ ദരിദ്രരെ സേവിക്കാനുള്ള അഭിനിവേശം ഉള്ളതിനാൽ ,അവരുടെ ചികിത്സയ്ക്കായി തന്റെ പ്ലാസ്മ നൽകാനുള്ള അവസരം ഉപയോഗിക്കാൻ തീരുമാനിച്ചു . പ്ലാസ്മ തെറാപ്പിക്ക് പണം നൽകി ചികിത്സ നേടാൻ സാധിക്കാത്ത ദരിദ്രർക്കായി തൻ്റെ പ്ളാസ്മ ദാനം ചെയ്യാൻ അങ്ങനെ നായർ ഹോസ്പിറ്റലും മെഡിക്കൽ കോളേജും തിരഞ്ഞെടുത്തു.ഉയർന്ന അളവിലുള്ള ആന്റിബോഡി ഉണ്ടായിരുന്ന കാരണം ജൂലൈ 25, ഓഗസ്റ്റ് 11, സെപ്റ്റംബർ 9, ഒക്ടോബർ 26 , December 5 എന്നീ തീയതികളിലായി 5 തവണ പ്ളാസ്മ ദാനം ചെയ്യാൻ ദൈവാനുഗ്രഹത്താൽ സിസ്റ്ററിന് സാധിച്ചു. 3 തവണ പ്ലാസ്മ ദാനം ചെയ്തു കഴിഞ്ഞപ്പോൾ സിസ്റ്റർ സ്നേഹയെ മഹാരാഷ്ട്ര ഗവർണർ COVID-19 വാരിയർ ആയി ബഹുമാനിച്ചു “ഞാൻ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു, ഒപ്പം സമൂഹത്തിനായുള്ള നിങ്ങളുടെ നിസ്വാർത്ഥ സേവനത്തിന് നന്ദി” -ഗവർണർ ഭഗത് സിംഗ് കോശ്യാരി പറഞ്ഞു.5 തവണ പ്ലാസ്മ ദാനം ചെയ്ത രാജ്യത്തെ പ്രഥമ വനിത എന്ന വിശേഷ പദവും സിസ്റ്റർ സ്നേഹക്ക് നായർ ഹോസ്പിറ്റലിൽ നിന്നും കിട്ടി. എ.ബി രക്തഗ്രൂപ്പ് ആയതു കൊണ്ട് സിസ്റ്ററിന് ഏത് രക്തഗ്രൂപ്പുകാർക്കും പ്ളാസ്മ ദാനം നടത്താം . ഇത് ദൈവത്തിൻ്റെ മറ്റൊരനുഗ്രഹമായി സിസ്റ്റർ കരുതുന്നു . . ഇതു വരെ സിസ്റ്ററിൽ നിന്നും 10 രോഗികൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട് . 400 മില്ലി ഉള്ള ഒരൊറ്റ സംഭാവനയിലൂടെ രണ്ട് ആളുകൾക്ക് പ്രയോജനം നേടാം. സിസ്റ്റർ സ്നേഹക്ക് ഇപ്പോഴും പ്ളാസ്മ നൽകാൻ ആഗ്രഹമുണ്ട്എന്നിരുന്നാലും, കാത്തിരിക്കാൻ ഡോക്ടർമാർ ഉപദേശിച്ചിരിക്കുകയാണ് . പുതിയ ഉൾക്കാഴ്ചകൾ നേടുന്നതിനായി രോഗം പിടിപെടാൻ തന്നെ അനുവദിക്കുകയെന്നത് ദൈവത്തിന്റെ പദ്ധതിയാണെന്ന് സിസ്റ്റർ വിശ്വസിക്കുന്നു. തന്റെ മതജീവിതവും ദരിദ്രരായ ജനങ്ങളെ സേവിക്കാനുള്ള ആഗ്രഹവും ഒരിക്കലും തീരാത്തതാണ് . തന്റെ ജീവിതദൈത്യം മറ്റുള്ളവരെ സേവിക്കുക എന്നതാണ്,പ്രത്യേകിച്ച് ദരിദ്രർ. കുറച്ച് കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാൻ തൻ്റെ രക്തത്തിന്റെ ഭാഗം നൽകാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ട്. ദൈവത്തിന്റെ കൃപ ആവശ്യ സമയത്ത് കിട്ടുന്നതുകൊണ്ട് ഇനിയും ഇങ്ങനെ ഒത്തിരി പാവങ്ങളെ സഹായിക്കാൻ സാധിക്കുമെന്ന് സിസ്റ്റർ ഉറച്ചു വിശ്വസിക്കുന്നു
ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം അവർക്ക് താങ്ങായി തണലായി ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി ഫാദർ ഷിബു തുണ്ടത്തിൽ
ഫാ ഷിബു തുണ്ടത്തിൽ ഉത്തർപ്രദേശിലെ ബിജിനോർ രൂപതയിൽ സേവനം ചെയ്യുന്നു. ഇപ്പോൾ രൂപതയുടെ കീഴിലുള്ള പ്രേംധാം എന്ന സ്ഥാപനം നോക്കി നടത്തുന്നു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഭിന്നശേഷിയും ബുദ്ധിമാന്ദ്യം സംഭവിച്ചതും നിരവധി മറ്റ് അസുഖങ്ങളാൽ വലയുന്നവരുമായ കുട്ടികളെ പരിപാലിക്കുന്ന ഒരു പുണ്യ സ്ഥലമാണ് പ്രേംധാം . ഫാ ഷിബുവും മറ്റൊരു വൈദീകനും ചേർന്നാണ് പ്രേം ധാംമിനു തുടക്കം കുറിക്കുന്നത്. ഇന്ന് നൂറിലധികം കുട്ടികൾ ഇവരുടെ പരിപാലനയിൽ കഴിയുന്നുണ്ട് .ജന്മം കൊടുത്ത മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടികളെയാണ് ഈ മലയാളി വൈദികർ സ്വന്തം മക്കളെ പോലെ പരിപാലിക്കുന്നത് .1974 സെപ്റ്റംബർ ആറാം തീയതി മാഞ്ഞൂർ തുണ്ടത്തിൽ വീട്ടിൽ ഒമ്പത് മക്കളിൽ ഏറ്റവും ഇളയവനായിട്ടായിരുന്നു ഫാദർ ഷിബു ജന്മം കൊണ്ടത് . മാഞ്ഞൂർ സെന്റ് തെരേസാസ് ദേവാലയ (മകുടാലയം) പള്ളി ഇടവക അംഗമാണ് അദ്ദേഹത്തിന് തൻറെ ജീവിതത്തെക്കുറിച്ച് വലിയ ആശങ്കകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹത്തിൻറെ സ്കൂൾ കാലഘട്ടം അദ്ദേഹത്തിന് ഒരു ഒരു പേടിസ്വപ്നമായിരുന്നു .ഒരു മിഷണറിയായി തീരുന്നതിന് തീരുമാനമെടുത്ത് സെമിനാരിയിൽ ചെയ്യുന്നതുവരെ എൻറെ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന് വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലായിരുന്നു . സെമിനാരിയിൽ ചേരുവാൻ തീരുമാനിച്ച ഷിബുവും മറ്റു 18 പേരും 1991 ജൂൺ മാസം പത്താം തീയതി ഉത്തർപ്രദേശിലുള്ള ബിജിനോർ രൂപതയുടെ സെമിനാരിയിൽ എത്തി . സെമിനാരിയിൽ ചേർന്ന ശേഷം തൻറെ ജീവിതത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും അദ്ദേഹം ചിന്തിക്കുവാൻ തുടങ്ങി അങ്ങനെ ഉത്തർപ്രദേശിലെ ബിജ്‌നോർ രൂപതക്ക് വേണ്ടി ഒരു വൈദികനാകാൻ വേണ്ടിയുള്ള പഠനങ്ങൾ അദ്ദേഹം തുടർന്നു അങ്ങനെ 2003 മെയ് മാസം 23ആം തീയതി ബിജിനോർ രൂപതയുടെ വൈദികനായി അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.പൗരോഹിത്യം സ്വീകരിച്ചതിനുശേഷം അദ്ദേഹത്തിൻറെ ആദ്യത്തെ നിയമനം ഉത്തരാഖണ്ഡിലെ ഘാട്ടിലായിരുന്നു അവിടെ ഒരു പുതിയ മിഷൻ സ്റ്റേഷൻ വികസിപ്പിക്കുന്നതിന് ഫാ ബെന്നി യെ സഹായിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ ആദ്യ കർത്തവ്യം. രണ്ടുവർഷത്തിനുശേഷം ബദാപൂരിലേക്ക് അദ്ദേഹത്തിന് സ്ഥലംമാറ്റമായി ഭിന്നശേഷിക്കാരായ കുട്ടികളെ പരിപാലിക്കുന്ന ഒരു മിഷൻ സ്റ്റേഷനിലേക്ക് ആയിരുന്നു അദ്ദേഹം ചെന്നത് അവിടെ അദ്ദേഹത്തിന് നിരവധി കാര്യങ്ങളാണ് ചെയ്യുവാൻ ഉണ്ടായിരുന്നത് . ബധാപൂരിലെ പ്രവർത്തനത്തിലൂടെ ബിജിനോർ രൂപതയുടെ ഒരു പ്രധാനപ്പെട്ട കേന്ദ്രമായി മാറ്റുവാൻ അദ്ദേഹത്തിന് സാധിച്ചു . ആറു വർഷത്തെ അവിടുത്തെ പ്രവർത്തനത്തിന് ശേഷം പുതിയ ലക്ഷ്യവുമായി അവിടെ നിന്നും അദ്ദേഹം യാത്ര തിരിച്ചു താമസിയാതെ അദ്ദേഹം തൻറെ ജീവിതത്തിലെ രണ്ടാം ഘട്ടം ആരംഭിച്ചു അങ്ങനെ അദ്ദേഹം പ്രേംധാം എന്ന പുതിയ സ്ഥാപനത്തിന് തുടക്കം കുറിച്ചു ഇതിന് അദ്ദേഹത്തെ സഹായിക്കാനായി ഫാ ബെന്നി കൂടി ഉണ്ടായിരുന്നു പ്രേംധാം തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളോട് കൂടിയ ഒരു പ്രസ്ഥാനമായിരുന്നു.
അശരണർക്കും അവശത അനുഭവിക്കുന്നവർക്കും ആലംബമായി പാവങ്ങളുടെ നല്ല സമരിയാക്കാരൻ ആയി പടമുഖം സ്നേഹമന്ദിരത്തിൽ നിന്നും വി സി രാജു
ഇടുക്കി ജില്ലയിൽ പടമുഖം മുരിക്കാശ്ശേരിക്ക് സമീപം സ്ഥാപിതമായിരിക്കുന്ന സ്നേഹമന്ദിരം എന്ന സ്ഥാപനം തുടക്കംകുറിക്കുന്നത് 1995ലാണ് . സ്നേഹ ട്രസ്റ്റ് എന്ന പേരിൽ ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുമ്പോൾ ഇതിൻറെ സ്ഥാപകനായ ശ്രീ രാജുവിന് സ്വന്തമായുണ്ടായിരുന്നത് മൂന്ന് സെൻറ് സ്ഥലവും ഭാര്യ ഷൈനിയും മൂന്നു മക്കളും അടങ്ങുന്ന ഒരു കുടുംബവും ആയിരുന്നു.മൂന്ന് അഗതികളും ഏഴുകിലോ അരിയും ആയിരുന്നു സ്നേഹമന്ദിരത്തിൻറെ ആദ്യ സമ്പാദ്യം സ്വന്തമായി ഒരു ഭവനം പോലുമില്ലാതിരുന്ന രാജു തൻറെ ഭവനമായി കെട്ടിപ്പടുത്തത് ആണ് സ്നേഹ മന്ദിരം മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങി വരവേ വഴിയിൽ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച വ്യക്തിയെ കണ്ടപ്പോൾ തന്റെ ഉള്ളിലും ആ പാവപ്പെട്ട മനുഷ്യന്റെ ഉള്ളിലും വസിക്കുന്നത് ഒരു ജീവനാണ് എന്ന തോന്നലിൽനിന്നാണ് സ്നേഹ മന്ദിരം എന്ന അഗതിമന്ദിരത്തിന് തുടക്കം കുറിക്കുവാൻ രാജുവിന് പ്രേരണ ഉണ്ടായത്. 25 വർഷം പിന്നിടുമ്പോൾ സ്നേഹ മന്ദിരത്തിന് 3500ലധികം മനുഷ്യ ജീവിതങ്ങൾക്ക് ജാതിമതഭേദമന്യേ അഭയം നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. ദൈവപരിപാലന ഒന്നുകൊണ്ടുമാത്രമാണ് ഇത്രയധികം ബുദ്ധിമുട്ടുകളിലും വേദനകളിലും പ്രാർത്ഥനയിൽ ആശ്രയിച്ച് മുന്നോട്ടു പോകുവാൻ ഈ 25 വർഷക്കാലം സ്നേഹം മന്ദിരത്തിന് സാധിച്ചത് . സ്നേഹമന്ദിരത്തിൽ ഇപ്പോൾ മാനസിക അസ്വസ്ഥതകളും അംഗവൈകല്യങ്ങളും പ്രായാധിക്യത്താൽ വലയുന്നവരുമായ 309 അഗതികൾ കഴിയുന്നു ഇവരെക്കൂടാതെ പഠിക്കുന്ന 52 കുട്ടികളും സ്നേഹമന്ദിരത്തിൽ കഴിയുന്നുണ്ട്. ഒന്നാം ക്ലാസ് മുതൽ നഴ്സിങ് വരെ പഠിക്കുന്ന കുട്ടികൾ സ്നേഹമന്ദിരത്തിന് കീഴിലുണ്ട് .സ്നേഹ ട്രസ്റ്റ് രജിസ്ട്രേഷൻ കീഴിൽ ഗവൺമെൻറ് അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന സ്നേഹ മന്ദിരം സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ സെൻറർ പുരുഷന്മാരെയും സ്ത്രീകളെയും തിരിച്ചു പാർപ്പിക്കുവാൻ സാധിക്കുന്നു. കൂടാതെ കുട്ടികൾക്കായി ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സെന്റ് ആന്റണീസ് ബോയ്സ് ഹോം ആൺകുട്ടികൾക്ക് ആയും സ്നേഹമാതാ ബാലമന്ദിരം പെൺകുട്ടികൾക്ക് ആയും പ്രവർത്തിക്കുന്നു. സ്നേഹ മന്ദിരത്തിൽ കഴിയുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി മദർതെരേസ ടൈലറിംഗ് യൂണിറ്റ് . സെൻറ് ജോസഫ് പേപ്പർ കവർ യൂണിറ്റ് , സ്നേഹം മാതാ മെഴുക് തിരി യൂണിറ്റ്, കൃഷി, മൃഗപരിപാലനം തുടങ്ങി രോഗാവസ്ഥയിലുള്ള വരുടെ പുനരധിവാസത്തിന് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ദൈവമഹത്വത്തിന് സ്നേഹതാഴ്‌വര എന്ന ആദ്ധ്യാത്മിക മാസികയും നടത്തിവരുന്നു വർഷങ്ങൾക്കു മുൻപ് സ്നേഹ മന്ദിരം സന്ദർശിച്ച ക്യാൻസർ രോഗിയായ ലാസർ നൽകിയ ആദ്യ സംഭാവന വഴി സ്നേഹതാഴ്‌വര തുടക്കം കുറിക്കുന്നത് .സ്നേഹ മന്ദിരത്തിൽ നിന്ന് രോഗികളായി മരണമടഞ്ഞു പോയ മക്കളുടെ ഓർമ്മയ്ക്കു വേണ്ടി സ്ഥാപിച്ചതാണ് സെൻറ് ജോസഫ് ശുശ്രൂഷാലയം എന്ന സിൽവർ ജൂബിലി മന്ദിരം സ്നേഹമന്ദിരത്തിൽ വച്ച് മരണമടഞ്ഞ പ്രിയപ്പെട്ട ജോസഫ് എന്ന മകൻറെ ഓർമ്മയ്ക്കാണ് ഈ ഭവനത്തിനു സെൻറ് ജോസഫ് ശുശ്രൂഷാലയം എന്ന പേര് നൽകിയത് . ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ നിയമ പരിപാലനത്തിനായി ഗവൺമെൻറ് അംഗീകാരത്തോടുകൂടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നാഷണൽ ട്രസ്റ്റ് ഇടുക്കി ജില്ലയുടെ കൺവീനറായും ഓർഫനേജ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായും ജില്ലാ പ്രസിഡന്റായും മാനസ രോഗികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കെ എഫ് സി എം ടി യുടെ സംസ്ഥാന വൈസ് പ്രസിഡന്റായും ഇപ്പോൾ ബ്രദർ രാജു പ്രവർത്തിക്കുന്നു.സുമനസ്സുകളുടെ സഹായത്താൽ പ്രളയം വഴി കിടപ്പാടം നഷ്ടപ്പെട്ട 9 കുടുംബങ്ങൾക്ക് ഈ ജൂബിലി വർഷം ഭവനം പണിത് കൊടുക്കുവാൻ സ്നേഹമന്ദിരത്തിന്റെ പ്രവർത്തനം വഴി സാധിച്ചു.കിടങ്ങൂർ വട്ടക്കാട്ട്പുറത്ത് വീട്ടിൽ സൈമൺ മറിയം ദമ്പതികളുടെ എട്ടാമത്തെ മകനായ രാജു വി സി തന്റെ ജിവിതം ദൈവിക പദ്ധതിക്കായി മാറ്റിവച്ചപ്പോൾ ദൈവം സ്ഥാപിച്ച ഭവനമാണ് സ്നേഹമന്ദിരം, രാജു ഈ ഭവനത്തെ കാവൽക്കാരൻ മാത്രം രാജുവും കുടുംബവും തങ്ങളുടെ സ്വന്തം കുടുംബം ആയിട്ട് സ്നേഹമന്ദിരത്തെ സ്നേഹിക്കുന്നത് മൂലമാണ് ഭവനത്തിന് തിരുക്കുടുംബത്തിന്റെ അനുഗ്രഹം ഉണ്ടാകുന്നത് എന്ന് ഉറച്ചു വിശ്വസിക്കുന്നു പ്രാർത്ഥന മാത്രമാണ് സ്നേഹത്മന്ദിരത്തിന്റെ മുതൽക്കൂട്ട്
കോവിഡ് കാലത്തു പ്രവർത്തനങ്ങളിലൂടെ സൗദി ഗവെർന്മെന്റിന്റെ അംഗീകരം നേടിയെടുത്ത ഷീബ
കോവിഡ് കാലത്തെ മികച്ച സേവനത്തിലൂടെ ജിസാൻ അബു അരീഷ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കണ്ണൂർ ചമതച്ചാൽ ഒരുവാകുഴിയിൽ ഷീബ എബ്രഹാമാണ് .ഷീബ ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഇടവകാംഗമാണ് .കോവിഡ് കാലത്തെ മികച്ച സേവനം കണക്കിലെടുത്ത് സൗദി ആരോഗ്യ മന്ത്രാലയം മലയാളി ഉൾപ്പെടെ 20 ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ആരോഗ്യ വകുപ്പിന് കീഴിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ സേവനം അനുഷ്ടിക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ബഹുമതി സമ്മാനിച്ചത്. അതിൽ നിന്നും നഴ്‌സിങ് വിഭാഗത്തിലാണ് ഷീബ ബഹുമതിക്ക് അർഹയായത്.ജിസാൻ അബു അരീഷ് ആശുപത്രിയിൽ സ്ഷീബ എബ്രഹാമാണ് സൗദിയിലെ ഇന്ത്യൻ സമൂഹത്തിന് അഭിമാനാർഹമായ ഈ ബഹുമതി നേടിയത്. കോവിഡ് സമയത്ത് സൗദിയിൽ ഒട്ടാകെ ചികിത്സ ലഭിച്ചവരുടെ ഇടയിൽ നടത്തിയ സർവേയിൽ നിന്നാണ് ബഹുമതിക്ക് അർഹരായവരെ തെരഞ്ഞെടുത്തത്. ബഹുമതിക്ക് അർഹരായ 20 പേരിലെ ഏക വിദേശി കൂടിയാണ് ഷീബ. അത് ഇരട്ടിമധുരമായി. കണ്ണൂർ പയ്യാവൂരിലെ എരുവേശ്ശി സ്വദേശിനിയായാ ഷീബ 14 വർഷമായി ഇതേ ആശുപത്രിയിൽ സേവനം അനുഷ്ടിക്കുകയാണ്. സൗദിയിൽ കോവിഡ് വ്യാപകമായ ഉടനെ ആശുപത്രിയിൽ ആരംഭിച്ച കോവിഡ് വാർഡിൽ ആറുമാസമായി ജോലി ചെയ്തുവരവേയാണ് അപ്രതീക്ഷിതമായി ഇൗ അംഗീകാരം തേടിയെത്തിയത്.ഇതിനിടയിൽ ഷീബക്കും ഭർത്താവിനും കോവിഡ് ബാധിക്കുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. ജിസാനിൽ പ്രവാസി സമൂഹത്തിൽ സുപരിചിതയായ ഷീബ നഴ്‌സിങ് പഠനം പൂർത്തിയാക്കിയ ശേഷം ബംഗളുരുവിലും മുബൈയിലുമായി ആറുവർഷത്തോളം സേവനമനുഷ്‌ടിച്ചിട്ടുണ്ട്. 14 വർഷം മുമ്പാണ് സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് എത്തുന്നത്. ഷീബ ഇബ്രാഹിമിന് ആശുപത്രി ഡയറക്ടർ ഹുസൈൻ ഹദാദി ബഹുമതി പത്രം സമ്മാനിച്ചു. ജോലിയിലുള്ള ആത്മാർഥതയും സമർപ്പണവുമാണ് ഷീബയെ തേടി ഈ ബഹുമതി എത്താൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.ഷെബ്ബയുടെ ഭർത്താവ് ഷീൻസ് ലൂക്കോസ് കണ്ണൂർ സ്വദേശിയാണ്
യുവത്വത്തിന്റെ തുടിപ്പും പൊതു സമൂഹത്തിന് ചെയ്ത നന്മകളിലൂടെ ഇപ്പോൾ പഞ്ചായത്ത് പ്രെസിഡന്റിൽ എത്തിയിരിക്കുന്ന ജോണിസ് പി സ്റ്റീഫൻ
പ്ലസ് ടുകാലയളവിൽ മുതൽ NSS ന്റെ വോളന്റീയറായി പ്രവർത്തിച്ചു തുടങ്ങിയ ജോണിസ് പി സ്റ്റീഫൻ നിരവധി സാമൂഹ്യ സംകാരിക പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.കോളേജിൽ മലയാളം സമാജത്തിന്റെ പ്രസിഡന്റായിരുന്നു ജോണീസ് അതിലൂടെ നിരവധി സാഹ്യത്യപരമായ കാര്യങ്ങളിൽ നേതൃത്വം വഹിക്കാൻ സാധിച്ചു .അതോടൊപ്പം മിഷൻ ലീഗിന്റെ റീജിണൽ കോർഡിനേറ്ററായി പ്രവർത്തിച്ചു നിരവധി മിഷ്യൻ പ്രവർത്തനങ്ങളിൽ ജോണിസിന് സാധിച്ചു.നല്ലൊരു പ്രസംഗികനായ ജോണിസ് നിരവധി സംസ്‌ഥാന തല പ്രസംഗ മത്സരങ്ങളിൽ വിജയിയായതിനോടൊപ്പം ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് തല സ്‌കോളേർസ് ഫോറം റെപ്രെസെന്ററ്റീവ് ആയും പ്രവർത്തിച്ചിരുന്നു .കെ സി വൈ ൽ ജൂബിലി വർഷത്തിൽ അതിരൂപതാ ട്രഷറായിരുന്നുജോണിസ് പി സ്റ്റീഫൻ മറ്റ് ഭാരവാഗികൾക്കൊപ്പം തോളോട് തോൾ ചേർന്ന് യുവജനങ്ങളുടെ സമഗ്ര വികസനത്തിന് വേണ്ടുന്ന പരിപാടികൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട് .അങ്ങനെ കഴിഞ്ഞ നാളുകളിലെ തന്റെ പൊതു സമൂഹത്തിനോടുള്ള പ്രതിബദ്ധതയും അൽമാർഥതയുടെയും പ്രതിഫലമാണ് ഇത്ര ചെറു പ്രായത്തിൽ തന്നെ പഞ്ചായത്തു പ്രസിഡന്റ് പദം അലങ്കരിക്കുവാൻ ജോണിസിന് നിമിത്തമായത് .റിട്ടയർഡ് ഹെഡ് മാസ്റ്റർ പാണ്ടിയാംകുന്നേൽ സ്റ്റീഫൻ പി യു വിന്റേയും ലൈബി സ്റ്റീഫന്റെയും മകനാണ് ജോണീസ് പി സ്റ്റീഫൻ ഒരു ജോണീസിന് ഒരു സഹോദരി ഉണ്ട് ജ്യോതിസ് മരിയ ഇപ്പോൾ പ്ലസ് ടു കഴിഞ് എൻട്രൻസ് കോച്ചിങ്ങിന് പഠിച്ചുകൊണ്ടിരിക്കുകയാണ് . ജോണീസ് ഇപ്പോൾ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ എം എ literatureപഠിച്ചുകൊണ്ടിരിക്കുകയാണ്.
75 അവാർഡുകളുടെ പിൻബലവുമായി റെജി കുന്നുപ്പറമ്പിൽ മാഞ്ഞൂർ
ഉഴവൂർ ഒ എൽ എൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായ റെജി കുന്നുപ്പറമ്പിൽ മാഞ്ഞൂരാണ്. മൂന്നാം ലോക രാജ്യങ്ങളിലെ ഏറ്റവും വലിയ സർവ്വ കലാശാലയാലയായ ജെ എൻ യു യിൽ നിന്നും പഠനം പൂർത്തിയാക്കി അദ്ധ്യാപകനായി ജോലി ചെയ്യുന്ന റെജി കൈവക്കാത്ത മേഖലകളിലല്ല.പൊതു സമൂഹത്തിന് ചെയ്ത നന്മകളുടെ അകെ തുകയാണ് അദ്ദേഹത്തിന് കിട്ടിയ ഈ എഴുപത്തഞ്ചു അവാർഡുകൾ .ലേഖനങ്ങൾ ,കവിതകൾ ,കോവിഡ് മാനദണ്ടങ്ങൾ മുൻ നിറുത്തിയുള്ള സെമിനാറുകൾ ,വിദ്യർഥികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എന്നീ നിലകളിൽ ഏറ്റവും ഒരു തിരക്കേറിയ വർഷമായിരുന്നു റെജി കുന്നുപ്പറമ്പിൽ മാഞ്ഞൂരിന് കഴിഞ്ഞ വർഷം.സ്വന്തം നാടായ മാഞ്ഞൂരിലെ സാമൂഹ്യപരമായ ഏത് പ്രവർത്തനങ്ങളിലും നാട്ടുകാർക്കൊപ്പം അവർ സ്നേഹപൂർവം വിളിക്കുന്ന റെജി സർ മുൻപന്തിയിൽ എന്നും ഉണ്ടാകും അത് കൊണ്ട് തന്നെ ഒരു വലിയ സുഗ്രത് വലയത്തിന് ഉടമയാണ് റെജി കുന്നുപ്പറമ്പിൽ .ഭാര്യ കുറുപ്പന്തറ ചിറയിൽ കുടുംബ അംഗമായ ബിൻസി നഴ്‌സായി കുവൈറ്റ് മറ്റേണിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തു വരുന്നു മക്കൾ തോംസൺ, ആന്മരിയ
രാജ്യസേവനത്തിനു ശേഷം നാട് സേവനവുമായി കല്ലറക്കാരുടെ സ്വന്തം ജോണി തോട്ടുങ്കൽ
കല്ലറ പുത്തൻ പള്ളി ഇടവകാംഗമായ ശ്രീ . ജോണി തോട്ടുങ്കൽ 1981 മുതൽ 2001 വരെ 20 വര്ഷം മിലിറ്ററി സർവീസിൽ രാജ്യ സേവനം നടത്തിയതിനു ശേഷം തിരികെ നാട്ടിൽ എത്തി സ്വന്തം നാട്ടുകാർക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെക്കുകയായിരുന്നു. കൃഷിക്കാർ ഭൂരിപക്ഷമുള്ള കല്ലറ പഞ്ചായത്തിൽ സാധാരണക്കാർക്കായി എപ്പൊഴും എന്ത് സഹായവും ചെയ്യാൻ ഒരു മടിയുമില്ലാതെ മുൻപന്തിയിൽ തന്നെ അദ്ദേഹം കഴിഞ്ഞ 20 വര്ഷമായി ഉണ്ട്. സമുദായ രംഗത്ത് കെ സി സി യുടെ അതിരൂപത വൈസ് പ്രസിഡന്റ് ആയി സേവനം ചെയ്തിട്ടുണ്ട് .2005 മുതൽ 3 ടേമുകളിൽ കല്ലറ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധിയായി സേവനം ചെയ്യുന്നു. 2011 – 2013 കാലഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു, വീണ്ടും 2020 ൽ പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു . 2018 ലെ അതിരൂക്ഷമായ പ്രളയ കാലത്തു കല്ലറ പഞ്ചായത്തിലെ ദുരിതമനുഭവിച്ച ജനങ്ങളെ വിവിധ ക്യാമ്പുകളിൽ താമസ സൗകര്യം ഒരുക്കുവാനും അവർക്കു വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തുനൽകുവാനും ജോണി നേതൃത്വം നൽകി. അതുപോലെ വീടില്ലാത്തവർക്കായി സർക്കാർ ഏർപ്പെടുത്തിയ ലൈഫ് ഭവന പദ്ധതിക്ക് വീട് പണിക്കാവശ്യമായ തൊഴിലാളികളെ സൗജന്യമായി നൽകി ഏകദേശം 100 ഓളം വീടുകൾ പെട്ടെന്ന് തന്നെ തീർക്കുവാൻ സഹായിച്ചു .കോവിഡ് വ്യാപനം തുടങ്ങിയ സമയത്തു തന്നെ പഞ്ചായത്തിൽ ക്വാറന്റൈൻ സെന്റർ തുറക്കുകയും അവിടെനിന്നും കോവിഡ് രോഗികളെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്സെന്ററുകളിലേക്കു അയ്യക്കുവാനുള്ള ഏർപ്പാടുകൾക്കു മുന്പിട്ടിറങ്ങി . അതുപോലെ കോവിഡ് സെന്ററിലേക്കുള്ള ഭക്ഷണം ജനത സമൂഹ അടുക്കള വഴി സമയാസമയങ്ങളിൽ കൊടുക്കുവാൻ നേതൃത്വം നൽകി. ഇപ്പോൾ കല്ലറ പഞ്ചായത്തിൽ ഒരു ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കുവാനുള്ള നടപടികൾ നടത്തിക്കൊണ്ടിരിക്കുന്നു . വീട്ടിൽ അടിസ്ഥാന സൗകര്യമില്ലാത്ത കോവിഡ് രോഗികളെ ഈ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ താമസിപ്പിക്കുവാനുള്ള നടപടികൾ ചെയ്തു വരുന്നു .കല്ലറ പഞ്ചായത്തിൽ രക്തം ആവശ്യമായി വരുന്ന പാവപെട്ട രോഗികൾക്കായി രക്തദാന സംഘം പഞ്ചായത്തിൽ രൂപീകരിക്കുകയും സന്നദ്ധരായ ചെറുപ്പക്കാരുടെ ഡീറ്റെയിൽസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട് .ഭൂരഹിതർ ആയിട്ടുള്ളവർക്കു വീട് വയ്ക്കുവാൻ സ്ഥലം മേടിക്കുവാൻ പഞ്ചായത്ത് സഹായം നൽകുവാൻ മുൻകൈ എടുത്തു .പഞ്ചായത്തിലെ 65 വയസു കഴിഞ്ഞ വൃദ്ധജനങ്ങൾക്കായി ‘വൃദ്ധരുടെ പകൽ വീട് ‘ എന്ന ഒരു സ്ഥാപനം തുടങ്ങുവാൻ നേതൃത്വം കൊടുക്കുകയും അവരെ അവിടെ എത്തിക്കുകയും മുഴുവൻ ദിവസത്തെയും ഭക്ഷണം നൽകുകയും കാരംസ് , ടി വി കാണൽ തുടങ്ങി വിനോദങ്ങളിൽ ഏർപെടുവാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നു .ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ അലഞ്ഞു നടക്കുന്ന കല്ലറ പഞ്ചായത്തിലെ എല്ലാവർക്കും സൗജന്യമായി ജനത സമൂഹ അടുക്കളയിൽ നിന്നും ഭക്ഷണം നൽകുവാനുള്ള തീരുമാനത്തിന് മുൻകൈ എടുത്തു. ദിവസേന 50 ഓളം പേര് അവിടെ നിന്നും ഭക്ഷണം കഴിക്കുന്നുണ്ട് . മരുന്ന് മേടിക്കുവാൻ വശമില്ലാത്ത പ്രായം ചെന്ന ആളുകളെ കണ്ടുപിടിച്ച എല്ലാ മാസവും അവർക്കാവശ്യമായ മരുന്നുകൾ കല്ലറ പഞ്ചായത്തിലെ സന്മനസുകളുടെ സഹായത്തോടെ ചെയ്തു വരുന്നു .വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി അംഗൻവാടികൾ തോറും പോഷകാഹാര വിതരണവും , ഡിസബിൾഡ് കുട്ടികൾക്ക് സ്കോളർഷിപ് , പെൻഷൻ തുടങ്ങിയ കാര്യങ്ങൾക്കു നേതൃത്വം നൽകുന്നു . കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി ചേർന്ന് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു