കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫിസിയോതെറാപ്പി സേവനം ആവശ്യമുള്ള ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും ലില്ലിയാനേ ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റല്‍ റീച്ച് ഫിസിയോതെറാപ്പി പരിശീലന പരിപാടിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ നൂറോളം ഭിന്നശേഷിയുള്ളവര്‍ക്കാണ് ഫിസിയോതെറാപ്പി സേവനം ലഭ്യമാക്കുന്നത്. ഭിന്നശേഷിയുള്ളവരുടെ പുനരധിവാസത്തില്‍ ശാസ്ത്രീയ പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരുടെയും ഫിസിയോതെറാപ്പിസ്റ്റിന്റെയും നേതൃത്വത്തില്‍ ഓണ്‍ ലൈന്‍ വീഡിയോകളിലൂടെയും മീറ്റിംഗുകളിലൂടെയുമാണ് ഫിസിയോതെറാപ്പി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ ഭിന്നശേഷിയുള്ളവരുടെ ഭവനങ്ങളില്‍ എത്തിച്ചേര്‍ന്ന് ഫിസിയോതെറാപ്പി സേവനങ്ങള്‍ ലഭ്യമാക്കത്തക്കവിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപനം മൂലം ഫിസിയോതെറാപ്പി സേവനം മുടങ്ങിയ ഭിന്നശേഷിയുള്ളവര്‍ക്കാണ് പദ്ധതിയുടെ സേവനം ലഭ്യമാക്കുന്നത്. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. ഭിന്നശേഷിയുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി സഹായ ഹസ്തമൊരുക്കുവാന്‍ കൂട്ടായ പരിശ്രമങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കുമ്പിക്കന്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഫിസിയോതെറാപ്പിസ്റ്റ് ജിങ്കിള്‍ ജോയി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയാണ്.