Breaking news

മുത്തോലത്തച്ചൻ പൗരോഹിത്യ റൂബി ജൂബിലി നിറവിൽ

ഷിക്കാഗോ: പൗരോഹിത്യ റൂബി  (40) ജൂബിലി ആഘോഷിക്കുന്ന വെരി റവ. ഫാ. ഏബ്രഹാം മുത്തോലത്തിന് ആദരവും പ്രാർത്ഥനാ മംഗളങ്ങളും നേർന്ന് ആഗോള ക്നാനായ സമൂഹം. ഡിസംബർ 19 ശനിയാഴ്ച്ച വൈകുന്നേരം 5:30 ക്ക്, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ, ഷിക്കാഗോ സെന്റ്. തോമസ് രുപതാധ്യക്ഷൻ മാർ. ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ  വിശേഷത്താലുള്ള അനുവാദത്താൽ റവ. ഫാ. ഏബ്രഹാം മുത്തോലത്തിന്റെ മുഖ്യകാർമ്മികത്വത്തിലും, മാർ. ജേക്കബ് അങ്ങാടിയത്ത് പിതാവ്, ഓക്സിലറി ബിഷപ്പ് മാർ. ജോയി ആലപ്പാട്ട് പിതാവ്, വികാരി ജനറാളന്മാരായ മോൺ. റവ. ഫാ. തോമസ് മുളവനാൽ, മോൺ. റവ. ഫാ. തോമസ് കടുകപ്പള്ളിൽ,  പ്രോക്രൂറേറ്റർ റവ. ഫാ. ജോർജ് മാളിയേക്കൽ, ചാൻസിലർ റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരി എന്നീ 12 വൈദികരോടൊപ്പം ക്യതജ്ഞതാ ബലിയോടെ പൗരോഹിത്യ റൂബി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മാർ. ജേക്കബ് അങ്ങാടിയത്ത് പിതാവ് വചന സന്ദേശവും, വി. കുർബാനയുടെ ആശീർവാദം നൽകി അനുഗ്രഹിക്കുകയും ചെയ്തു. തന്റെ ജീവിതത്തിൽ അർപ്പിച്ച 16000 ത്തിലധികം വിശുദ്ധ കുർബാനകളും, കോട്ടയം കെ. എസ്. എസ്. ഡയറക്ടർ ആയി സേവനം ചെയ്തപ്പോൾ അന്ധ-ബധിര, ഭിന്നശേഷിയുള്ള ദൈവമക്കളെ ശുശ്രുഷിച്ചതും, കമ്മ്യൂണിറ്റി മെഡിക്കൽ സെന്റർ ഹോസ്പിറ്റൽ ചാപ്ളിൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങളുമായിരുന്നു തന്റെ ജീവിതത്തിൽ ഏറെ സന്തോഷം നൽകിയതെന്നും, ഈ ക്ര്യതജ്ഞതാബലി, റൂബി ജൂബിലിക്കുമാത്രമല്ലാ, മാർ. ജേക്കബ് അങ്ങാടിയത്ത് പിതാവ് ക്നാനായ സമൂഹത്തിന്, അദ്ദേഹം ചെയ്ത എല്ലാ നന്മകൾക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനും കൂടിയാണെന്ന് തന്റെ ആമുഹ സന്ദേശത്തിൽ മുത്തോലത്തച്ചൻ അനുസ്മരിച്ചു. കോട്ടയം കെ. എസ്. എസ്. ലുള്ള പ്രവർത്തനങ്ങളാണ് അന്ധ-ബധിര, ഭിന്നശേഷിയുള്ള ദൈവമക്കളെ ശുശ്രുഷിക്കുവാനുള്ള പ്രചോതനമായതുമെന്നും മുത്തോലത്തൻ അനുസ്മരിച്ചു. തുടർന്ന് നടന്ന അനുമോദനയോഗത്തിൽ, മാർ. ജേക്കബ് അങ്ങാടിയത്ത് പിതാവ് ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷൻ ഉദ്‌ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് മാർ. ജോയി ആലപ്പാട്ട് പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തിയതിനുശേഷം ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷൻ വെബ് സൈറ്റ് (www.frabrahamfoundation.org) ഉദ്‌ഘാടനം ചെയ്തു. വി.ജി. മാരായ മോൺ. റവ. ഫാ. തോമസ് മുളവനാൽ & മോൺ. റവ. ഫാ. തോമസ് കടുകപ്പള്ളിൽ, ശ്രീ. തോമസ് നേടുവാമ്പുഴ, കെ.സി.എസ് പ്രസിഡന്റ് ശ്രീ. തോമസ് പുതക്കരി, സാബു നെടുവീട് എന്നിവർ ആശംസാ പ്രസംഗങ്ങൾ അർപ്പിച്ചു. അനുമോദനയോഗം ഹന്ന ചേലക്കൽ, അഞ്ജലി & ക്രിസ്റ്റീന മുത്തോലത്ത് എന്നിവരുടെ മാർത്തോമ്മൻ നന്മയാലോന്നു തുടങ്ങുന്നു എന്ന പ്രാർത്ഥനാഗീതത്തോടെയാണ് ആരംഭിച്ചത്. ടോണി പുല്ലാപ്പള്ളി എം. സി. യായും, സാബു മുത്തോലം സ്വാഗതവും, സണ്ണി മുത്തോലം നന്ദിയും അർപ്പിച്ചു. സീറോ മലബാർ സഭയുടെ തലവനും, പിതാവുമായ കർദിനാൾ മാർ. ജോർജ്ജ് ആലഞ്ചേരി ശ്രേഷ്ഠ മെത്രാപ്പോലീത്ത, ക്നാനായ ഗോത്രത്തലവൻ മാർ. മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത, സഹായ മെത്രാന്മാരായ മാർ. ജോസഫ് പണ്ടാരശ്ശേരി & ഗീവർഗീസ് മാർ അപ്രേം, മാർ. ജോസഫ് പാംപ്ലാനി, മാർ. ജെയിംസ് തോപ്പിൽ, മാർ. ജോർജ്ജ് പള്ളിപ്പറമ്പിൽ, മോൺ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ വീഡിയോ മെസ്സേജിലൂടെ പൗരോഹിത്യ റൂബി ജൂബിലി ആശംസകളും, പ്രാര്തഥനകളും നേർന്നു. കർദിനാൾ മാർ. ജോർജ്ജ് ആലഞ്ചേരി പിതാവ്, വൈദിക ശ്രെഷ്ഠരുടെയും സന്യാസ – അൽമായ പ്രേഷിതരുടെയും, ബന്ധുക്കളുടേയും സുഹ്യുത്തുക്കളുടേയും, മദർ ജനറാൾ സി. സിൽവിരിയൂസ്,  മറ്റ് സിസ്റ്റേഴ്സ് എന്നിവർക്കും, പ്രത്യേകിച്ച് ഷിക്കാഗോ സേക്രഡ് ഹാർട്ട് – സെന്റ്. മേരീസ് ദൈവാലയാംഗങ്ങളുടെ സ്നേഹത്തിനും വാത്സല്യത്തിനും പിന്തുണയ്ക്കും  മുത്തോലത്തച്ചൻ നന്ദി പറഞ്ഞു. തുടർന്ന് വിഭവ സമ്യദ്ധമായ ഭക്ഷണവുമുണ്ടായിരുന്നു.

1954  ഒക്ടോബറിൽ മുത്തോലത്ത് ചാക്കോയുടെയും അച്ചാമ്മയുടെയും മകനായി ജനിച്ച എബ്രാഹത്തിന് ജേക്കബ്, ഗ്രേസി, ജെസീന്ത, വത്സാ, സി. സാലി, ലില്ലി എന്നീ സഹോദരങ്ങളാണുള്ളത്. 1980 ഡിസംബർ 21 ന് കോട്ടയം അതിരൂപതാ പ്രഥമ മെത്ത്രാപ്പോലീത്ത മാർ. കുര്യാക്കോസ് കുന്നശ്ശേരിയുടെ ജൂബിലി നിറവിൽ വൈദികനായി അഭിഷേകം ചെയ്ത മുത്തോലത്തച്ചൻ, ഒരു വൈദികൻ ആരായിരിക്കണം, എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന് സ്വന്തം പ്രവർത്തിപഥത്തിലൂടെ നമ്മുടെ സഭക്കും സമുദായത്തിനും കാണിച്ചുകൊടുത്തുകൊണ്ടിരിക്കയാണ്. 1984 – 1987 കാലയളവിൽ അപ്പനാദേശിലും, 1994 മുതൽ 2000 വരെ, ചൈതന്യയുടെയും, കോട്ടയം കെ. എസ്. എസ്. എന്നിവയുടെ ഡയറക്ടർ ആയും, 1998 – 2000 വർഷങ്ങളിൽ കാരിത്താസ് ആയുർവേദ ആശുപത്രിയുടേയും ഡയറക്ടർ ആയി പ്രശംസനീയമായി സേവനം ചെയ്ത മുത്തോലത്തച്ചനെ 2000 – മാണ്ടിൽ മാർ കുന്നശ്ശേരി പിതാവ് നോർത്ത് അമേരിക്കയിലേക്കയച്ചു. കോട്ടയം കെ. എസ്. എസ്. ഡയറക്ടർ ആയപ്പോഴാണ് കേരള സംസ്ഥാനത്തിന് ഇദംപ്രഥമായ കാർഷിക സ്വാശ്രയസംഘങ്ങൾക്ക് തുടക്കം കുറിച്ചത്. 2001 – 2014 കാലയളവിൽ, ഷിക്കാഗോ സെന്റ്. തോമസ് രുപതാ വികാരി ജനറാളും ക്നാനായ റീജിയൺ ഡയറക്ടറുമായ മുത്തോലത്തച്ചൻ ഏറെ പ്രതികൂല സാഹചര്യങ്ങളിലും പതറാതെ, അത് പ്രചോദനമായി ഏറ്റെടുത്ത് 13 ദൈവാലയ സ്ഥാപനത്തിന് നേത്യത്വം കൊടുത്തത് ഏറെ പ്രശംസനീയമാണ്.

 2006 ൽ മാനസീകവും ശാരീരികവുമായി പാർശ്വവത്കരിക്കപ്പെട്ടവരുടെ പരിശീലനത്തിനും ഉന്നമനത്തിനുമായി, അവരെ സംഘടിപ്പിച്ച് സ്വാശ്രയസംഘങ്ങളുണ്ടാക്കുകയും അവർക്കായി ചെർപ്പുങ്കലിൽ അഗാപ്പെ ഭവൻ നിർമ്മിച്ച് നല്കുകയും ചെയ്തു. മുത്തോലത്തച്ചനാണ് ലോകത്തിന് തന്നെ പ്രചോദനമായ കമ്മ്യൂണിറ്റി ബെയ്‌സ്ഡ് റീഹാബിറ്റേഷൻ (CBR) ആശയത്തിന് രൂപം കൊടുത്തത്. 2008 ൽ അന്ധ-ബധിര ദൈവമക്കളുടേയും സംസ്ഥാന CBR സ്റ്റാഫുകളുടെയും പരിശീലനത്തിനായും, ഗുഡ് സമരിറ്റൻ സെന്റർ നിർമ്മിച്ച് നല്കുകയും, അത് നടത്തിക്കൊണ്ടുപോകുവാനുള്ള വരുമാന സ്രോതസ്സിനായി 2017-ൽ മുത്തോലത്ത് ഓഡിറ്റോറിയം നിർമ്മിച്ച് നല്കുകയും, പൗരോഹിത്യ റൂബി ജൂബിലിയുടെ ഭാഗമായി ഇംപാക്ട് സെന്റർ (IMPACT CENTRE), ഇന്ത്യയിലെ വടക്ക് കിഴക്ക് സംസ്ഥാനമായ അരുണാചൽ പ്രദേശിലെ  ഹസ്സി റുസ്സയിൽ സെന്റ്. ജോസഫ് ദൈവാലയം എന്നിവ നിർമ്മിച്ച് നല്കുകയും ചെയ്തു. ഭിന്നശേഷിക്കാരുടെയും അവരുടെ പരിശീലകരുടെയും താമസിച്ചുള്ള പ്രവർത്തനങ്ങൾക്കും, സാമൂഹികമോ അജപാലനകാരമോ ആയ ക്യാമ്പുകൾക്കും മുത്തോലത്ത് ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നവർക്ക് താമസ സൗകര്യം ഒരുക്കുന്നത്തിനുമാണ് ഇംപാക്ട് സെന്റർ ഉദ്ദേശിച്ചിട്ടുള്ളത്. നാട്ടിൽ അവധിക്കെത്തുന്ന പ്രവാസികളുടെ താൽക്കാലിക താമസത്തിന് ഇതിലെ ആധുനിക സൗകര്യത്തോടുകൂടിയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതാണ്. ഇതിനു പുറമെ മിയാവ് രൂപതയിൽ ഖസം മൊസ്സാഗിൽ വി. പത്രോസ് പൗലോസ് ദൈവാലയം, ഡിയുണിൽ സെന്റ്. ജൂലി ദൈവാലയം, ലോങ്‌ഡിങ്ങിൽ സെന്റ്. ഡോൺ ബോസ്‌കോ ദൈവാലയം, കോറളാങ് വില്ലേജിൽ ഫാ. ക്രീക്കിന്റെയും, ഫാ. ബൗറിയുടേയും ഓർമ്മക്കായി റ്റെസൂ പാരീഷ് എന്നിവ നിർമ്മിച്ച് നല്കുകയും ചെയ്തു.

ഷിക്കാഗോ തിരുഹ്യദയ ഫൊറോനായുടെ വികാരി, കമ്മ്യൂണിറ്റി മെഡിക്കൽ സെന്റർ ഹോസ്പിറ്റൽ ചാപ്ളിൻ, ക്നാനായോളൊജി ഡയറക്ടർ എന്നീ നിലകളിൽ ഇപ്പോൾ സേവനം ചെയ്യുന്ന മുത്തോലത്തൻ തന്റെ വിയർപ്പിന്റെ ഫലമായി ലഭിക്കുന്നത് ശേഖരിച്ച് ഇത്തരം ആതുര സേവനങ്ങൾക്കായി ചെലവഴിക്കുന്നത് കാണുമ്പോൾ “സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, എന്റെ എളിയ ഈ സഹോദന്മാരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എനിക്കു തന്നെയാണ് ചെയ്ത് തന്നത് മത്തായി 25:40” എന്നു, പ്രവർത്തികളില്ലാത്ത വിശ്വാസം നിരർത്ഥതകമാണെന്നും ഉദ്ബോധിപ്പിച്ച യേശുനാഥന്റെ വചനങ്ങളാണ് അന്വർത്ഥകമാകുന്നത്.

മുത്തോലത്തച്ചന്റെ തിരക്കിനിടയിലും അനേകർക്ക് പ്രചോദനമേകുന്ന നിങ്ങൾക്കും നേതാവാകാം, നേത്യുത്വ പരിശീലനം, വൈദിക നേത്യുത്വം, ബൈബിൾ ഗെയിംസ്‌, അന്നാമ്മച്ചേച്ചി അമേരിക്കയിൽ എന്നീ ഗ്രന്ഥങ്ങൾ എഴുതുവാനും സമയം കണ്ടെത്തി. ഏതാനും വർഷങ്ങൾക്ക് മുമ്പ് ലോകചരിത്രത്തിൽ ഇദംപ്രഥമായി ഗസ്റ് ആക്ടറസ്സായ ശ്രീമതി ദിവ്യ ഉണ്ണിയോടൊപ്പം ഇടവകയിലെ കലാപ്രതിഭകളെ മാത്രം ഉൾപ്പെടുത്തി നടത്തിയ സ്റ്റേജ് ഷോയിലൂടെ ഒരു ലക്ഷത്തിലേറെ ഡോളർ സമാഹരിക്കാനായത് അച്ചന്റെ ഇച്ചാശക്തികൊണ്ടുമാത്രമാണ്. ഏറ്റവും നല്ല സോഷ്യൽ പ്രവ്യത്തകനുള്ള ഓൾ ഇന്ത്യഗുഡ് സമരിറ്റൻ അവാർഡ്, കേരളത്തിലെ ഏറ്റവും നല്ല CBR സ്ഥാപനത്തിനുള്ള CBR അവാർഡ്, ചൈതന്യ കാർഷിക മേളയിലെ കേരളത്തിലെ ഏറ്റവും കർഷകനുള്ള കർഷക അവാർഡ്, കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ആനിമേറ്റർ, കോർഡിനേറ്റർ, CBR ഫീൽഡ് പ്രവ്യർത്തകൻ എന്നെ നിലകളിൽ ഏറ്റവും നന്നായി പ്രവർത്തിക്കുന്നവർക്കുള്ള സോഷ്യൽ സർവീസ് ഫീൽഡ് വർക്കർ അവാർഡ്, ഏറ്റവും നല്ല സ്വാശ്രയ കാർഷിക സംഘങ്ങൾക്കുള്ള സെൽഫ്-ഹെൽപ് ഗ്രുപ്പ് അവാർഡ്, ഏറ്റവും നല്ല സ്വാശ്രയ കാർഷിക സംഘ ലീഡർക്കുള്ള സെൽഫ്-ഹെൽപ് ഗ്രുപ്പ് ലീഡർ അവാർഡ് തുടങ്ങിയവയും മറ്റ് പല അവാർഡുകളും സംഭാവന ചെയ്തത് മുത്തോലത്തച്ചന്റെ നിസ്വാർത്ഥ സേവനങ്ങളെ അനുസ്മരിപ്പിക്കുന്നു. മുത്തോലത്തച്ചന്റെ കൂടെയുള്ള തീർത്ഥാടന യാത്രകൾ ക്നാനായ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളേയും ഏറെ വർധിപ്പിച്ചുവെന്ന് അനേകർ അനുസ്മരിച്ചു. ഷിക്കാഗോ തിരുഹ്യദയ ദൈവാലയത്തിന്റെ ദശാബ്ദി വാർഷിക ആഘോഷവേളയിൽ ക്നാനായ ആചാരങ്ങളും പാരമ്പര്യങ്ങളും, ബൈബിളിനെ ആസ്പദമാക്കി അവതരിപ്പിച്ച പ്രസന്റേഷൻ, ഏറെ പ്രശംസനീയവും വിജ്ഞാനപ്രദവുമായിരുന്നു.

യഥാർത്ഥ മിഷിനറിയായും, മിഷൻ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സഹായിക്കുകയും ചെയ്യുന്ന, സമ്പൂർണ്ണ സമർപ്പണത്തിലൂടെയും, നവ മാധ്യമ പ്രവ്യർത്തനത്തിലൂടെയും, സാംസ്‌കാരിക സാമൂഹിക പ്രവർത്തനത്തിലൂടെയും, ദൈവ വചനങ്ങൾ തന്റെ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുകയും ചെയ്ത മുത്തോലത്തച്ചനു പകരം ചുണ്ടിക്കാണിക്കുവാൻ കോട്ടയം ക്നാനായ അതിരൂപതയിലും ഷിക്കാഗോ രൂപതയിലും മാത്രമല്ല ആഗോള കത്തോലിക്കാ സഭയിലും മറ്റൊരു വൈദികരിൽ ഉണ്ടോ ഒന്ന് ഞാൻ സംശയിക്കുന്നു. വൈദീകൻ, ഗ്രന്ഥകർത്താവ്, സാമൂഹികപ്രവ്യത്തകൻ, സംഘാടകൻ, പ്രാസംഗികൻ, ചാപ്ളിൻ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയായ മുത്തോലത്തച്ചന്റെ ലാളിത്യ ജീവിതവും, പ്രാർത്‌ഥനാ-സേവന ജീവിതവും ദീർഘവീക്ഷണവും ഏവർക്കും ഒരു പ്രചോദനവും മാർഗ്ഗദീപവുമാകട്ടെ. സർവശക്തനായ ദൈവം മുത്തോലത്തച്ചന് ദീർഘായുസ്സും ആരോഗ്യവും, സമാധാനവും സന്തോഷവും നൽകി എല്ലാ പ്രവർത്തനങ്ങളെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് ക്നാനായ സമൂഹം പ്രാർത്ഥിക്കുകയും, ആശംസിക്കുകയും ചെയ്യുന്നു.

Facebook Comments

Editor

Read Previous

പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു വായനക്കാരില്‍ നിന്നും നോമിനേഷനുകള്‍ ക്ഷണിക്കുന്നു

Read Next

‌ ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന് മാര്‍ മാത്യു മൂലക്കാട്ട്