മാഞ്ചസ്റ്റര്‍: സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഞായറാഴ്ച ((25.10.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രസുദേന്തി വാഴ്ചയോടെ ആരംഭിക്കും. വിഥിൻഷോയിലെ പ്രസിദ്ധമായ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ച് ആഘോഷങ്ങളില്ലാതെ ഭക്തിപൂര്‍വ്വമായ പാട്ടുകുര്‍ബാന മാത്രമായിരിക്കും നടത്തപ്പെടുക. ബര്‍മിങ്ഹാം ക്‌നാനായ മിഷനിലെ ഫാ. ഷന്‍ഞ്ചു കൊച്ചുപറമ്പില്‍ ആണ് പ്രധാന കാര്‍മ്മികന്‍, ഇടവക വികാരി ഫാ. സജി മലയില്‍പുത്തന്‍പുര സഹകാര്‍മ്മികനാകും. തിരുനാളിനോടനുബന്ധിച്ചുള്ള കൊന്ത കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ വൈകുന്നേരങ്ങളില്‍ സെന്റ് എലിസബത്ത് ദേവാലയത്തില്‍ വച്ച് നടന്നുകൊണ്ടിരിക്കുന്നു. സെന്റ് മേരീസ് മിഷനിലെ 35- ഓളം കുടുംബങ്ങളാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്. തിരുനാളിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ കൈക്കാരന്‍മാര്‍ വുമന്‍സ് ഫോറം, കൂടാരയോഗം പ്രതിനിധികള്‍ ഇവരുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ തിരുനാളില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇടവക കൈക്കാരന്മാരെ ബന്ധപ്പെടേണ്ടതാണ്.