കോട്ടയം: ഭക്ഷ്യ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഉപവരുമാന പദ്ധതികള്‍ കണ്ടെത്തി നടപ്പിലാക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നാടന്‍ കോഴിവളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ചെയ്യാവുന്ന വരുമാന പദ്ധതിയായ കോഴി വളര്‍ത്തലിലൂടെ വീടുകളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുവാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ്, അനിമേറ്റര്‍ ആന്‍സമ്മ ബിജു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോവിഡ് അതിജീവനത്തോടൊപ്പം ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി 60 കുടുംബങ്ങള്‍ക്ക് മേല്‍ക്കുരയോടുകൂടിയ കോഴിക്കൂടും 10 കോഴിക്കുഞ്ഞുങ്ങളും അടങ്ങുന്ന യൂണിറ്റുകളാണ് ലഭ്യമാക്കിയത്.